അമ്മുവിന്റെ ലോകം.
സമാന്തരങ്ങൾ ആയി കിടക്കുന്ന രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്മണ്ണിൻ പാതയ്ക്ക് അരികിലാണ് പാറക്കളം എന്നുവിളിക്കുന്ന അമ്മുവിന്റെ ഓടിട്ട വലിയ വീട്.മൂന്നുവശത്തും നെൽപ്പാടങ്ങളും ഒരു വശത്തു ഗ്രാമത്തിലെകുളവും....കുളത്തിനരികിൽ വളർന്നു പടർന്ന് നിൽക്കുന്ന കരിങ്കൽ തറകളോട് കൂടിയ മൂന്ന് ആല്മരങ്ങളും പാറപ്പുറത്തെ വീടും അതിമനോഹരമായിരുന്നു.പുറകിലെ പാടത്തിനക്കരെ തേക്കുമരങ്ങൾ നിറഞ്ഞ കാടും അതിനുമപ്പുറമുള്ള കുന്നിൻ ചെരുവിലെ ആശുപത്രി കെട്ടിടവും. കാണാം.
മരങ്ങൾക്കിടയിലൂടെ കുന്നിനു മീതെ ഉദിച്ചുയരുന്ന സൂര്യനെ നോക്കി അമ്മു പറയും "ഉദിച്ചുയരുന്ന സൂര്യനെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ മുൻവശം കിഴക്കും പുറകുവശം പടിഞ്ഞാറും ആയിരിക്കും.വലതു വശം തെക്കും ഇടതു വശം വടക്കും ആയിരിക്കും" ഇന്നലെ രത്നടീച്ചേർ പറഞ്ഞു തന്നതാണ്.തെറ്റിയോ ആവോ??
അമ്മുക്കുട്ടിക്ക് ഇപ്പൊ വയസ്സ് ആറാണ്.കുഞ്ഞു ബ്ലൗസും കൊച്ചു പാവാടയുമാണ് വേഷം. തലമുടി നെറുകയിൽ കൂട്ടിക്കെട്ടി ചുവന്ന റോസാപ്പൂ ചൂടിയിരിക്കും.പൂ ചൂടിയാൽ സുന്ദരി ആവുന്നാ അമ്മുന്റെ വിശ്വാസം.പിന്നെ തല ഉയർത്തിപ്പിടിച്ചാ നടത്തം ഒക്കെ. സ്കൂൾ തുറന്നാൽ ഇനി ഒന്നാം ക്ളാസ്സിലാ അമ്മു പഠിക്കാൻ പോവുക. ഇത്രയും നാൾ ജവഹർ നഴ്സറിയിലാ പോയേ.. മൂന്നു വർഷം ആയി അവിടെ പഠിക്കുന്നു.അവിടുത്തെ ലീല ടീച്ചർ ആണ് പറഞ്ഞത് ഇവിടുത്തെ പഠിത്തം ഒക്കെ കഴിഞ്ഞു, ഇനി അപ്പുറത്തെ എൽ പി സ്കൂളിൽ ആണ് അമ്മു പഠിക്കേണ്ടത് എന്ന്. അല്ലെങ്കിലും നഴ്സറി അമ്മുന് മതിയായി.ആടുന്ന കുതിരയും ഊഞ്ഞാലും സീസോയും രാവിലെ അമ്മ തൂക്കു പാത്രത്തിൽ തന്നു വിടുന്ന bournvita യുടെയും തണുത്ത രുചി മടുത്തു തുടങ്ങിയിരുന്നു.
അതുമാത്രം അല്ലാ ടീച്ചർ പറഞ്ഞു തരുന്ന കഥകൾ എല്ലാം കേട്ടു പഴകി.ആകെ ഉള്ള രസം പാലുകുടിക്കാൻ പുറത്തെ വരാന്തയിൽ ഇരുത്തുമ്പോൾ കാണുന്ന പുറം കാഴ്ച്ചകൾ മാത്രം ആണ്.ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ എല്ലാം പോയി .ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കുമ്പോ അമ്മുന് മാത്രം നല്ല ഉയരം ....ലീല ടീച്ചർടെ അത്രേം തന്നെ.
സ്കൂൾ ഇല്ലാച്ചാലും അമ്മുന് സന്തോഷം ആണ്.കുളക്കരയിലും പാടത്തും ചെമ്മൻ നിരത്തിലും ഒക്കെ നിറയെ കാഴ്ച്ചകൾ അല്ലെ.??പരപരാ വെളുപ്പിന് പന്നികളുമായി വരുന്ന തൊട്ടിയരെ കാണാൻ അമ്മു കാലത്തു തന്നെ മതിലിനു മുകളിൽ കാണും. നല്ല നാറ്റം ആണെങ്കിലും കറുകരുത്ത അവറ്റകൾ തള്ളയും നിറയെ കുട്ടികളുമായി ശബ്ദമുണ്ടാക്കി ഓടിനടക്കുന്നത് കാണാൻ നല്ല രസം ആണ്.തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് റോസ് നിറമായിരിക്കും .അവർ ഓടി നടക്കുന്ന കൂട്ടത്തിൽ പാലുകുടിക്കാനും ശ്രമിക്കും.അപ്പൊ നീണ്ട വടിയുമായി ചൂളം വിളിച്ചു തൊട്ടിയർ അവരെ മേച്ചു കൊണ്ടു പോകും. അവർ പോയിക്കഴിഞ്ഞാണ് അമ്മു കുളത്തിന്റെ വശത്തുള്ള മതിലിനു മുകളിൽ ഇരിക്കുക.ദൂരെ കോട മൂടിയ നെല്ലിയാമ്പതി മലനിരകൾ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കും.കുളത്തിനുമപ്പുറം പാടത്തു മഞ്ഞും തണുപ്പും പുതച്ചു നിൽക്കുന്ന നെൽപ്പാടങ്ങൾ കാണാം. കുളത്തിൽ ആണുങ്ങൾ ജോലിക്ക് പോവാനുള്ള തിരക്കിലാവും.അവർ തേക്കുന്ന സോപ്പിന്റെ മണം വായുവിൽ അലിഞ്ഞു മൂക്കിന് തുമ്പിലെത്തി ഹൃദയത്തെ കീഴടക്കും.അടുക്കളയിൽ തീ പിടിപ്പിക്കുന്ന ശബ്ദവും ,പുകയും കാണാം.ദേവിച്ചേച്ചി മുറ്റം തൂക്കാൻ എത്തും.വീടിനു മുന്നിലുള്ള നിരത്തും പുറകിലെ പാടങ്ങളും കുളവും ആല്മരങ്ങളും എല്ലാം അമ്മുവിന്റെ ലോകത്തിൽ ഉണ്ട്.അവയില്ലാതെ അമ്മുവില്ല.
Comments
Post a Comment