കണ്ണന്റെ തിരുമുന്നിൽ
*ഓം വിഷ്ണും ശരദിന്ദു കോടി സദൃശം
ശംഖം രഥാംഗം ഗദാമംബോജം
ദധതം സിതാബ്ജവദനം
കാന്ത്യാജഗൽ മോഹനം.
ആബദ്ധാംഗദഹാര കുണ്ഡല
മഹാമൗലിസ്പുറത് കങ്കണം
ശരീവത്സാംഗ മുധാര കൗസ്തുഭധരം
വന്ദേ മുകുന്ദ ഹരിം.*
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഈ പ്രാർത്ഥന എന്റെ ഉള്ളിൽ എപ്പോഴും ഉണ്ട്.8 വർഷം മുൻപ് ഒരു അവധിക്കാലത്താണ് ആദ്യമായി ഞാൻ മാളയിലെ വീട്ടിൽ വന്നു നിൽക്കുന്നത്. അന്ന് എന്റെ മനസ്സിൽ എന്നെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പലതും ഞാൻ ഒറ്റയ്ക്ക് തന്നെ തീരുമാനം എടുക്കേണ്ടവ.ചിലത് സ്വയം അഭിമുഖീകരിക്കെണ്ടവ. പലതും ആരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ. നമ്മൾ മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരും.അങ്ങിനെയാണ് കണ്ണനെ കണ്ട് കുറച്ചു ദിവസം പ്രാര്ഥിക്കാനായി ഞാൻ വീട്ടിൽ എത്തുന്നത്.
കാലത്തു എണീറ്റ് കുളിച്ചു അമ്പലത്തിൽ ചെന്ന് ഒരു താലത്തിൽ വെച്ചിരിക്കുന്ന തീർത്ഥം സേവിച്ചു പൂവും ചൂടി ചന്ദനവും തൊട്ടാണ് വീട്ടിൽ വരിക.മിക്കപ്പോഴും പ്രഭാത പൂജ സമയം ആയിരിക്കും.കണ്ണനും ഭട്ട് മാമുവും പിന്നെ ഒന്നോ രണ്ടോ സ്ത്രീകളും പിന്നെ ഞാനും മാത്രമേ കാണൂ.രാവിലത്തെ നേദ്യം ശർക്കര പായസം ഉരുളിയിൽ ആക്കി ആർക്കും കൊണ്ടുപോവാൻ പാകത്തിന് വാഴയില ഉൾപ്പെടെ എടുത്തു വെച്ചിരിക്കും.എന്നിട്ടും ആ നേദ്യം കൊണ്ടുപോവാൻ ആരും കാണില്ല.മിക്കപ്പോഴും അവ പാത്രത്തിൽ മിച്ചം കാണും. എനിക്ക് കഴിക്കാൻ വാഴയില ചീന്തിൽ കുറച്ചു എടുത്തു വീട്ടിൽ കൊണ്ടുവരും. ഉച്ച പൂജയ്ക്ക് പാൽപ്പായസം ആണ്.ചിലപ്പോൾ ഒക്കെ മാത്രമേ അതു വാങ്ങാൻ ആള് കാണുള്ളൂ. കാവിൽ അഭിഷേകം ഉള്ള ദിവസം അതും കഴിഞ്ഞാണ് വീട്ടിൽ പോവുക.
വൈകിട്ട് സമൂഹ പ്രാർത്ഥന ക്ക് എന്നും ആള് കാണില്ല .എന്നാലും ഞാനും കുട്ടികളും അമ്മയും കൂടി പോകും.ഓരോ തവണ പോകുമ്പോളും ഞാൻ കണ്ണനെ തൊഴുക മാത്രമെ ചെയ്യാറുള്ളൂ.ഒന്നും ആവശ്യപ്പെട്ടിരുന്നില്ല.പക്ഷെ കണ്ണന് എന്റെ സങ്കടം മനസ്സിലായിരുന്നു. ഓരോ തവണയും ഞാൻ അവധി ദിവസങ്ങളിൽ വീട്ടിൽ വരികയും കണ്ണനെ രണ്ടുനേരം തൊഴുതു പ്രാർത്ഥിക്കുകയും ചെയ്തു.ജീവിതത്തിലെ വിഷമഘട്ടങ്ങൾ എല്ലാം ഞാൻ തരണം ചെയ്തു.
ഇതുവരെ ഞാൻ കണ്ണനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.
പക്ഷെ....ഒരു കാര്യം ആവശ്യപ്പെടാൻ തന്നെയാണ് ഞാൻ ഇന്നലെ അവിടെ എത്തിയത്.അലങ്കരിച്ച പല്ലക്കിൽ കണ്ണനെ ഒരുക്കി നാദസ്വരമേളത്തോടെ ആളുകൾ ചുമക്കുന്ന പല്ലക്കിൽ ഏറ്റി കൊണ്ടുവന്നപ്പോൾ ഞാൻ അതു പറഞ്ഞു.എനിക്കുറപ്പുണ്ട് എന്റെ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങളും നടത്തി തന്ന കണ്ണൻ ഈ പ്രാർത്ഥനയും കേൾക്കും എന്ന്.
