ഒരു കുഞ്ഞു നൊമ്പരം.
ഗ്രാമത്തിലെ കുളം വളരെ വലുതാണ്.രണ്ടോ മൂന്നോ ഏക്കറിൽ പറന്നു കിടക്കുന്ന ദീർഘചതുരകൃതിയിൽ ഉള്ള പടവുകൾ അവയ്ക്കുണ്ട്. ശുദ്ധജലം ഒഴുകി വരാനും മലിനജലം പാടത്തേക്ക് ഒഴുകി പോവാനുമുള്ള സംവിധാനങ്ങളും ഉണ്ട്. മഴക്കാലത്തു മഴവെള്ളം തോടുകളിലൂടെ ഒഴുകി വന്ന് കുളം നിറയും.വേനലിൽ പോത്തുണ്ടി ഡാമിലെ വെള്ളം കൃഷിക്കായി തുറന്നു വിടുമ്പോൾ ആ വെള്ളം കൈത്തോടുകളിലൂടെ ഒഴുകിയെത്തി കുളം വൃത്തിയാക്കപ്പെടുന്നു. ഉച്ചമയക്കത്തിനായി എല്ലാവരും കയറുമ്പോൾ കുളപ്പടവിൽ ഒറ്റയ്ക്ക് ഇരിക്കുക അമ്മുവിന്റെ ശീലമാണ്.ആലിൽ നിന്നു വീശിയെത്തുന്ന തണുത്ത കാറ്റിൽ കാൽപാദങ്ങൾ വെള്ളത്തിൽ മുക്കിവെച്ചിരിക്കാൻ നല്ല സുഖമാണ്.
അപ്പോൾ കുളപ്പടവുകൾ വിജനമായിരിക്കും.ഒച്ചയും അനക്കവുമില്ലാത്ത കുളത്തിൽ കുഞ്ഞു മീനുകളും ഒച്ചുകളും ആണ് അമ്മുവിന് കൂട്ടുകാർ. ആലിന്റെ ഇലകൾ കാറ്റിൽ ഉലയുന്ന നേർത്ത ശബ്ദം മാത്രം കേൾക്കാം.ചെമ്മണ്ണിൻ നിരത്തിലൂടെ കടന്നുപോകുന്ന വേലുവിന്റെ കാളവണ്ടിയിൽ നിന്നും കുടമണികളുടെ കിലുക്കം കേൾക്കാം. വണ്ടിയുടെ അടിയിൽ ഒരു റാന്തൽ വിലക്ക് കെട്ടിത്തൂക്കിയിരിക്കും.താഴെ ഉള്ള പുൽത്തൊട്ടിയിൽ അവയ്ക്കുള്ള പുല്ലോ വൈക്കോലോ എപ്പോഴും നിറഞ്ഞിരിക്കും. കുളത്തിന്റെ മതിലിനു മുയരത്തിൽ വേലുവിന്റെ തലയിൽ കെട്ടും കാളകളുടെ ചുവന്ന കൊമ്പുകളും കാണാം.അവ കടകട ശബ്ദത്തോടെ ആൽമരങ്ങളും സർപ്പത്തറയും പട്ടന്മാരുടെ ഊട്ടുപുരയും കടന്ന് ശിവന്റെ അമ്പലം ചുറ്റി കുളത്തിന്റെ മറുകരയിലൂടെ ദൂരെ ഒരു പൊട്ടായ് മറയുന്നതുവരെ അമ്മു നോക്കിയിരിക്കും.
പടവുകളിൽ സോപ്പിന്റെ കഷ്ണങ്ങൾ പതിച്ചു വച്ചിരിക്കുന്നത് കാണാം.പടവുകളുടെ വശങ്ങളിൽ പായലുകൾ പറ്റിപ്പിടിച്ചിരിക്കും. വെള്ള കല്ലുപതിച്ച കുഞ്ഞു കുഞ്ഞു മത്സ്യങ്ങൾ അമ്മുവിന്റെ കാലിൽ കൊത്തിക്കളിക്കും. കൈയ്യിൽ കരുതിയ ചൊറിൻവറ്റുകൾ അവയ്ക്കായി അല്പാല്പമായി വിതറിക്കൊടുത്തു അവ വഴക്കുകൂടി തിന്നുന്നതും നോക്കിയിരിക്കുമ്പോൾ ആണ് ദേവി ചേച്ചി വരിക.
