എന്റെ കണ്ണൻ
കൊള്ളു എന്നും രാവിലെ ഗ്രാമത്തിൽ എത്തും ,നീണ്ട വടിയുമായി.മുട്ടുവരെ എത്തുന്ന കാക്കി കാലുറ അഴിഞ്ഞുപോവാതിരിക്കാൻ ഒരു ചരടിട്ടു ഉറപ്പിച്ചിരിക്കും.ഗ്രാമത്തിന്റെ നടുക്ക് എത്തി കൊള്ളു നാവു മടക്കി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും.അതു കേട്ടാൽ വീടുകളിലെ തൊഴുത്തിൽ പശുക്കൾ കുളമ്പുകൾ അമർത്തി ചവിട്ടിയും മ്പാ.....എന്നു നീട്ടിവിളിച്ചും അക്ഷമരാകും.വീട്ടുകാർ കയർ അഴിച്ചു വിടേണ്ട താമസം അവ തുള്ളിച്ചാടി ഗ്രാമത്തിലേക്ക് ഒഴുകിയെത്തും. വലുതും ചെറുതുമായി പലവലിപ്പത്തിൽ ഉള്ള പശുക്കൾ കൊള്ളുവിന് ചുറ്റും കൂടും.പിന്നെ അവർ ജാഥ പോലെ യാത്ര തുടങ്ങും .
ഗ്രാമത്തിനു നടുവിലുള്ള കിണറിന്റെ അരികിൽ കരിങ്കല്ല് കൊണ്ടു ഉണ്ടാക്കിയ തൊട്ടിക്ക് അരികിൽ എത്തുമ്പോൾ അവർ നിൽക്കും.പിന്നെ അതിൽ ഒഴിച്ചു വച്ചിരിക്കുന്ന കഞ്ഞിവെള്ളവും പഴത്തോലിയും കഴിച്ചാണ് അവർ പുറപ്പെടുക.സ്കൂളിൽ പോകുന്ന കുട്ടികളും കുളിക്കാനും അമ്പലത്തിൽ തൊഴാൻ വരുന്ന സ്‌ത്രീകളും വീടുകളുടെ ചവിട്ടുപടികളിൽ കയറി നിൽക്കും ,അവയുടെ ചവിട്ടിൽ നിന്ന് രക്ഷനേടാൻ.
അവയെ ശബ്ദംകൊണ്ടും നീണ്ട വടി കൊണ്ടും മേച്ചു കൊണ്ടു അവരെ കുന്നിൽ മുകളിൽ എത്തിക്കും.പിന്നെ അവയെ മേയാൻ വിട്ടു കൊള്ളു മരച്ചുവട്ടിൽ കിടന്നുറങ്ങും.തകരവും ഓലയും കൊണ്ടു മേഞ്ഞ കൊച്ചു വീട്ടിൽ ആണ് കൊള്ളു താമസിക്കുന്നത്.ഗ്രാമവാസികൾ നൽകുന്ന ഭക്ഷണമാണ് കൊള്ളുവിന് ആകെ ആശ്രയം.വൈകുന്നേരം പശുക്കളെയും കൊണ്ടു കൊള്ളു തിരിച്ചു എത്തും. പതിവുപോലെ കൽ തൊട്ടിയിൽ നിന്നും കഞ്ഞിവെള്ളം കുടിച്... ഓരോ വീടിന്റെ മുന്നിൽ എത്തുമ്പോഴും പശുക്കൂട്ടവും കൊള്ളുവും നിൽക്കും, ,യാത്ര പറയാൻ എന്ന പോലെ എല്ലാവരും തല ഉയർത്തി പിടിച്ചിരിക്കും.ആ വീട്ടിലെ പശുക്കൾ മാത്രം മ്പാ.... എന്നു ശബ്ദം ഉയർത്തി വിളിച്ചു വീട്ടിനുള്ളിലെ തൊഴുത്തിലേക്ക് കുളമ്പുകൾ നിലത്തു അമർത്തി ചവിട്ടി കയറിപ്പോവും.എന്നിട്ട് അവരുടെ സ്ഥലതുചെന്നു നിൽക്കും.
കുട്ടികളെ കണ്ടാൽ കൊള്ളു വടിയും കുത്തി ഒരു പാട്ടു പാടും...അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.....കാക്ക കൊത്തി കടലിൽ ഇട്ടു...മുക്കുവപിള്ളേർ മുങ്ങി എടുത്തു...തട്ടാൻ പിള്ളേർ തട്ടിപ്പറിച്ചു.....എന്നു തുള്ളിച്ചാടി അടുത്തു വരും.അമ്മു അതുകണ്ട് പേടിച്ചു അകത്തോട്ട് ഓടും..അമ്മുന് കൊള്ളുനെ കാണുമ്പോ കൃഷ്ണനെയാ ഓർമ്മ വരിക.കണ്ണൻ എപ്പോഴും പശുക്കളുടെ കൂടെ ആണല്ലോ.പശുക്കളുടെ കൊമ്പും കുളമ്പും കണ്ടാൽ തന്നെ അമ്മുന് പേടിയാകും.... പശുക്കൂട്ടത്തെ ദൂരെ കാണുമ്പോൾ തന്നെ വീടുകളുടെ ഉയരമുള്ള പടികളിൽ കയറിനിൽക്കും.അവറ്റകൾ എല്ലാം പോയിക്കഴിഞ്ഞേ അവിടെ നിന്ന് ഇറങ്ങൂ.കൊള്ളു വൈകുന്നേരം ശിവൻ കോവിലിന് പിന്നിൽ ഉള്ള കൂവള ചുവട്ടിൽ കാണും.പഴുത്തു വീണ കൂവള കായ്കൾ കല്ലിൽ എറിഞ്ഞുടച്ചു തിന്നും.അതു തിന്നരുത് ചത്തുപോവും എന്നാണ് അമ്മമ്മ പറഞ്ഞത്.അതുകൊണ്ട് കൂവള കായ്കൾ ഒഴികെ എല്ലാ കാട്ടുപഴങ്ങളും അമ്മു തിന്നിട്ടുണ്ട്.അവ എവിടെയെല്ലാം ഉണ്ടെന്നും എപ്പോഴാ പഴുക്കുക എന്നും അമ്മുന് അറിയും. ഹരിസ്വാമിയും അതു തിന്നരുത് എന്നു പറഞ്ഞിട്ടുണ്ട്.ആദ്യമായി കൊള്ളു കൂവളക്കായ്കൾ തിന്നുന്നത് കണ്ടു അമ്മു പേടിച്ചുപോയി.പക്ഷെ കൊള്ളവിനു ഒന്നും പറ്റിയില്ല.ചിലപ്പോൾ കൊള്ളു കൃഷ്ണൻ ആയിരിക്കും.
Comments
Post a Comment