വേനൽ വിഭവങ്ങൾ
വേനൽ വിളവുകൾ ഫലങ്ങൾ തന്നു തുടങ്ങി.തക്കാളി രണ്ടു കിലോയോളം കിട്ടി.കാന്താരി തുടർച്ചയായി വീട്ടവശ്യത്തിന് ഉള്ള മുളക് തരുന്നുണ്ട്.തന്നെ മുളച്ച നീളൻ പയറിന്റെ വള്ളിയിൽ നിന്ന് ഒരു മെഴുകു പുരട്ടിക്കുള്ള പയർ കിട്ടി.ചീര എല്ലാ ആഴ്ച്ചയിലും തോരൻ വയ്ക്കുന്നുണ്ട്.
കായീച്ചയും ഞാനുമായി ഉള്ള മൽസരത്തിൽ ഒടുക്കം ഞാൻ തന്നെ വിജയിച്ചു.അഞ്ചു പാവയ്ക്കകൾ അവൻ കാണാതെ കവറിൽ ആക്കി. ചുരയ്ക്ക വള്ളികൾ നിറയെ പൂവിടുന്നുണ്ടെങ്കിലും ഇതുവരെ ഒരു കായ് പോലും ആയില്ല. അവരയ്ക്കയും കോവയ്ക്കയും പടർപ്പുകൾ ആയി തുടങ്ങി.
നിത്യവഴുതിനായിൽ നിത്യവും പൂക്കൾ വിരിയാൻ തുടങ്ങിയിട്ടുണ്ട്. വഴുതിന ചെടിയിൽ പച്ചനിറത്തിൽ ഉള്ള കായ്കൾ വന്നു തുടങ്ങി.
ഇഞ്ചി വിളഞ്ഞെങ്കിലും വിളവ് എടുത്തില്ല.ആവശ്യം അനുസരിച്ചു കഷ്ണം മുറിച്ചെടുക്കുകയാണ് ചെയ്തത്.കുളം വൃത്തിയാക്കിയപ്പോൾ കിട്ടിയ അഴുകിയ ഇലകൾ ഇട്ടു മൂടിയത്തിന്റെ ഫലം വാഴകൾ തന്നു തുടങ്ങി.വിഷുവിന് ഇത്തവണ എനിക്ക് ചക്കയും മാങ്ങയും പഴവും വിളഞ്ഞു കിട്ടും.പപ്പായ മരത്തിൽ കായകൾ എപ്പോഴും ഉണ്ട്. മുറിച്ചു ഉപ്പുപുരട്ടി വെയിലത്തു വച്ചാൽ മഴകാലത്തു ഉപയോഗിക്കാം.
ഉള്ളിക്ക് വിലകൂടിയപ്പോൾ കിട്ടിയ തീരെ കുഞ്ഞു ഉള്ളികൾ ഒരു കവറിൽ നട്ടത് മുളച്ചിട്ടുണ്ട്.കാണാൻ മനോഹരമായ കുഞ്ഞു ഇലകൾ.ഫ്രൈഡ് റൈസ് or നൂഡിൽസ് ഉണ്ടാക്കുമ്പോൾ കുഞ്ഞു കുഞ്ഞായി അറിഞ്ഞിട്ടാൽ നല്ല രുചിയായി.വെണ്ടച്ചെടികൾ പൂവിട്ടു തുടങ്ങി.വെളുത്തുള്ളി അല്ലികൾ മുളക്കാനായി കാത്തിരിക്കുവാണ്.ഇന്നലെ പെയ്ത പുതുമഴ അതിന് ഗുണമാവും എന്നാണ് പ്രതീക്ഷ.വെള്ളുള്ളി ചെടി കാണാത്തത് കൊണ്ട് ഒരു ആകാംക്ഷയും ഉള്ളിലുണ്ട്.
Comments
Post a Comment