അലസനിമിഷങ്ങൾ.
lചില ദിവസങ്ങളിൽ അങ്ങിനെ ആണ്.രാവിലെ ഉണർന്നാലും ഉത്സാഹം ഉണ്ടാവില്ല.കണ്ണുകൾ പൂർണ്ണമായും തുറക്കാൻ വയ്യാത്ത ക്ഷീണം.മുറ്റത്തെ തക്കാളിയിലെ പൂക്കളും ആദ്യമായി ഉണ്ടായ കുഞ്ഞു പാവയ്ക്കയും മഞ്ഞു തുള്ളികൾ വീണുകിടക്കുന്ന ചീരച്ചെടികളും വെയിൽ വീണ് കിടക്കുന്ന മുറ്റവും ഒന്നും മനസ്സിനെ ഉണർത്തില്ല. പതിവായി വന്നു ഒച്ചയിട്ട് ബഹളം വച്ചു കടന്നുപോകുന്ന കരിയിലക്കിളികൾ പതിവുപോലെ ഒച്ചവെച്ചു കടന്നു പോയി.തളിരിലകൾ തിന്നാൻ വന്ന കുയിലുകൾ കുറേനേരം ഉച്ചത്തിൽ കൂവി പറന്നുപോയി.കൽപാത്രത്തിൽ നിറച്ചു വെച്ച വെള്ളത്തിലെ പതിവ് നീരാട്ടിനായി എത്തിയ കാക്കയും ഉപ്പനും കുരുവികളും ഒന്നും എന്നെ ആകർഷിച്ചില്ല.
ഫേസ്ബുക്കിലെ ചാറ്റ് ബോക്സിൽ ഗൂഡ്മോർണിങ് പറഞ്ഞെത്തുന്ന അജ്ഞാത സുഹ്‌റുത്തുക്കൾക്കെല്ലാം സുപ്രഭാതം പറഞ്ഞു തീർന്നിട്ടും എന്തോ അജ്ഞാതമായ സങ്കടവും വിഷമവും എന്നെ ചൂഴ്ന്നു നിൽക്കുന്നതെന്തേ????
കുറിപ്പുകൾക്ക് അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമായി എത്തിയ ചങ്ങാതിമാരുടെ കൂട്ടത്തിൽ ആരെയോ കുറേനേരം തിരഞ്ഞു സമയം കളഞ്ഞു. ജോലിയെല്ലാം ഒതുക്കി ഒരു ചെറു മയക്കാത്തിനായി ഒരുപാട് നേരം കാത്തിരുന്നിട്ടും കണ്പോളകൾ അടയുന്നില്ല.
കേൾക്കുന്ന പാട്ടുകളോ ഭക്ഷണമോ രുചിക്കുന്നില്ല അജ്ഞാതമായ ഏതോ ഒരു സങ്കടം നിറഞ്ഞു നിറഞ്ഞു എന്റെ ഹൃദ്‌യം മൂടുന്നുവല്ലോ?
Comments
Post a Comment