ഇനി ഒരു ജന്മം ഉണ്ടെങ്കിൽ...
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് പീലികോട്ട് വെങ്ങാക്കാട്ട് നടക്കുന്ന പേരുംകളിയാട്ടം കാണണം.21 വർഷത്തിൽ ഒരിക്കൽ മാത്രം കാണാനാവുന്ന ഈ കളിയാട്ടക്കാവിൽ അലഞ്ഞു തിരിയണം മംഗലക്കുഞ്ഞുങ്ങൾക്കൊപ്പം എഴുന്നള്ളുന്ന വേങ്ങാട്ടമ്മയുടെ തോറ്റം കാണാൻ കസവു സെറ്റുടുത്തു മണ്ണിൽ ചമ്പ്രം പടിഞ്ഞിരിക്കണം.. ഒടുവിൽ ഭഗവതിയുടെ തിരുമുടി ഉയരുമ്പോൾ കുരവയിട്ടു മനസ്സിൽ ആർത്തു വിളിക്കണം,വരും ഞാൻ. .ഈ കാവിൽ ....കൊടി ഉയരുമ്പോൾ.....താളം മുറുകുമ്പോൾ. ..കാറ്റായി... കുളിർ തെന്നലായി.....
എനിക്ക് കാണണം കണ്ഠനാർ കേളൻ ദൈവത്തിന്റെ *അഗ്നിപ്രവേശനം*.അതിന്റെ ചൂടും വെളിച്ചവും ഹൃദ്യത്തിൽ നിറക്കണം. കാവുകൾ തോറും കയറിയിറങ്ങണം. അരങ്ങിലെയും അണിയറയിലെയും കാഴ്ച്ചകൾ കാണണം. വർഷങ്ങൾക്ക് ശേഷം വിരുന്നു വരുന്ന ഈ ഉത്സവത്തിന്റെ ആചാരങ്ങൾ അനുഷ്ടാനങ്ങൾ നടത്തുന്നവരെ കണ്ടു തൊഴണം..... നന്ദി പറയണം പുതിയ തലമുറയ്ക്കായി കാത്തുസൂക്ഷിച്ചതിന്....
ഇനിയൊരു ജന്മമുണ്ടെങ്കിൽ കണ്ണ് നിറയെ കാണണം, പൂത്തുലയുന്ന കുറിഞ്ഞിക്കാടുകളെ. വാസനിക്കണം ,അതിന്റെ പൂക്കളിഒ
ലൊന്നിനെ.. ആവാഹിക്കണം അതിന്റെ സുഗന്ധത്തിനെ... വരയാടിൻ കുഞ്ഞുങ്ങളോടൊപ്പം ഓടിക്കളിക്കണം...... ഇനിയൊരു ജന്മമുണ്ടെങ്കിൽ പൊഴികളിൽ ചെല്ലണം..കടലിൽ രൗദ്രത്തിരകളിൽ അലിയുന്ന കായലോളങ്ങളെ കാണണം..അവയെ തൊട്ടു തഴുകണം. ചെളികുത്തി കെട്ടിപ്പൊക്കിയ കായൽ നിലങ്ങളിലെ തുരുത്തിലെ കൊച്ചു വീട്ടിൽ മണ്ക ലത്തിൽ പാകം ചെയ്തു കഴിക്കണം.അവിടത്തെ ചേറിന്റെ മണത്തിലും നിലാവിന്റെ ഭംഗിയിലും അലിഞ്ഞു ചേരണം....നിലാവുള്ള രാത്രിയിൽ തുടിയുടെ ശബ്ദത്തോടൊപ്പം ഉയർന്നു കേൾക്കുന്ന നാടൻ ശീലുകൾക്കൊപ്പം ചുവടുകൾ വെക്കണം....മഞ്ഞു പെയ്യുന്ന മരക്കൂട്ടങ്ങൾക്ക് നടുവിൽ ഉയരമുള്ള മരത്തിൽ കെട്ടിയ ഏറുമാടത്തിനുള്ളിൽ കാപ്പികുടിച്ചു കാടിന്റെ ശബ്ദങ്ങൾ കേട്ട് ഉറങ്ങണം....ശാന്തമായി....ഇനി ഒരിക്കലും ഉണരാതെ.....
Comments
Post a Comment