കനകധാര സ്തോത്രം

എനിക്ക് താഴെ ഒരു അനിയത്തിയുണ്ട്.ഞങ്ങൾ തമ്മിൽ നാലു വയസ്സിന്റെ അന്തരം ഉണ്ട്.എന്നിരുന്നാലും ഞങ്ങൾ കൂട്ടുകാരെ. പോലെയാണ്.നല്ലപോലെ വഴക്കു കൂടിയിട്ടുണ്ട് ,മുടിപിടിച്ചു വലിക്കൽ...അടി ..ഇടി ..കടി..മാന്തൽ.. ഇതൊക്കെ ആവശ്യത്തിന് കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്.ഞങ്ങളുടെ വിവാഹവും ഏകദേശം ഒരേ കാലഘട്ടത്തിൽ ആയിരുന്നു.കുട്ടികളും ഒരേ പ്രായവും...വീട്ടിൽ പോകുമ്പോൾ എല്ലാം ഞങ്ങൾ ഒത്തുകൂടും.പഴയ പോലെ വഴക്കും കൂടും.മക്കൾ ഒക്കെ ഉള്ളത് കൊണ്ട് കലാപരിപാടികൾ ഇല്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം പഴയത് പോലെ തന്നെ.അതിന്റെ കുറവ് മക്കൾ തീർക്കുന്നുണ്ട്.

നാലഞ്ചു വർഷം മുൻപ് വീട്ടിൽ നിൽക്കുന്ന സമയത്താണ് ...കണ്ണന്റെ കോവിലിൽ ചെന്നപ്പോൾ ദൂരെ ഏതോ ഒരു അമ്പലത്തിന്റെ മണിയടി കേട്ടത്.കുട്ടിക്കാലത്തും ഞാൻ അതു ശ്രദ്ധിച്ചിട്ടുണ്ട്.അതു എവിടെ നിന്നാണെന്ന ചോദ്യത്തിന് കുറച്ചകലെ ഉള്ള ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് എന്നു മറുപടി കിട്ടി.അതു പണ്ട് കൊങ്കിണികളുടെ തന്നെ കുടുംബ അമ്പലമായിരുന്നെന്നും പിന്നീട് ആർക്കോ അതു വിട്ടു കൊടുത്തു എന്നും അറിയാൻ കഴിഞ്ഞു.പക്ഷേ അവിടെ പോകുന്ന കാര്യം എല്ലാവരും നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായത്.

അവളോട് സംസാരിച്ചപ്പോൾ അവൾ റെഡി ,ഒപ്പം അമ്മയും.വൈകിട്ട് ആണ് ഞങ്ങൾ പുറപ്പെട്ടത്‌.പോകുന്ന വഴി മുഴുവൻ അവൾ ഭാവി കാര്യങ്ങൾ ആണ് പറഞ്ഞത്.മുഴുവനും വേവലാതികൾ.....വീട്...കുട്ടികളുടെ പഠനം..ഒരു കാർ... ഇങ്ങനെ കൊച്ചുകൊച്ചു  സങ്കടങ്ങൾ....ഒന്നും എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ...സമാധാനിപ്പിക്കാൻ പോലും ഒന്നും പറയാനില്ല....അമ്പലത്തിൽ ചെന്നപ്പോൾ ദീപാരാധന സമയം...നട അടച്ചിട്ടുള്ള പൂജകൾ നടക്കുന്നു.സ്ത്രീകൾ അമ്മേ നാരായണ...ദേവി നാരായണ...സ്തുതികൾ ചൊല്ലുന്നു.ഞങ്ങൾ പുറം ആളുകൾ ആയതുകൊണ്ട് അവർ നടയുടെ തൊട്ടു മുന്നിൽ ചെന്നു നിൽക്കാനുള്ള സൗകര്യം ചെയ്തു തന്നു.നടതുറന്നു....ദീപാരാധന തുടങ്ങി....കർപ്പൂര ആരതി തൊഴുതു.മണികൾ മുഴങ്ങി.. സ്വർണം പൂശിയ പാളികൾ പതിച്ച ശ്രീകോവിലിൽ സ്വർണ്ണ നിറത്തിൽ  അതി മനോഹരമായ ദേവി രൂപം.ദ്രംഷ്ടകൾ ഉള്ള രൗദ്ര രൂപം ആണെങ്കിലും കണ്ണുകളിൽ സ്നേഹവും അലിവും ഉള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹം .തൊട്ട് അടുത്ത് കണ്ടപ്പോൾ ഞാനും അമ്പരന്നു പോയി.അത്രയും വശ്യമായിരുന്നു ദർശനം.

