ജനി മൃതികൾ തേടി...
ബാ... ബാ... ബാ..വേശുവമ്മ ആടിനെ വിളിക്കുകയാണ്. ആട് വേശുവമ്മ എന്നു പറഞ്ഞാലേ എല്ലാവരും അറിയൂ.അവർ ഒറ്റക്കാണ് താമസം.ഓടിട്ട നിറയെ അഴികൾ ഉള്ള വീടാണ്.മുറ്റത്തു നിറയെ പൂത്തു നിൽക്കുന്ന കാട്ടു ചെമ്പകവും അതിനു ചുറ്റും ഉയർന്നു നിൽക്കുന്ന കരിങ്കൽ തറയും ഉണ്ട്.പകൽ മുഴുവൻ ആടുകൾ ആ തറയിൽ വിശ്രമിക്കും.പത്തു പന്ത്രണ്ടു ആടുകൾ ഉണ്ട് ആണും പെണ്ണും കുട്ടിയും ഒക്കെയായി.
അതിരാവിലെ പാലുകറന്ന് വീടുകളിൽ കൊണ്ടു കൊടുക്കും.പിന്നെ അവറ്റകളെ പുല്ലു തീറ്റനായി കൊണ്ടുപോകും.എപ്പോഴും മക്കളോട് എന്നപോലെ സംസാരിച്ചു കൊണ്ടിരിക്കും.
ചക്കി,പാറു, അനന്തൻ, ലീല
ആമിന എന്നൊക്കെയാ പേരുകൾ .പേരുവിളിച്ചാൽ തന്നെ അവർ ഓടിയെത്തും.മേ..മേ എന്നു വിളി കേൾക്കും.
വെളുപ്പിന് എണീറ്റതാണ്..എത്രനേരം ആയി. വെയിൽ പടർന്നിരിക്കുന്നു. ആടിനെ കറക്കലും പാൽ വിൽപ്പനയും ആയി നേരം പോയി. സ്വൽപ്പം അവൽ നനച്ചത് ഇരിപ്പുണ്ട്.ഇച്ചിരി തേയില വെള്ളം കാച്ചി കുടിക്കണം. പിന്നെ മുറ്റത്തും തൊടിയിലും വീണുകിടക്കുന്ന കരികിലയും ആട്ടിൻകാഷ്ടങ്ങളും തൂത്തു വൃത്തിയാക്കണം. എന്നിട്ടു വെയിലൊന്ന് ചായുമ്പോൾ വീണ്ടും പുല്ല് തീറ്റനായി കൊണ്ടുപോണം. ആണും പെണ്ണുമായി എട്ടെ്ണ്ണതിനെ പെറ്റു. രണ്ടെണ്ണത്തിനെ തന്നവൻ തന്നെ തിരിച്ചെടുത്തു.ബാക്കിയുള്ളവർ പറക്കമുറ്റിയപ്പോൾ പലവഴിക്ക് പോയി.
വിട്ടുപോകാത്തത് ഇവറ്റകൾ മാത്രമേ ഉള്ളൂ.
മക്കളൊക്കെ ഉണ്ടോന്ന് ചോദിച്ചാൽ ഇവർ തന്നെ മക്കൾ. രാവും പകലും ചുറ്റിനും കാണും. എപ്പോഴും അടുത്തു വന്ന് മണത്തു നോക്കികൊണ്ടിരിക്കും.കഴിഞ്ഞ മാസം തലചുറ്റി വീണപ്പോൾ അനന്തൻ ആണ് അടുത്ത വീട്ടിൽ ചെന്ന് ആളെ കൂട്ടി വന്നത്. വയസ്സ് ഇത്രയും ആയി. എട്ടെണ്ണത്തിനെ പെറ്റിട്ട് എന്താകാര്യം ,ഒരുത്തൻ പോലും തള്ള ജീവിച്ചിരിപ്പുണ്ടോ എന്നു നോക്കി വന്നിട്ടില്ല.
വല്ലപ്പോഴും ഒരു കത്ത് അല്ലെങ്കിൽ ഒരു മണി ഓർഡർ..തീർന്നു.ഒരല്പം വെള്ളം അനത്താൻ പോലും...വിധി..അല്ലാതെന്താ പറയുക? മങ്കലം കഴുകി അടുപ്പത്തു വച്ചു.തീ പൂട്ടി.
