ഒരു അഡാർ പ്രണയം.


രാത്രി മൂന്നുമണി കഴിഞ്ഞു.ഇനിയും ഉറക്കം വന്നില്ല.ചീവീഡിന്റെ രീ റീ ശബ്ദവും പേരറിയാത്ത രാക്കിളികളുടെ ശബ്ദവും കേൾക്കാം.നാളെയാണ് ആ ദിവസം... നാളെ അവൾ വീടുവിട്ടിറങ്ങുകയാണ്.അച്ഛനേയും അമ്മയെയും കൂടപ്പിറപ്പുകളെയും തീരാ അപമാനത്തിൽ ആക്കി. രവിയേട്ടന്റെ കൂടെ...കുറെ വർഷങ്ങൾ ആയി അടുത്തറിയും....എന്നാലും പ്രണയം തുടങ്ങിയിട്ട് നാലഞ്ചു വർഷങ്ങൾ ആയി. വീട്ടിൽ അറിഞ്ഞപ്പോൾ അമ്മ പറഞ്ഞു ....

സ്വന്തമായി  വീട് ...ജോലി ഒന്നും ഇല്ലാതെ...ശരിയായ വിദ്യാഭ്യാസമില്ലാത്ത ഒരാളുടെ കൂടെ നീ എങ്ങിനെ ജീവിക്കും?പഠനം പൂർത്തിയാക്കി ജോലി നേടാൻ പറ അവനോട്. പറഞ്ഞപ്പോൾ പുച്ഛമായിരുന്നു രവിയേട്ടന്. നിനക്ക് എന്നെ വിശ്വാസം ഇല്ലേ, കുടുംബത്തിന്റെ അന്തസ്സിന് അനുസരിച്ച് ഉള്ള ജോലി വേണം.ഇല്ലെങ്കിലും അന്തസ്സായി നിന്നെ പോറ്റാൻ എനിക്ക്‌ അറിയാം.ഡ്രൈവർ ജോലി ചെയ്‌താണെങ്കിലും  നിന്നെ ഞാൻ പോറ്റും.

വർഷങ്ങൾ കടന്നുപോയി എന്നിട്ടും ഒരു തീരുമാനവും ആവാത്തത് കൊണ്ടാണ്  വീട്ടുകാർ വേറെ ആലോചന തുടങ്ങിയത്.കഴിഞ്ഞ ആഴ്ച്ച വന്നുകണ്ട ചെറുപ്പക്കാരനോട് എല്ലാം തുറന്നു പറഞ്ഞിട്ടും തന്നെ വിവാഹം ചെയ്യാൻ സമ്മതം ആണെന്ന് വിളിച്ചു പറഞ്ഞുവത്രെ.പിന്നെ ഒരു സമാധാനവും കിട്ടിയില്ല. നാളെ രാവിലെ കാറുമായി സിറ്റി ഹോസ്പിറ്റലിന് മുന്നിൽ വന്ന് തന്നെ കൊണ്ടുപോയില്ലെങ്കിൽ ഇനി ഒരിക്കലും തമ്മിൽ കാണില്ല എന്ന് തന്നെ വിളിച്ചു പറഞ്ഞു.കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. മറുപടി ഒന്നും പറഞ്ഞില്ല ,അമ്പരന്നു പോയിക്കാണും.