പൂവും ചന്ദനവും വാങ്ങുമ്പോൾ ആണ് ഞാൻ അവളോട് ചോദിച്ചത് .നിനക്ക് കനക ധാര സ്തോത്രം അറിയുമോ എന്ന്. അവളത് കേട്ടിട്ട് കൂടിയില്ല.ഞാൻ അമ്മയോട് പറഞ്ഞു.അമ്മ തന്നെ ഇപ്പോൾ ഇവിടെ വച്ചു അവൾക്ക് അതു ചൊല്ലിക്കൊടുക്കണം എന്ന്. ആദ്യം അമ്പരന്നെങ്കിലും അമ്മ ആദ്യത്തെ നാലുവരികൾ അവൾക്ക് ചൊല്ലിക്കൊടുത്തു .അതിന്റെ കോപ്പി എടുത്തു ദിവസവും ചൊല്ലണമെന്ന് ചട്ടം കെട്ടി ഞാനിങ് പോന്നു..

പിന്നീട് ഒന്നു രണ്ടു വർഷത്തേക്ക് എനിക്ക് വീട്ടിൽ പോകാൻ തന്നെ സാധിച്ചില്ല. പിന്നീട് ഈ ഡിസംബർ അവധിക്കാലത് ഞാൻ വീണ്ടും വീട്ടിൽ  ചെന്നു .പതിവ് ഒത്തുകൂടൽ കഴിഞ്ഞു.പരിപാടികൾ പ്ലാൻ ചെയ്തു തുടങ്ങി.ഇത്തവണ വീണ്ടും ഒന്നുകൂടി വടക്കേക്കെട്ടിൽ അമ്പലത്തിൽ  പോകണമെന്നായി ഞാൻ.എന്തുചെയ്താലും  അവൾ വരുന്നില്ല എന്നു പറഞ്ഞു.എന്താണ് കാരണം എന്ന് അനേഷിച്ചപ്പോൾ ആണ് ഞാൻ അമ്പരന്നു പോയത്.അന്ന് അവൾക്ക് അമ്മ കനകധാര സ്തോത്രം ചൊല്ലിക്കൊടുക്കുമ്പോൾ അവൾക്ക് ഉള്ളിൽ ഒരു വിറയൽ പോലെ വന്നു എന്നും വീണ്ടും ഭഗവതിയുടെ മുന്നിൽ ചെന്നു നിന്ന് നോക്കാൻ അവൾക്ക് ഭയമാകുന്നെന്നും പറഞ്ഞു.അപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്. ...അവൾ ആ മൻത്രം ദിവസവും ചൊല്ലുന്നുണ്ട്... അവളുടെ മകളുടെ കൂടെ....എല്ലാ സൗകര്യങ്ങളും ഉള്ള പുതിയ വീട്ടിൽ മുറ്റത്ത് പുതിയ കാറും....കുട്ടികൾ രണ്ടുപേരും പ്രൊഫഷണൽ കോഴ്സ് പഠിക്കുകയും ചെയ്യുന്നു.അന്ന് അവൾ എന്നോട് സങ്കടപ്പെട്ട എല്ലാ കാര്യങ്ങൾക്കും അവൾക്ക് ഉത്തരം കിട്ടി..

പിന്നെ അവളെ ഞങ്ങൾ നിർബന്ധിച്ചില്ല.
ഇത്തവണ ഞാനും അമ്മയും കൂടിപ്പോയി തൊഴുതു..... അടുത്ത തവണ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ചെല്ലുമെന്നും ഭഗവതിയുടെ നടയിൽ ഇരുന്ന് കനകധാര സ്തോത്രം ചൊല്ലും എന്ന ഉറച്ച തീരുമാനത്തിൽ...... ഞങ്ങൾ വടക്കേകെട്ടിലമ്മയുടെ ദർശനം കഴിഞ്ഞിറങ്ങി.

വടക്കേക്കെട്ടിൽ ഭഗവതി ക്ഷേത്രം,വടമ,മാള.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി