ദേവുവിന്റെ പള്ളിനീരാട്ട്.

ഉച്ചസമയത്ത് അമ്മു ചെനച്ച പപ്പായയും കടിച്ചുതിന്നു ദേവിച്ചേച്ചിയുടെ കഥയും നാട്ടുവിശേഷങ്ങളും കേട്ടിരിക്കുമ്പോൾ ആണ്‌ നീരാട്ടിനായി ദേവുവിന്റെ എഴുന്നള്ളത്ത്. ^^വരുന്നുണ്ട് ,വരുന്നുണ്ട്*മഹാറാണി.....ദേവിച്ചേച്ചി ശബ്ദം താഴ്ത്തി കുട്ടിയോട് പറയും. അവരോട് മിണ്ടരുത്,കൂട്ടുകൂടരുത് എന്നൊക്കെ ദേവിച്ചേച്ചി പറയുമെങ്കിലും ദേവു നേരെ മുന്നിൽ വന്നാൽ ദേവിച്ചേച്ചി വലിയ ബഹുമാനത്തോടെ സംസാരിക്കും.ദേവു ആണെങ്കിൽ എപ്പോൾ കണ്ടാലും അമ്മുനോടും ദേവിച്ചേച്ചിയോടും ഒന്നും മിണ്ടാതെ പോവുകയും ഇല്ല. അവര് ചീത്തയാ....അവരോട് മിണ്ടരുത്...അവർ ആണുങ്ങളുടെ കൂടെ സിനിമക്ക് ഒക്കെ പോവൂത്രേ.ഓട്ടം വരുന്ന ലോറിക്കാർ ഒക്കെ രാത്രി ദേവൂന്റെ വീട്ടിലാ കിടക്കുന്നതത്രെ. ദേവൂന്റെ ചേച്ചിക്ക് തുണിയലക്കൽ ആണ് ജോലി.ആശുപത്രിയിൽ രോഗികളുടെ തുണിയും പ്രസവം കഴിഞ്ഞ സ്‌ത്രീകളുടെ വസ്ത്രവും കനാലിൽ അലക്കി  പാറപ്പുറത്തു ഉണക്കി കൊടുക്കും.അവർ ക്ഷവരക്കാർ  ആണത്രേ.മരിച്ച വീട്ടിൽ പോയാലും തൊട്ടാലും ഒന്നും കുളിക്കൂല.അതുകൊണ്ട് ആരും അവരെ അടുപ്പിക്കുകയില്ല.

പക്ഷേ അമ്മൂന് എന്തോ ദേവൂനെ ഇഷ്ടമാണ്.കറുത്തിട്ടാണെങ്കിലും ആവരെക്കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.കുളിക്കാൻ വരുന്നത് തന്നെ കണ്മഷി ,ചാന്തുപൊട്ട്,ചീപ്പ്,വാസനസോപ്പ്, പൗഡർ ഒക്കെ കൊണ്ടാണ്.ഒരു കൈയ്യിൽ തോർത്തും മറുകൈയ്യിൽ  ഉണക്കി മടക്കിയ വസ്ത്രവും കാണും.തോർത്തു മടക്കി അതിനുള്ളിൽ അന്ന് സോപ്പും മറ്റും പൊതിഞ്ഞു കൊണ്ടുവരിക. പത്തുപതിനെട്ടു വയസ്സ് മാത്രമേ കാണൂ അവർക്ക്.പക്‌ഷേ ഒത്തപൊ ക്കവും  വണ്ണവും ആണ്.അരക്കെട്ടിനു ഒപ്പം എത്തുന്ന മുടി  പുറകിലും മുന്നിലും ഭംഗിയായി വെട്ടിയിട്ടിരിക്കും.ആണുങ്ങളുടെ ഫുൾകൈ ഷർട്ടും നിറയെ ഞൊറിവുള്ള മടമ്പു വരെ മറയുന്ന പാവാടയും ആണ് വേഷം. ആദ്യം ഉമിക്കരി എടുത്തു പല്ലുതേക്കും....പിന്നെ തലമുടി വൃത്തിയായി കോതി ഉയർത്തിക്കെട്ടും.പിന്നെ ഷർട്ടും പാവാടയും ഊരി മാറ്റി അലക്കി പടവുകളിൽ വിരിക്കും.

അടിപ്പാവട ഉയർത്തി ബോഡിസന് മുകളിൽ കെട്ടിയാണ് അവർ കുളിക്കാൻ ഇറങ്ങുക. അപ്പൊ അവരെക്കാണാൻ നല്ല ഭംഗിയാണ്.ആദ്യം കൈകൊണ്ടു വെള്ളം പതുക്കെ തുഴഞ്ഞു മാറ്റി ശബ്ദമുണ്ടാക്കാതെ ആണ് അവർ വട്ടത്തിൽ നീന്തുക. പിന്നെ മലർന്നു നിവർന്നുമൊക്കെ നീന്തും. പിന്നോരൊറ്റ ഊളിയിടൽ ആണ് ശ്വാസം പിടിച്ച്...കുളത്തിന്റെ നടുവിൽ ഉള്ള ഒറ്റക്കല്ലിന്റെ അടുത്തെത്തിയെ അവർ പൊങ്ങിവരൂ. പിന്നെ കുറേനേരം ആ കൽ കുറ്റിയിൽ പിടിച്ചു അല്പനേരം വിശ്രമമാണ്.പിന്നീട് ഇങ്ങോട്ടുള്ള വരവ് ഒരു രാജകീയംതന്നെ.കൈയ്യും കാലും ഉയർത്തി അടിച്ചു പതപ്പിച്ചു കുളം മുഴുവൻ ഇളക്കി റിച്ചു തിരിച്ചു പടവിൽ എത്തും. ശരീരത്തിൽ ഒട്ടിപ്പിടിച്ച അടിപ്പാവട കുടഞ്ഞു വെള്ളം കളയും. പിന്നെ അത് ചരിച്ചു കുത്തി സോപ്പ് തേക്കാൻ തുടങ്ങും. ചന്ദനത്തിന്റെ മണം കൊണ്ട് കുളം നിറയും.സോപ്പ് തേക്കുന്നതിനും ദേവൂനൊരു ചിട്ടയും താളവും ഉണ്ട്.ആദ്യം പാദങ്ങളും കാൽവണ്ണയും തുടയും ഓരോ ഭാഗങ്ങൾ ആയി സോപ്പുതേച്ചു പതപ്പിക്കും. പിന്നെ കൈകളും മാറും മുതുകും തേക്കും ,ഏറ്റവും ഒടുവിൽ ആണ് മുഖത്തു തേക്കുക.കണ്ണടച്ചു മുഖത്തു മുഴുവൻ സോപ്പിട്ട് പതപ്പിച്ചു ഒരൊറ്റ ചാട്ടമാണ് വെള്ളത്തിലേക്ക്. പിന്നെ ഒരു നീരാട്ടാണ് ,മുങ്ങിയും പൊങ്ങിയും തലമുടി ഉലച്ചു കഴുകിയും . ...കുളം മൊത്തം ഇളക്കി മറിക്കും. പിന്നെ പടവുകൾ കയറിവന്നു തോർത്തെടുത്തു   ദേഹം മുഴുവൻ തുടയ്ക്കും.പിന്നെ കുളത്തിലേക്ക് നോക്കി നിന്ന് വസ്ത്രങ്ങൾ ഒന്നൊന്നായി ധരിക്കും.

പിന്നെ കുളത്തിലേക്ക് വെള്ളം ഒഴുക്കുന്ന  ഓവിന് മുകളിൽ കയറിയിരുന്ന് കണ്ണെഴുതി കൈയ്യിലുള്ള കണ്ണാടിയിൽ നോക്കി ചാന്തുപൊട്ടും തൊട്ട് പൗഡർ ഇട്ട് മുടിയും ചീകി ഉണക്കി കൈകൊണ്ട് വീതിർത്തിട്ടു....കണ്ണാടിയിൽ നോക്കി ഒന്നുകൂടി ഉറപ്പുവരുത്തി ,മുന്നോട്ട് വെട്ടിയിട്ട മുടിയിഴകൾ കോതി വിതിർത്തു സ്വയം ആസ്വദിച്ചു തിരിച്ചു യാത്രയാവും.രാവിലെ മുതൽ ഒരുപാട് പേർ കുളത്തിൽ വരുമെങ്കിലും ഇത്രയും  സന്തോഷമായി ആസ്വദിച്ചു കുളിക്കുന്നത് ദേവൂ മാത്രം ആയിരുന്നു.അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് ആണ് അമ്മുന് എറ്റവും ഭംഗിയായി തോന്നിയത്.എല്ലാവരാലും അകറ്റപ്പെടുന്നവർ  ആണെങ്കിലും അവർ അഭിമാനത്തോടെ തല ഉയർത്തി നടന്നു.അതായിരുന്നു ദേവുവിന് അത്രയും ഭംഗി തോന്നിച്ചത്.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.