ഇതുവരെ ഉള്ള എന്റെ വളർച്ചക്ക് പിന്നിൽ ഈ കൊച്ചു ഗ്രാമത്തിലെ കണ്ണനും ഒപ്പമുണ്ടായിരുന്നു. ഓരോ വർഷവും ഉത്സവം വരുമ്പോൾ ആഗ്രഹിക്കും ഒരു ദിവസം എങ്കിലും പൂർണ്ണ അലങ്കാരത്തോടെ കണ്ണനെ കാണണം എന്ന്.ഇന്നലെ സൺഡേ ആയതുകൊണ്ട് ആനക്കൊട്ടിൽ നിറയാൻ മാത്രം ആളുണ്ടായിരുന്നു. അമ്പലം ചെറിയ തോതിൽ അലങ്കരിച്ചിരുന്നു.ഒരു വലിയ അടയ്ക്ക മരം വെട്ടി അലങ്കരിച്ചു താത്കാലിക കൊടിമരം നിർമ്മിച്ചിട്ടുണ്ടായിരുന്നു.ഭഗവാൻ പല്ലക്കിൽ അമ്പലം ചുറ്റി വരാനായി തയ്യാറായി പുറത്തു ഇറങ്ങുന്ന സമയത്ത് ഞാൻ എത്തിയത്. അതുകൊണ്ടു തന്നെദർശനം തൊട്ട് അടുത്തു നിന്ന് തന്നെ കിട്ടി.അതു കഴിഞ് കുഞ്ഞു അശ്വ വാഹന പൂജയും തീർന്നപ്പോൾ തന്നെ 3 മണി ആയി.
ഭഗവാന് ഉച്ചയൂണ് നേദിച്ചതിന് ശേഷം നാലംമ്പലത്തിൽ ഇലയിട്ട് വിശിഷ്ട (ബാഹ്മണർക്ക് അന്നദാനവും നൽകിയതിന് ശേഷം സമാരാധന തുടങ്ങി.ഞങ്ങൾ അമ്പലത്തിന്റെ ചുറ്റും നിലത്തു ഇലയിട്ട് കണ്ണന്റെ നേദ്യം സേവിക്കാൻ റെഡി ആയി കാത്തിരുന്നു.ഇല വന്നു,എടുഗെയ്(നാരങ്ങ അച്ചാർ)അല്ലെ(തേങ്ങ ചേർത്ത ഇഞ്ചിക്കറി)സുക്കെ(ചെറുപയർ,ഉലുവ മുളപ്പിച്ച തോരൻ)കേള്യഫേടി(ഏത്തയ്ക്ക ചെറുതായി അരിഞ്ഞു വറുത്തത്)കുക്കാ ഗെസ്സി (ഉരുളക്കിഴങ്ങു പരിപ്പ് വരുത്തരച്ച കറി),എൽചികേറി(ചെറുപയർ പച്ചയ്ക്കാ തേങ്ങാ കറി)പച്ചരി ചോറ് (സീത്),എന്നിവ വിളമ്പി അവസാനം തോയ്(പരിപ്പുകറി)യും എല്ലാവർക്കും വിളമ്പി തീർന്നപ്പോൾ മണിയടിച്ചു.
ഇനി എല്ലാവർക്കും ഒന്നിച്ചു ഊണ് തുടങ്ങാം....വിഭവങ്ങൾ എല്ലാം വീണ്ടും വീണ്ടും എത്തി. രസവും മോരും വന്നു.ഭഗവത് നേദ്യത്തിന് അസാമാന്യ രുചിയാണ്.ആരും ഒരല്പം പോലും waste ആക്കിയില്ല.അതി രുചികരം ആയ പാൽപ്പായസം വിളമ്പി കഴിഞ്ഞപ്പോൾ ബസൻ ലഡ്ഡു എന്നു വിളിക്കുന്ന gsb സ്പെഷ്യൽ ലഡ്ഡുവും എത്തി.മൊത്തി ലഡ്ഡുവും മോദകവും കൂടി ആയപ്പോൾ പിന്നെ ഇനി ഒന്നിനും സ്തലം ഇല്ലാതെ ആയി.അപ്പോഴേക്കും എല്ലാവരും എഴുന്നേൽക്കാനുള്ള മണി മുഴങ്ങി.
കൈകഴുകി ഭട്ട് മാം നെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ രണ്ടു കൈകൾ തലയിൽ വെച്ചു അനുഗ്രഹിച്ചു.കഴിഞ്ഞ തവണ ചെന്നപ്പോൾ കുറച്ചു പ്രാർത്ഥന പുസ്തകങ്ങൾ എല്ലാവർക്കും കൊടുക്കാൻ അദ്ദേഹത്തെ ഏല്പിച്ചിരുന്നു.അതു എല്ലാവരിലും എത്തിച്ച സന്തോഷം ആയിരുന്നു അദ്ദേഹം അനുഗ്രഹം ആയി എനിക്ക് നൽകിയത്.വയറും മനസ്സും നിറച്ചു ഞാനും മടക്കയാത്ര തുടങ്ങി മനസ്സില്ലാ മനസ്സോടെ....
ഈ കണ്ണനെ കാണാനും എന്നും തൊഴാനും അനുഗ്രഹം കിട്ടിയ എല്ലാ മാളക്കാരോടും യാത്രപറഞ്ഞു...എന്നും നിങ്ങൾ അമ്പലത്തിൽ ചെന്ന് കണ്ണന്റെ നേദ്യം സ്വീകരിക്കും എന്നും പ്രാർത്ഥനകളിൽ പങ്കു കൊണ്ട് എനിക്ക് കിട്ടിയ അനുഗ്രഹങ്ങൾ കണ്ണൻ നിങ്ങൾക്കും നൽകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്... ഞാൻ തിരിച്ചു പുറപ്പെട്ടു. വേനൽ അവധിക്കാലത് കുളിച്ചു തൊഴാനും. . എന്റെ അമ്മ എന്റെ മനസ്സിൽ കണ്ണനെ തന്ന പോലെ എന്റെ മക്കളുടെ ഉള്ളിലും കണ്ണനെ കുടിയിരുത്താനും....ഞാൻ വീണ്ടും വരും എന്റെ മുകുന്ദകൃഷ്ണന്റെ അരികിലേക്ക്.....
Comments
Post a Comment