അരി കഴുകി ഇടണം. ആമിന ഗർഭിണിയാണ് ,എപ്പഴാ പ്രസവം നടക്കുക എന്നറിയില്ല. മണ്ണെണ്ണ വിളക്കിൽ തിരിയും എണ്ണയും കരുതി വയ്ക്കണം.അല്ലെങ്കിൽ കൊച്ചുമക്കൾ പുറത്തു വരുമ്പോ കാണാൻ പറ്റില്ല. ആദ്യത്തെ പ്രസവം ആണ്,സൂക്ഷിക്കണം.വൈദ്യരെ കാണിച്ചപ്പോഴും ഉടൻ തന്നെ ഉണ്ടാവും എന്നാണ് പറഞ്ഞത്.രാത്രിയും പകലും കണ്ണുചിമ്മാതെ കാവലിരിക്കണം. മുറ്റത്തെ ചെമ്പക ചുവട്ടിൽ അവൾ ആലസ്യത്തോടെ കിടപ്പാണ്.വയർ നന്നായി ഇടിഞ്ഞിരിക്കുന്നു.അകിട് പാൽ മുറ്റി വിങ്ങി വീർത്തിരിപ്പുണ്ട്.ആഹാരം കഴിക്കാൻ മാത്രമാണ് നടക്കുന്നത്.പുല്ലും കഞ്ഞി വെള്ളവും കൊടുത്താൽ ആർത്തിയോടെ കഴിച്ചു മുറ്റത്തു കിടന്ന് അയവെട്ടി കൊണ്ടിരിക്കും.
ആ സാധനങ്ങൾ മേടിച്ചു തരാൻ വരുന്ന മേത്തചെക്കനെ കണ്ടിട്ട് രണ്ടു ദിവസം ആയി.വന്നിരുന്നെങ്കിൽ ഇച്ചിരി പുളിയരി മേടിക്കാമായിരുന്നു.കഞ്ഞി വെച്ചു കൊടുത്താൽ അവളുടെ പറവേശം കുറയുമായിരിക്കും. മാനത്തു മഴക്കുള്ള ഒരു കോളുണ്ട്. ഇടിയും മഴയും വന്നാൽ വേസുവമ്മക്ക് പേടിയാണ്.മഴത്തുള്ളികൾ വീഴുന്ന ശബ്ദവും ആടുകളുടെ കരച്ചിലും കേട്ട് കയറുമെടഞ്ഞ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുമ്പോൾ ആണ് ഓരോന്ന് ഓർമ്മ വരിക.നാലുകെട്ടും നടുമുറ്റവും ഉള്ള സമ്പന്നരായ കുടുംബത്തിൽ നിന്ന് വെറും 16 വയസ്സുള്ളപ്പോൾ ആണ് പണിക്കു വന്ന അപ്പുവെട്ടന്റെ കൂടെ ഇറങ്ങി പോന്നത്.പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.നല്ലൊരു വീടും പറമ്പും ഉണ്ടാക്കിത്തന്നു.എട്ടു മക്കളെയും.
മരിക്കുന്നത് വരെ കണ്ണുനിറയാൻ പോലും അനുവദിച്ചിട്ടില്ല.ഓരോ മക്കള് വിട്ടുപോകുമ്പോഴും ഓരോ ആടിനെ കൊണ്ടുതന്നു. ഇനി ഇതാ നിന്റെ മക്കള് എന്നും പറഞ്ഞോണ്ട്..അവസാനം താനും ആടുകളും മാത്രം ബാക്കിയായി.. കൈപിടിച്ച് കൂടെ കൊണ്ടുവന്നയാൾ തനിച്ചാക്കി പോയപ്പോൾ ഉറക്കെകരഞ്ഞില്ല.ഇന്നുവരെ താൻ തനിച്ചായിപ്പോയി എന്ന് തോന്നിയിട്ടില്ല.അപ്പുവേട്ടനെ ദഹിപ്പിച്ച സ്ഥലത്തു നട്ട തൈത്തെങ്ങു കുലച്ചപ്പോഴും ആദ്യത്തെ കുലവെട്ടിയപ്പോഴും കണ്ണുനിറഞ്ഞില്ല.ഇവിടെ എവിടെയോ ആ സാന്നിധ്യം നിശബ്ദമായി താൻ അറിയുന്നുണ്ട്.ഇനിഎത്ര കാലം കഴിയണം ആ ബലമുള്ള കൈകൾ തലയിണയാക്കി കിടക്കാൻ...ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.
