ഹിട്ടു....പ്ലാവില ഇഡ്ഡലി.
ഓരോ വിശേഷ ദിവസങ്ങൾക്കും ഒരു പ്രത്യേക വിഭവം ഗൗഡ സരസ്വാത ബ്രാഹ്മണർക്ക് ഉണ്ട്.അവ കഴിയുന്നതും ആ ദിവസങ്ങളിൽ ഉണ്ടാക്കാറുണ്ട്.അങ്ങിനെ പത്രോട കഴിഞ്ഞാൽ ഞങ്ങളുടെ ഇഷ്ട വിഭവം *ഹിട്ടു*എന്നു വിളിക്കുന്ന പ്ലാവില ഇഡ്ഡലി ആണ്.*സുത്താ പുന്നെവ്*(ആവണി അവിട്ടം) എന്ന ഞങ്ങളുടെ പൂണുനൂൽ മാറ്റുന്ന ദിവസം ആണ് ഇത് ഉണ്ടാക്കുക.കർക്കിട മാസത്തിലെ തിരുവോണം ദിനമാണ് സുത്താപുന്നെവ് ആഘോഷിക്കുക. രണ്ടു ദിവസം മുൻപ് തന്നെ പ്ലാവില കൾ ശേഖരിച്ചു ചെത്തി കൂർപ്പിച്ച പച്ച ഈർക്കിൽ കുത്തി പ്ലാവില കുട്ടകൾ ഉണ്ടാക്കി തുടങ്ങും .അരിയും ഉഴുന്നും ഇഡ്ഡലി മാവ് പോലെ വെള്ളം കുറച്ചു അരച്ചെടുത്തു അതിൽ ചെറുതായി അരിഞ്ഞ ഇഞ്ചി ,പച്ചമുളക്,കറിവേപ്പില,ജീരകം എന്നിവ ചേർത്തു പുളിപ്പിച്ചെടുത്ത മാവ് ഈ കുട്ടകളിൽ നിറച്ചു ഇഡ്ഡലി പത്രത്തിൽ ആവിയിൽ വേവിച്ചെടുക്കും. ആവിയിൽ വേവുന്ന പ്ലാവിലയുടെയും മാവിന്റെയും മണം അതീവ ഹൃദ്യം തന്നെയാണ്. അല്ലെ എന്നുവിളിക്കുന്ന ഇഞ്ചി ചേർത്ത ചമ്മന്തി,എടുഗെയ് എന്ന പാവയ്ക്ക ,കൂർക്ക,ഉരുളക്കിഴങ്ങ്,ചേമ്പ്,ചേന ഇവയിൽ ഒന്നു ചേർത്ത് വറുത്തുണ്ടാക്കുന്ന അച്ചാർ ആണ് ഇതിന്റെ കോമ്പിനേഷൻ.എന്നാലും പപ്പടം കാച്ചിയ വെളിച്ചെണ്ണ ചേർത്തു കഴിക്കുന്നത് ആണ് എനിക്കേറെ ഇഷ്ടം.ഇതു രണ്ടു മൂന്നു ദിവസം വരെ കേടുകൂടാതെ ഇരിക്കും .പ്ലാവില കിട്ടിയില്ല എങ്കിൽ ചെറിയ പത്രങ്ങളിലോ ഗ്ലാസ്സിലോ കോരി ഒഴിച്ചു വേവിച്ചാലും ഞങ്ങൾ ഹിട്ടു ഉണ്ടാക്കാൻ മറക്കാറില്ല.
Comments
Post a Comment