അത്യാവശ്യം പൈസയും ആഭരണങ്ങളും മാത്രം എടുത്തു.അമ്മക്ക് ഒരു കത്ത് എഴുതി മേശപ്പുറത്ത് വച്ചു.ഇനി കുളിച്ചൊരുങ്ങിയാൽ മാത്രം മതി. രാവിലെ തന്നെ ഉണർന്നു.കുളിച്ചു പച്ചയിൽ വെള്ള embrodary ചെയ്ത ചുരിദാർ ഇട്ടു.അമ്മയോട്  യാത്ര പറഞ്ഞു പതിവുപോലെ ഇറങ്ങി.കമ്പ്യൂട്ടർ സെന്റര് നു അടുത്തു വച്ചു തന്നെ രവിയേട്ടന്റെ ചങ്ങാതിയെ കണ്ടു.എന്താ വൈകിയേ എന്ന ചോദ്യത്തോടൊപ്പം രവി ആ വെള്ള കാറിൽ ഇരിപ്പുണ്ട് എന്നും പറഞ്ഞു തീർത്തു. പിന്നെ ഓടുകയായിരുന്നു.ഒരുവിധത്തിൽ കാറിൽ കയറി.പുറകിലെ സീറ്റിൽ രവിയേറ്റൻ ഇരിപ്പുണ്ട്,വിളറി വെളുത്ത്. വന്നല്ലോ ,എന്നോട് സ്നേഹമുണ്ട്.കാറുമായി വന്നല്ലോ കൃത്യസമയത്ത്.കണ്ണടച്ചു ശ്വാസം നീട്ടിവലിച്ചു കിടന്നു.ഇവിടുന്ന് ലൈഫ്റ് പാർക്ക്.എന്നു ഡ്രൈവറോട് പറയുന്നത് കേട്ടാണ് കണ്ണു തുറന്നത്. തന്റെ അമ്പരപ്പ് കൊണ്ടാവണം പറഞ്ഞത്.ഗീതു ,എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...  താൻ രവിയേട്ടന്റെ കൈകൾ കൂട്ടിപിടിച്ചു ഉറക്കെ പറഞ്ഞു. ..വേണ്ട രവിയെട്ടാ... നമുക്കു എവിടെ എങ്കിലും ദൂരെ പോവാം.. .ഗീതു pls നീ ഞാൻ പറയുന്നത് കേൾക്ക്...നിന്നെ ഞാൻ എവിടെ  കൊണ്ടുപോവാൻ ആണ്.എന്റെ കൈയ്യിൽ പൈസ ഇല്ല ,ജോലി ഇല്ല.അമ്മ വീട്ടിൽ കേറ്റിയില്ലെങ്കിൽ എന്തു ചെയ്യും...നീ എന്നോട് ക്ഷമിക്കണം.ഇങ്ങിനെ പെട്ടെന്നിറങ്ങി വന്നാൽ ഞാൻ എന്ത് ചെയ്യും.രവിയേട്ടൻ കൈകൾ തലയിൽ താങ്ങി  അനങ്ങാതെ ഇരിക്കുകയാണ്.

അവൾ അവൻ പറഞ്ഞത് ഒന്നും കേട്ടില്ല....ശബ്ദം നഷ്ടപ്പെട്ടപോലെ തുറിച്ചു നോക്കി.അവൻ പറയുന്നുണ്ട്.നീ ഇന്ന് വീട്ടിൽ തിരിച്ചുപോ.എന്തെങ്കിലും പറഞ്ഞു വിവാഹം മുടക്ക്.നമുക്ക് പിന്നീട് സംസാരിക്കാം...എന്നൊക്കെ.

ദൈവമേ ,താൻ എന്തു മണ്ടത്തരം ആണ് ചെയ്തത്.ഒരു കൊച്ചു കുഞ്ഞിനെ പോലെ ദുർബലനായ ഒരാളെ കണ്ടിട്ടാണോ താൻ എല്ലാം ഉപേക്ഷിച്ചു ഇറങ്ങിയത്?ഇവനിൽ താൻ എന്താണ് കണ്ടത്? ഒരു വലിയ കരച്ചിൽ തൊണ്ടയിൽ വിങ്ങി നിറഞ്ഞു .അവൾക്ക് എണീറ്റ് ഓടണം എന്നു തോന്നി.അവൾ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി....അവൻ പുറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.. ഗീതു....നീ എന്താണ് ഒന്നും മിണ്ടാത്തത്.നീ എന്താണ് എന്നെ വിട്ട് പോകുന്നത് എന്നൊക്കെ....അവൾ തിരിഞ്ഞു നോക്കിയില്ല.

ആദ്യം കണ്ട ബസിൽ കയറി വീട്ടിലെത്തി.'അമ്മയ്ക്ക് എഴുതി വച്ച കത്തു എടുത്തു വലിച്ചു കീറിക്കളഞ്ഞു. ഭാഗ്യം അതു ആരും കണ്ടില്ല. പിന്നെ പതുക്കെ നടന്ന് ഫോൺ എടുത്തു. ...തന്നെ കാണാൻ വന്ന ചെറുപ്പക്കാരന്റെ ശബ്ദം കേട്ടതും ..എനിക്ക് സമ്മതമാണ്....എന്നുമാത്രം പറഞ്ഞു ഫോൺ വച്ചു. പിന്നെ കട്ടിലിൽ കയറി നീണ്ടു നിവർന്ന് കിടന്നു...ഒരു കൊച്ചു കുഞ്ഞിനെപോലെ....ഭാരമില്ലാത്ത മനസ്സുമായി.. അവൾ ഉറങ്ങി.. .മണിക്കൂറുകളോളം....പുതിയ ഒരാളായി ഉണരാൻ.  .....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