മരണം

*മരണം എത്തുന്ന നേരത്ത് നീ എന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ..

കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍..

ഒടുവിലായ് അകത്തേക്ക് എടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധം ഉണ്ടാകുവാന്‍..*

എത്ര തവണ  കേട്ടാലും ഈ വരികൾ ഉള്ളിൽ ഒരു വിറയൽ പോലെ  മരണം കൊണ്ടുവരും....ഓരോ മരണവും ഓർമ്മയിൽ ഈ വരികൾ കൊണ്ടുവരികയും ചെയ്യും.ഇതിലും ഏറെ  ഭംഗിയായി എങ്ങിനെ നമ്മൾ മരണത്തെ സ്വീകരിക്കും

പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക എങ്കിൽ മാത്രമേ ജീവിക്കാൻ  മോഹം  ഉണ്ടായിരിക്കുകയുള്ളൂ.അവയെല്ലാം ഇല്ലാതാകുന്ന കാലഘട്ടത്തിൽ മരണം ഒരു അനുഗ്രഹമായി തീരുന്നു .മരിക്കുമ്പോഴും മോഹിക്കാൻ എന്തെങ്കിലും ബാക്കി ഉണ്ടാവുകയാണെങ്കിൽ അത് ഒരു ഭാഗ്യം തന്നെ.

അടുത്ത കാലത്തായി മരണം വീടിനു ചുറ്റിനും പമ്മി നടക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട്... ഉറക്കത്തിലും ഉണർവ്വിലും ഒക്കെ അവനെ ഞാൻ കണ്ടിട്ടുണ്ട്... വെളുപ്പിന് ചാരക്കൂനയിൽ ഉറങ്ങുന്ന കറുത്ത പൂച്ചയുടെ നോട്ടത്തിലും..കിണറിന്റെ അരികിൽ നിൽക്കുമ്പോൾ ശരീരത്തിൽ പ്രവഹിക്കുന്ന ചൂടിലും അവന്റെ സാമീപ്യം ഞാൻ അറിഞ്ഞിട്ടുണ്ട് . അവന്റെ കണ്ണുകളിലെ ആർദ്രതയും തണുപ്പും ഇപ്പോഴും എന്റെ ഉള്ളിൽ തന്നെ ഉണ്ട്..ആദ്യം ചെറിയമ്മയെ ഇപ്പോൾ തൊട്ടു പിന്നിൽ താമസിക്കുന്ന അയൽവാസിയെ...ഓർക്കാപ്പുറത്ത് ആണ് അവൻ വരുന്നതും കൊണ്ടുപോകുന്നതും...മരണത്തിനും അപ്പുറം ഒന്നും ഇല്ല എങ്കിൽ പോലും എന്തൊക്കെയോ ഓർമ്മകൾ അവർ ബാക്കി വച്ചിട്ടാണ് മറയുക .

കാവിൽ ജപിച്ചു കൊണ്ടിരിക്കുമ്പോൾ പുറകിൽ വന്നു നിന്ന് നിശബ്ദയായി പ്രാർത്ഥിച്ചു മടങ്ങുന്ന ചെറിയമ്മയുടെ പാദപതനം ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന എന്റെ ചെവികളിൽ ഇപ്പോഴും പതിയാറുണ്ട്.തിരിഞ്ഞു നോക്കാതെ തന്നെ ആ സാന്നിധ്യം ഞാൻ അറിയാറുണ്ട്.

വേനലിൽ മുറ്റത്തു പൊഴിഞ്ഞു വീഴുന്ന അതി മധുരമുള്ള മാമ്പഴം മുഴുവൻ പെറുക്കി രാവിലെ മുറ്റത്തു കൊണ്ടു വച്ചു മറയുന്ന എന്റെ പ്രിയ അയൽവാസി..  അടുത്ത  മാമ്പഴക്കാലം വരെ കാത്തുനിന്നില്ല. പൊഴിഞ്ഞു വീഴുന്ന നാട്ടുമാവിലെ മാങ്ങകൾ ഇനി ആരു കൊണ്ടുവന്നു തരും എന്നൊരു ചോദ്യം ബാക്കിയാക്കി അദ്ദേഹവും കടന്നുപോയി.

അടുത്തത് ആര്... നീ ഇനി ആരെയാണ് കണ്ടു വച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് നേർത്ത പുഞ്ചിരി സമ്മാനിച്ചു അവനും എന്നെ കടന്നുപോയി.. ഇന്ന് ഞാൻ നാളെ നീ എന്ന വരികൾ എന്റെ ഉള്ളിൽ  ഉച്ചത്തിൽ ഉയർന്നു താഴ്ന്നു.

Comments