മോഹഭംഗങ്ങൾ..
അമ്മു ആദ്യം പഠിച്ചത് ജവഹർ നഴ്‌സറി സ്കൂളിൽ ആയിരുന്നു.ഗ്രാമം കടന്ന് പാടവരമ്പിലൂടെ ഉള്ള ഒറ്റയടി പാതകൾ നടന്നു കഴിഞ്ഞാൽ നേരെ കാണുന്ന വിശാലമായ മൈതാനത്തിൽ ഉള്ള പടവുകൾ കയറിച്ചെല്ലാവുന്ന ഉയരമുള്ള രണ്ടു മുറികളും അഴിയിട്ട ഒരു വരന്തയുള്ള ഓടിട്ട കെട്ടിടമായിരുന്നു അത്.
രണ്ടു വയസ്സുകഴിഞ്ഞപ്പോൾ തന്നെ അമ്മു അവിടെ എത്തി.അപ്പോഴേയ്ക്കും വീട്ടിൽ ഒരു അനിയൻ വാവ വന്നുകഴിഞ്ഞിരുന്നു.അമ്മ വാവയുടെയും വീട്ടിലെയും തിരക്കുകളിലേക്ക് മാറിയപ്പോൾ അമ്മുവും ചേച്ചിയോടൊപ്പം പുറപ്പെട്ടു.കുറെ കരഞ്ഞു ബഹളം വെച്ചപോൾ ആണ് അനുവാദം കിട്ടിയത്. അമ്മ്ൂനിഷ്ടം മറങ്ങോട്ടാ സ്കൂളിൽ പഠിക്കാനാണ്.അവിടെയാണ് അമ്മുന്റെ ചേച്ചി പഠിക്കുന്നത്.എത്ര കരഞ്ഞാലും അവിടെ ചെറിയ കുട്ടികളെ കേറ്റൂല്ലത്രേ...എന്നാലും ആഗസ്റ്റ് 15 നു പരിപാടികൾ കാണാൻ ചേച്ചി അവിടെ കൊണ്ടു പോകാറുണ്ട്.കൊടി ഉയർത്തി കഴിഞ്ഞാൽ കിട്ടുന്ന നാരങ്ങാ മുട്ടയ്ക്ക് നല്ല മധുരവും ആണ്.
കൈയ്യിൽ ഒരു കുഞ്ഞു തൂക്കുപത്രത്തിൽ ചൂടുള്ള bournvita കലക്കിയ പാലും ,കുറച്ചു കാ വറുത്തതും അമ്മ തന്നയക്കും.അമ്മൂനിഷ്ടം മറങ്ങോട്ടാ എൽ പി സ്കൂളിൽ പോവാനാണ്.
നഴ്‌സറി സ്കൂളിന്റെ വരാന്തയിൽ നിന്നാൽ മുന്നിൽ പച്ച നിറമുള്ള പാടങ്ങളും ദൂരെ ഗ്രാമത്തിലെ കെട്ടിടങ്ങളും കാണാം.തൊട്ടു പുറകിൽ ഒരു റൈസ് മിൽ ആണുള്ളത്.അവിടുത്തെ പുകക്കുഴലിൽ നിന്ന് നെല്ല് പുഴുങ്ങുമ്പോൾ ഉള്ള പുകയും ആവിയും ഉയരുന്നത് കാണാം.അമ്മു നഴ്സറി യിൽ നിന്ന് ആദ്യ വർഷത്തിൽ തന്നെ ആക്ഷരങ്ങൾ പഠിച്ചു തീർത്തു.പിന്നെ ചിങ്ങം കന്നി...മാസങ്ങളും...ഞായർ ..തിങ്കൾ ആഴ്ച്ചകളും..... പിന്നത്തെ വർഷം അശ്വതി.. ഭരണി.. നാളുകളും തീർന്നിട്ടും അമ്മുന് മറങ്ങോട്ടാ സ്കൂളിൽ പോവാനായില്ല.ഓരോ വർഷവും ഒപ്പം പഠിച്ച കുട്ടികൾ എല്ലാം വലുതായി മറങ്ങോട്ടാ സ്കൂളിൽ പോയി. അമ്മു പൊക്കം വച്ചു ലീല ടീച്ചേർന്റെ ഒപ്പം എത്തി.ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കാൻ പോകുന്ന കാര്യങ്ങൾ എല്ലാം അമ്മുന് അറിയുന്നവയായി തീർന്നു.
കളിക്കാനായി ഉള്ള തടി കുതിരയിലും അരയന്ന വണ്ടിയിലും കയറാൻ പറ്റാത്ത രീതിയിൽ കാലുകൾ നീണ്ടു.വർഷാവസാനത്തെ പരിപാടിയിൽ വെള്ള വസ്ത്രം ധരിച്ചു മാർച്ച് ചെയ്ത കുട്ടികളുടെ ഏറ്റവും പുറകിൽ കൊടി പിടിച്ചു നിന്നിട്ടും അമ്മുവിന്റെ തല ഉയർന്നു തന്നെ നിന്നു. ഒന്നിച്ചുള്ള ഗ്രൂപ്പ് ഫോട്ടോയിൽ അമ്മു ലീല ടീച്ചേർനൊപ്പം നിന്നു.
ഒടുവിൽ ടീച്ചർ പറഞ്ഞു ഇനി അമ്മുന് മറങ്ങോട്ടാ സ്കൂളിൽ പോകാം എന്ന്.പക്ഷേ അമ്മുന് അപ്പൊ അവിടെ പോകാനുള്ള ഉത്സാഹം തീർന്നിരുന്നു.കാരണം.......... അമ്മുന്റെ പ്രിയപ്പെട്ട ചേച്ചി അവിടത്തെ പഠനം കഴിഞ്ഞു ദൂരെ ഉള്ള പെണ്കുട്ടികളുടെ സ്കൂളിൽ ചേർന്നു കഴിഞ്ഞിരുന്നു.😪😪😪
Comments
Post a Comment