പുതിയൊരു പുലരി

മഞ്ഞിന്റെ പുതപ്പിട്ടു മൂടിയാണ് ഇപ്പോൾ പ്രഭാതം വിരുന്നെത്തുന്നത്..പതുക്കെ തുറക്കുന്ന അടുക്കള വാതിലിന് മുന്നിൽ പ്രകാശം മടിപിടിച്ചെത്തുമ്പോൾ തണുപ്പ് ഓടി ചാടി എത്തി എന്നെ പൊതിയുന്നു. അകലെ നിന്ന് വീശുന്ന തണുത്ത ഈർപ്പം നിറഞ്ഞ കാറ്റിൽ പറക്കുന്ന മുടിയിഴകൾ കോതിയൊതുക്കി പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പടിഞ്ഞാറെ മാനത്തു ചന്ദ്രൻ മറഞ്ഞു തുടങ്ങിയിരിക്കും..കിഴക്കേ മാനത്തു വെളിച്ചം വിതറി ഒരു വലിയ നക്ഷത്രം പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.
തണുത്ത കാറ്റിൽ അകലെ നിന്ന് അരിച്ചരിച്ചു എത്തുന്ന വെങ്കിടേശ്വര  സുപ്രഭാതത്തിന്റെ അലകൾ പുതിയ പുലരിയെ സ്വാഗതം ചെയ്യുന്നു.

വിഷു കഴിഞ്ഞു വിരുന്നു പോയ എന്റെ കുയിൽ ചങ്ങാതി തിരികെ വന്നിട്ടുണ്ട്.ഇരുട്ടിൽ കുളമാവിന്റെ  കൊമ്പിൽ ഇരുന്ന് കുഹു.. കുഹു എന്ന് കൂവി അവൻ ഇവിടുണ്ട് എന്ന് വിളിച്ചറിയിക്കുന്നു.പകൽ മുഴുവൻ മാവിന്റെ തളിർ ഇലകൾ എല്ലാം കൊത്തിപ്പറിച്ചു കഴിയുമ്പോൾ അവൻ കൾച്ചട്ടിയിലെ വെള്ളത്തിൽ നീരാട്ടും നടത്തും.

പ്രഭാതത്തിലെ തിരക്കുകൾ കഴിഞ്ഞു കാവിലെ വിളക്കുകൾ തേച്ചു പൂജയും ജപവും കഴിഞ്ഞു ഇന്ന് സ്കൂളിൽ എത്തിയപ്പോൾ എന്നെയും കാത്തു ടോട്ടോച്ചാന് നിൽപ്പുണ്ടായിരുന്നു .അവളിപ്പോൾ ക്ലാസ്സിൽ ഇരിക്കാൻ പഠിച്ചു തുടങ്ങി.എഴുതി പഠിച്ച പുസ്തകങ്ങൾ പരിശോധിച്ചു കൊണ്ടിരുന്ന എന്റെ ശ്രദ്ധ തെറ്റിയപ്പോൾ അവൾ അതെല്ലാം എടുത്തുകൊണ്ടുപോയി.

അക്ഷരങ്ങൾ എല്ലാം വടിവൊത്ത കൈയ്യക്ഷരത്തിൽ ഭംഗിയായി എഴുതുന്നുണ്ട്.എന്താണ് എന്റെ ടേബിളിൽ നിന്ന് പുസ്തകങ്ങൾ ചോദിക്കാതെ എടുത്ത്തത് ..അത് ശരിയായോ എന്നു ചോദിച്ചപ്പോൾ മിണ്ടാതിരുന്നെങ്കിലും അടുത്ത തവണ അടുത്തുവന്ന് Mam may i take this book?എന്ന് ചോദിക്കാൻ ഉള്ള വകതിരിവ് അവൾ കാണിച്ചു. കുട്ടികൾ അങ്ങനെയാണ് മണ്ണിൽ വരച്ച അക്ഷരങ്ങൾ പോലെ..വേഗം മായിക്കും..തിരുത്തും.നമുക്കും അതുപോലെ മനസ്സിലെ ചിന്തകൾ മായ്ച്ചു കളയാൻ ആയെങ്കിൽ...🤔🤔🤔

തിരിച്ചു പോരുമ്പോൾ പുറത്ത് വെയിൽ കത്തിക്കാളുന്നു..റോഡിനരികിൽ    പച്ചക്കറികൾ ഫലവർഗ്ഗങ്ങൾ ബിരിയാണി,കുലുക്കി സർബത് എന്നിവ വിൽപ്പനക്ക് വച്ചിരിക്കുന്ന കൊച്ചുകട കളിൽ ആളുകൾ ചൂടിന് ആശ്വാസം തേടി തിങ്ങിക്കൂടുന്നു.വീടിനുള്ളിൽ അല്ലെങ്കിൽ സുഖമായി ഫർനിഷ് ചെയ്ത മുറികളിൽ ഫാനിന് ചുവട്ടിൽ ഇരിക്കുന്ന നമ്മൾ ചുറ്റും നടക്കുന്ന പലതും കാണുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിരിക്കുന്നു.

പകലിലെ പൊള്ളുന്ന ചൂട് വൈകുന്നേരം അരിച്ചെത്തുന്ന  തണുപ്പിൽ അലിഞ്ഞു തീരുന്നു .കാവിൽ കൊളുത്തിവച്ച വിളക്കിൽ നിന്നുള്ള പ്രകാശത്തിൽ വീട്ടിലേയ്ക്ക് തിരിച്ചു വരുമ്പോൾ ഇരുട്ടുമൂടി നിൽക്കുന്ന മാവിൽകൊമ്പിൽ തിളങ്ങുന്ന കണ്ണുകളുമായി അവൻ എനിക്ക് കൂട്ടിരിക്കും ഉം...എന്ന നീട്ടിയുള്ള മൂളലിലൂടെ അവന്റർ സാന്നിധ്യം അവനെന്നെ അറിയിക്കും..മുറ്റത്തെ ചന്ദനമരത്തിൽ ചേക്കേറുന്ന എന്റെ കുയിൽ ചങ്ങാതി ഇടയ്ക്കിടെ ഉള്ള  ബഹളങ്ങൾ ഒതുക്കി ഉറക്കം തുടങ്ങി..

ജീവിതത്തിന്റെ ആയുസ്സിന്റെ നീളത്തിൽ ഒരു ദിവസം കുറഞ്ഞു എന്നു ഓർത്തു കൊണ്ട് അടുത്ത പ്രഭാതത്തിൽ ഉണരുമോ എന്നൊരു നിശ്ചയവും ഇല്ലാതെ ഞാനും പുതിയ രാത്രിക്കായി തയ്യാറെടുത്തു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