കൂപ്പുകൈകളുമായി....
വിവാഹം കഴിഞ്ഞു ഏട്ടനും ആയി വരുമ്പോൾ ആലപ്പുഴയിലെ വലിയ തിരുമല എന്ന് അറിയപ്പെടുന്ന ലക്ഷ്മി നരസിംഹ അമ്പലത്തിൽ ആണ് ആദ്യമായി ദർശനം നടത്തിയത്.അമ്പലത്തിന്റെ വലിപ്പവും മുന്നിലെ ആനക്കോട്ടിലിന്റെ തൂണും വലിയ ഓട്ടു മണിയും ,വലിയ തൂണിന് മുകളിൽ ഉറപ്പിച്ച തടികൊണ്ടുള്ള പ്രാവിൻ കൂടും ആണ് എന്റെ മനസ്സിൽ പതിഞ്ഞത്. പിന്നീട് ഒരിക്കൽ ഉത്സവദിനങ്ങളിൽ മോനുമായി ചെന്നപ്പോൾ ആണ് അമ്പലത്തിന്റെ ചുറ്റുമുള്ള ചുവരിലെ അപൂർവ ചുവർ ചിത്രങ്ങൾ കണ്ടത്.അവ പഴക്കം കൊണ്ട് നിറം മങ്ങി നശിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വളരെ അപ്ൂർവമായി മാത്രമേ പോയിരുന്നുള്ളു. പിന്നീട് ഒരു ഒൻപത് വർഷം മുൻപ് ഒരിക്കൽ എവിടെയോ പോയി വരുന്ന വഴിയിൽ അമ്പലത്തിൽ കയറി തൊഴുതു.ഒപ്പം മക്കൾ രണ്ടുപേരും ഉണ്ടായിരുന്നു.തിരിച്ചു വരുമ്പോൾ വണ്ടിയിൽ ഇരുന്ന് മോള് പറഞ്ഞു എല്ലാ ആഴ്ച്ചയും ഇവിടെ വന്ന് തൊഴാൻ പറ്റിയെങ്കിൽ എന്ന്.... ഭഗവാൻ അനുഗ്രഹിച്ചാൽ വരാം മോളെ എന്നു എന്റെ hus മറുപടിയും പറഞ്ഞു.
അങ്ങിനെ പറഞ്ഞെങ്കിലും വരാൻ പറ്റും എന്നു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ അടുത്ത വ്യാഴാഴ്ച ആയപ്പോൾ ഞങ്ങൾ അമ്പലത്തിൽ എത്തി.അതും നരസിംഹഅർച്ചന നടക്കുന്ന സമയത്ത്.എല്ലാവരും ഒന്നിച്ചു ചേർന്നുള്ള നരസിംഹസ്തുതിയും അതിനു ശേഷം ഉള്ള സമൂഹ പ്രാർത്ഥനയും മനസ്സിൽ വലിയ ആനന്ദം നിറച്ചു. അതിനു ശേഷം നൽകിയ നിവേദിച്ച ശര്ക്കരപ്പാവിൽ വിളയിച്ച അവലിന് വീണ്ടും വീണ്ടും തിന്നാൻ കൊതിപ്പിക്കുന്ന രുചി ആയിരുന്നു.എന്തിനു പറയുന്നു ആ ദർശനത്തിന് ശേഷം ഞങ്ങൾ എല്ലാ വ്യാഴാഴ്ച ഏഴു മണിക്ക് ഞങ്ങൾ അവിടെ എത്തിയിരിക്കും ഭഗവത് ദർശനത്തിന്.
വർഷങ്ങൾ കഴിഞ്ഞു പോയി.ജീവിതത്തിലെ ഏറ്റവും കഠിനമായ സമയങ്ങൾ കടന്നുപോയി.എല്ലാ ബുദ്ധിമുട്ടിലും ഞങ്ങൾ ദർശനം മുടക്കിയില്ല.ദുരിതങ്ങളും ദുഃഖങ്ങളും മാറി. ജീവിതത്തിൽ സന്തോഷം വന്നു.ഞങ്ങൾ ദർശനം മുടക്കിയില്ല.ഈ വ്യാഴാഴ്ച പൗർണ്ണമി ആയിരുന്നു. ഞങ്ങൾ അർച്ചന സമയം കഴിഞ്ഞു വൈകിയാണ് എത്തിയത്.അമ്പലത്തിൽ വച്ചു പരിചയപ്പെട്ട് ഇപ്പോൾ എന്റെ കുടുംബത്തിലെ മൂത്ത ജേഷ്ഠൻ ആയ ആലപ്പുഴ ചേട്ടന്ന് ചേട്ടത്തിയും അവൽ നിവേദ്യവും ആയി കാത്തു നിൽപ്പുണ്ടായിരുന്നു.അമ്പലത്തിന്റെ നടയിൽ ഭജന നടക്കുന്നു.അത്താഴപ്പൂജ ക്കായി ഭട്ട് മാം അമ്പലക്കുളത്തിൽ കുളിച്ചു കയറി എത്തി.പൂവും പ്രസാദവും വാങ്ങി തീർത്ഥം സേവിച്ചു പ്രദക്ഷിണം വെക്കുമ്പോൾ പൂർണ്ണ ചന്ദ്രൻ അമ്പലത്തിന്റെ മുകളിൽ നിലാവ് പൊഴിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഭഗവാന്റെ പുഞ്ചിരിപോലെ....
വീണ്ടും വീണ്ടും അവിടെ എത്താൻ എന്നെ മാടി വിളിച്ചു കൊണ്ട്....
Comments
Post a Comment