ഓർമ്മകൾ തുടങ്ങുമ്പോൾ....

ഓർമ്മയിലെ അമ്മുവിന്
എപ്പോഴും പ്രായം ഏഴ് വയസ്സ് ആണ്.പക്ഷെ കണ്ടാൽ അതിൽ കൂടുതൽ തോന്നും.അതുതന്നെ ആയിരുന്നു അമ്മുവിനെ എല്ലായ്പ്പോഴും ഒറ്റപ്പെടുത്തിയത്.പ്രായത്തിന് മുന്നേ വളർന്ന  ശരീരം.നീളൻ മുടി..മുട്ടൊപ്പം ഉള്ള പുള്ളിപാവടയും ബ്ലൗസ്‌ും.ഒരിക്കലും ഒരിടത്തും അടങ്ങിയിരിക്കില്ല.വീടിന് ചുറ്റുമുള്ള മതിലിനു പുറത്താണ് ലോകം.

മുന്നിലെ ചെമ്മണ്ണിൻ പാതയും...വടക്കുവശത്തുള്ള വലിയ പടവുകൾ ഉള്ള കുളവും ശിവന്കോവിലും അതിനുമപ്പുറം മതിലിനു മുകളിൽ നിന്ന് കാണുന്ന പച്ചപിടിച്ച പാടങ്ങളും...അതിനുമപ്പുറം വെയിൽ തെളിയുമ്പോൾ കാണുന്ന ഇടയ്ക്കിടെ മഞ്ഞു മൂടി അവ്യക്തമാകുന്ന നെല്ലിയാമ്പതി മല നിരകളും...വീടിനു പുറകിലെ പാടവും അതിന് പിറകിലെ തേക്ക് മരങ്ങൾ നിറഞ്ഞ ചുവന്ന കുന്നുകളും ദിവസവും വ്യത്യസ്തമായ കാഴ്ച്ചകൾ തന്നിരുന്നു


. രാവിലെ വെളിച്ചം വരുന്നതിനു മുൻപ് നിരത്തി ലൂടെ കടന്നുപോകുന്ന ഗ്രാമത്തിന്റെ തോട്ടികൾ ആയ പന്നിക്കൂട്ടങ്ങൾ മുതൽ  നിരത്തിലൂടെ കുളിക്കാനും അമ്പലത്തിൽ തൊഴാൻ വരുന്ന ആളുകളും..കുളത്തിനരികിൽ നിൽക്കുന്ന വയസ്സൻ ആല്മരങ്ങളിൽ വന്നിരിക്കുന്ന വിവിധ നിറത്തിലും വലിപ്പത്തിലും ഉള്ള കിളികളും,പാടത്തു വന്ന് എപ്പോഴും ക്ലാക്...ക്ലാക് ശബ്ദമുണ്ടാക്കുന്ന കറുത്ത കുളക്കോഴി യും ശബ്ദം കേട്ടാൽ പറന്നകലുന്ന നീണ്ട കാലുകൾ ഉള്ള കൊക്കുകളും  വീടിന് പുറകിലെ നെല്ലി മരത്തിൽ വന്നിരുന്നു തഞ്ചത്തിൽ മീൻ പിടിക്കുന്ന പൊന്മനും...വെള്ളത്തിലെ കുഞ്ഞു മീനുകളും...പടവരമ്പിൽ പുല്നാമ്പിൽ പറ്റിപ്പിടിച്ചു  നിൽക്കുന്ന തലേ രാത്രിയിൽ പൊഴിഞ്ഞ മഞ്ഞുകണങ്ങളും...ഇടവിട്ട് വെള്ളം കുടിക്കാൻ വരുന്ന നിരത്തിലെ  വഴിയാത്രക്കാരും...പശുക്കളെ മേയ്ക്കാൻ വരുന്നകൊള്ളുവും....പച്ചക്കറികൾ കുട്ടകളിൽ ചുമന്ന് വരുന്ന തമിൾ സ്‌ത്രീകളും...കുമ്പളങ്ങ മത്തൻ ..എന്നു നീട്ടിവിളിച്ചു വരുന്ന കബീറും ഒരുപാട് കാഴ്ച്ചകൾ അമ്മുന് സമ്മാനിച്ചു.

വെട്ടം വീഴുന്നത് മുതൽ വീടിനു ചുറ്റും ഈ കാഴ്ച്ചകളുമായി സല്ലപിച്ചു അമ്മു കാണും.വൈകിട്ട് കേളു മാമൻ ആടിയാടി നടന്നു പോകുമ്പോൾ മാത്രം അമ്മു മതിലിൽ നിന്നു താഴെ ഇറങ്ങും.കേളുമാമന് ആശുപത്രി മോർച്ചറിയിൽ ആണ് ജോലി. പോസ്റ്മാർട്ടം സഹായി ആണ്.അയാളെ അമ്മുന് പേടിയാണ്.കെളുമാമനും പോയിക്കഴിഞ്ഞാണ് പുറകിൽ  കത്തിച്ചു വെച്ച ചില്ലുവിളക്കുമായി വേലുവിന്റ കാളവണ്ടി എത്തുക.അതു മുറ്റത്തിന്റെ അരികിലെ നിരത്തും കടന്ന് ആല്മരങ്ങൾ കടന്ന് ശിവന്റെ അമ്പലം ചുറ്റി കടന്നു പോകുന്നതോടെ അമ്മുവിന്റെ ഒരു ദിവസം അവസാനിക്കുകയായി. ഇനി കൈകാലുകൾ കഴുകി വിലക്കുകൊളുത്തി രാമനാമം ജപിച്ചു കഞ്ഞി കുടിച്ചു അച്ഛമ്മ പറയുന്ന കഥകൾ കേട്ട് അമ്മമ്മയുടെ കട്ടിലിനു താഴെ പുല്പായിൽ കിടന്ന് അറിയാതെ ഉറക്കത്തിലേക്ക്...ഉറക്കത്തിൽ അവൾ എപ്പോഴും ആ കഥകളിലെ രാജകുമാറിയായി പട്ടവസ്ത്രങ്ൾ അണിഞ്ഞു പാറിനടക്കും.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