ദേവിച്ചേച്ചി വീട്ടിലെ വേലക്കാരിയാണ്.ഉച്ചയൂണ് കഴിഞ്ഞു പത്രങ്ങൾ എല്ലാം കുട്ടയിൽ ആക്കി വെച്ചിരിക്കും.ദേവിച്ചേച്ചി വന്നാൽ ഉടനെ പത്രങ്ങൾ തെങ്ങിൻ ചോട്ടിൽ കൊണ്ടുവച്ചു വെള്ളം ഒഴിച്ചു കുതിരാൻ വയ്ക്കും .പിന്നെ അടുക്കളയിൽ ചെന്ന് കിണ്ണത്തിൽ സ്വയം ചോറും കറികളും വിളമ്പി ഉണ്ണും. മിച്ചം വരുന്ന ചോറും കറികളും വീട്ടിൽ കൊണ്ടുപോവാനായി തൂക്കുപത്രത്തിൽ നിറയ്ക്കും. പിന്നെ വലിയ കുട്ടകങ്ങളിൽ കിണറ്റിൽ നിന്നും വെള്ളം കോരി നിറച്ചു വെയ്ക്കും. അതു കഴിഞ്ഞു വന്നു മതിലിനു മുകളിൽ കാത്തിരിക്കുന്ന അമ്മുന് പപ്പരങ്ങാ പൊട്ടിച്ചു തൊലി ചെത്തി വൃത്തിയാക്കി തരും. അമ്മു കുളത്തിന്റെ അരികിലെ മതിലിനു മുകളിൽ ഇരുന്ന് അതു രുചിയായി തിന്നുമ്പോൾ ആണ് ദേവിച്ചേച്ചി സിനിമ കഥകൾ നാട്ടുവിശേഷങ്ങൾ ഒക്കെ പറഞ്ഞു തരിക. അതിനൊപ്പം ദേവിച്ചേച്ചി പാത്രങ്ങൾ തേച്ചു വൃത്തിയാക്കി എടുക്കുകയും ചെയ്യും. പാത്രം തേക്കുന്ന തെങ്ങിന്റെ അടുത്തായി ഒരു വലിയ പപ്പായ മരവും അടുക്കു ചെമ്പരത്തിയും ഉണ്ട്.അമ്മുന് നല്ലോണം പഴുത്ത പപ്പരങ്ങാ ഇഷ്ടമല്ല.ചെനച്ചു തുടങ്ങിയ ചെറിയ മധുരം ഉള്ള കരുമുറാ കടിച്ചു തിന്നാവുന്ന പരുവം.അതു ദേവിച്ചേച്ചിക്ക് നന്നായി അറിയാം.
എല്ലാ വെള്ളി ആഴ്ച്ചയും തിയറ്ററിൽ സിനിമ മാറും.അന്ന് തന്നെ മാറ്റണിക്കാന് ദേവിച്ചേച്ചി പോവുക.അന്ന് ഉച്ചകഴിഞ്ഞു താമസിച്ചു മാത്രമേ അവർ പണിക്ക് വരൂ.എന്ത് സംഭവം ഉണ്ടായാലും വെള്ളിയാഴ്ച മാറ്റനി മുടക്കില്ല.അമ്മുവാണെങ്കിൽ പുതിയ കഥ കേൾക്കാൻ കാത്തിരിക്കുകയാവും. പ്രണയ നൈരാശ്യം വന്ന് നായിക കടലിൽ ചാടി മരിക്കുന്ന കഥ പറയുമ്പോൾ ദേവിച്ചേച്ചി കരയും.അമ്മുനും അപ്പൊ സങ്കടം വരും
ദേവിച്ചേച്ചി പൊക്കം കുറഞ്ഞു അൽപ്പം തടിച്ച സ്ത്രീ ആണ്.നിറയെ ഞൊറിവുള്ള പരുത്തി തുണികൊണ്ടുള്ള പാവാടയും അര ബ്ലൗസ്ഉം ആണ് വേഷം.ചിലപ്പോൾ ഒക്കെ ഒരു തോർത്തു തോളത്തു ഇടും.കാണാൻ വലിയ സുന്ദരി ഒന്നും അല്ലാത്തത് കൊണ്ടാവും അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ടും ദേവിച്ചേച്ചിക്ക് വിവാഹം ഒന്നും ആയില്ല.അതിൽ ഒരുപാട് സങ്കടം അവർക്കുണ്ട്.അവരെ ആരാണാവോ കല്യാണം കഴിച്ചോണ്ടു പോവാ??അമ്മുന് അതും സങ്കടമാ.... ദേവിച്ചേച്ചി പോയാൽ ആരാ അമ്മുന് കഥപറഞ്ഞു തരിക??കളിക്കാൻ കൂട്ടു വരിക,വലിയ കമ്പ് കൊണ്ട് കുത്തി പപ്പരങ്ങാ ഇട്ടു തരിക?,എന്നാലും അവരെ ആരെങ്കിലും കല്യാണം കഴിച്ചാൽ മതിയായിരുന്നു.
Comments
Post a Comment