മേ.. മേ...ആമിനയുടെ ശബ്ദമാണല്ലോ..ശബ്ദത്തിന് നല്ല പതർച്ചയും നോവും... രാത്രി കിടക്കാൻ നേരത്തും ചെന്നു നോക്കിയതാണ്.വയറും ദേഹവും തടവിക്കൊടുത്ത് പ്ലാവില യും ഇട്ടാണ് വന്നു കിടന്നത്.അറിയാതെ എന്തോ മനസ്‌സ്ിൽ ഒരു ദുശ്ചിന്ത.എത്ര പ്രസവം കണ്ടതാണ്.പെറ്റു വീഴുന്ന കുഞ്ഞിനെ എടുത്തു പുല്മെത്ത വിരിച്ചു കിടത്തി തള്ളയാട് നക്കിതുടക്കുന്നതുംനോക്കി നിൽക്കാൻ വലിയ ഇഷ്ട്ടമാണ് .ഒടുവിൽ കുഞ്ഞാട് നടന്നു തുടങ്ങുമ്പോൾ ആണ് മനസ്സില്ലാ മനസ്‌സോടെ മറ്റു ജോലികൾ ചെയ്യുക. വൈകിട്ട് കാലൻ കോഴിയുടെ ശബ്ദം കേട്ടപ്പോൾ മുതൽ എന്തോ ഒരു അരുതായ്ക പോലെ.കാലന്റെ കാൽപെരുമാറ്റം ചുറ്റിനും എന്നപോലെ ഒരു ഭയം.ഒറ്റയ്ക്കായിട്ട് ഒരുപാട് വർഷം ആയി.ഇന്നുവരെ ഒരു ഭയം തോന്നിയിട്ടില്ല.ആ മേത്ത ചെറുക്കനെ കണ്ടിരുന്നെങ്കിൽ കൂട്ടു വിളിക്കമായിരുന്നു...അല്ലെങ്കിലും അത്യാവശ്യ സമയത്തു ആരെയും കാണില്ല.
വേലിക്കരികെയും മുറ്റത്തും ആടിനെ ചുറ്റിപ്പറ്റിയും അവനെ കാണാറുള്ളതാണ്. വല്ലപ്പോഴും ഒരു ഗ്ലാസ് ആട്ടിൻ പാൽ ചേർത്ത ചായയോ അവൽ നനച്ചതോ നീട്ടിയാൽ മിണ്ടാതെ വാങ്ങിക്കഴിക്കും.പത്രം കഴുകി തിണ്ണയിൽ കമിഴ്ത്തി വയ്ക്കും .ചില ദിവസങ്ങളിൽ പട്ടിണി ആണെന്ന് തോന്നിയിട്ടുണ്ട്.ചോറ് കൊടുത്താൽ ഇലയിൽ പൊതിഞ്ഞെടുക്കും.ഇളയതുങ്ങൾക്ക് ആണത്രെ. അവറ്റയ്ക്ക് കൊടുക്കാതെ അവന് എങ്ങിനെയാ ചോറ് ഇറങ്ങുക.സത്യം തന്നെ.എന്തൊരു കുട്ടി....വൃത്തി ഇല്ലെങ്കിലും വകതിരിവ് ഉണ്ട്. വീണ്ടും ഒരു ഞരക്കം പോലെ. . മഴ പെയ്തു തീർന്നു.കാറ്റു വീശുന്നുണ്ട്. തീപ്പെട്ടി എടുത്തു വിളക്കു തെളിച്ചു. കൂടിനടുത്തു എത്തിയപ്പോൾ എന്തോ ഒരു നിഴൽ ..സർപ്പം ആണ് പത്തി വിടർത്തി നിൽക്കുന്നു. ഭഗവാനെ..മഹാദേവ നാളെതന്നെ തിരിയും എണ്ണയും എതിക്കാമെ...
സർപ്പം പത്തി താഴ്ത്തി ഇഴഞ്ഞു പോയി.കൂട്ടിൽ കടന്ന് ആമിനയെ തൊട്ടുനോക്കി.വായിൽ നിന്ന് നുരയും പതയും വന്നിട്ടുണ്ട്.കണ്ണിന് വരെ നീല നിറം. പിറകിൽ മരണവേദനയിൽ ജനിച്ച രണ്ട് ആട്ടിൻ കുഞ്ഞുങ്ങൾ.കണ്ണുപോലും മിഴിക്കാതെ കെട്ടുപിണഞ്ഞു കിടക്കുന്നു. വാരിയെടുത്തു മടിയിൽ വച്ചു .ഉറക്കെയുള്ള ഒരു കരച്ചിൽ തൊണ്ടയിൽ വന്നു മുട്ടി. പിന്നെ...തടഞ്ഞില്ല ...ഉറക്കെ ഉറക്കെ കരഞ്ഞു.വളരെക്കാലം തടഞ്ഞുവച്ച കണ്ണീർ എല്ലാം. ..ഉള്ളിൽ ഉറഞ്ഞു കൂടിയ സങ്കടം എല്ലാം പെരുമഴയായ് പെയ്തു തീർന്നു.
രാവിലെ പാലുമേടിക്കാൻ വന്ന പയ്യനാണത് കണ്ടത്. ആട്ടിന്കൂട്ടിൽ ചത്തു വിറങ്ങലിച്ചു കിടക്കുന്ന ഒരാടും മരിച്ചു മരവിച്ചു കിടക്കുന്ന വേസുവമ്മയും പിന്നെ അപ്പോൾ മാത്രം നടക്കാൻ പഠിക്കുന്ന രണ്ടു വെളുത്ത കുഞ്ഞാടിൻ കുട്ടികളും......
Comments
Post a Comment