എന്റെ മനസ്സിലെ മാതൃകാ വനിത.
ഓർമ്മയിലെ അമ്മമ്മ എപ്പോഴും അടുക്കളയിൽ ആണ്.വലിയ ചിമ്മിണിക്ക് താഴെ കൂട്ടിയ വിറക് അടുപ്പിലും അറക്ക്പൊടി അടുപ്പിലും രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം ഒരുക്കുന്ന അമ്മമ്മ പൊക്കം കുറഞ്ഞ പാതാംപുറത്തിനടുത്ത് ഒരു സ്റ്റൂളിൽ ഒരുകാൽ മടക്കിയിരുന്നു ദിവസം മുഴുവൻ അവർ പാചകം ചെയ്തു ഒരു വലിയ കൂട്ടുകുടുംബത്തിന് വേണ്ടി.*കപ്പെട് *എന്നു വിളിക്കുന്ന വീതികുറഞ്ഞ പരുത്തി സാരിയും ജമ്പരും ആയിരുന്നു വേഷം.എന്നും വലിയ ചുവന്ന കുംങ്കുമം കൊണ്ടുള്ള വട്ടപ്പൊട്ടു ധരിച്ചേ അമ്മമ്മയെ കണ്ടിട്ടുള്ളു.
ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചെങ്കിലും എന്നും ചിരിച്ചു മാത്രമേ അമ്മമ്മയെ കണ്ടിട്ടുള്ളു. ആണും പെണ്ണുമായി പറക്കമുറ്റാത്ത എട്ടു മക്കളുമായി നെമ്മാറയിൽ എത്തുമ്പോൾ മൂത്ത മകന് വെറും 15 വയസ്സ്.താഴെ 7 മക്കൾ.ഏറ്റവും ഇളയ പെണ്കുട്ടി നടക്കാൻ തുടങ്ങിയതെ ഉളളൂ. കൂട്ടുകുടുംബത്തിലെ സമ്പാദ്യമായ കുറച്ചു അരിയും കുമ്പളങ്ങയും മാത്രമായിരുന്നു കൈയ്യിൽ.ആകെ ഉള്ള ക െധെര്യം govt ആശുപത്രിയിൽ കാന്റീനിൽ പാചകത്തിന് സാധനങ്ങൾ supply ചെയ്യാനുള്ള ഒരു കോണ്ട്രാക്ട് മാത്രം.
വാടകയ്ക്ക് വീട് എടുക്കുന്നത് മുതൽ കുഞ്ഞുങ്ങൾക്ക് എല്ലാം ഭക്ഷണം എത്തിക്കുന്നതിനും ഒപ്പം കാര്യപ്രാപ്തിയില്ലാത്ത ഭർത്താവിനെയും സംരക്ഷണം കൂടി അവരുടെ തലയിൽ ആയിരുന്നു. പാചകപുരയിൽ മിച്ചം വരുന്ന കഞ്ഞി വെള്ളം മുതൽ കുമ്പളങ്ങ ,മത്തൻ ,തുടങ്ങിയ പച്ചക്കറികളുടെ അവശിഷ്ടങ്ങൾ വരെ ഉപയോഗിച്ച് എല്ലാവരുടെയും വയർ നിറച്ചു.വീട്ടിലുള്ളവർ കൂടാതെ മക്കളുടെ കൂടെ വരുന്ന അവരുടെ കൂട്ടുകാർ ക്കും വിശപ്പിന് ആഹാരം നൽകി.
രാവിലെയും വൈകിട്ടും ഉണ്ടാക്കുന്ന വെല്ല കാപ്പിക്ക് അവകാശികൾ വീട്ടുകാർ മാത്രം ആയിരുന്നില്ല അവകാശികൾ... നാട്ടുകാർ മൊത്തം ഉണ്ടായിരുന്നു.നാട്ടുവഴിയിലൂടെ നടന്നു ക്ഷീണിച്ചു വരുന്നവർക്കായി മുറ്റത്ത് മങ്കലത്തിൽ നല്ല തണുത്ത വെള്ളം എല്ലായ്പ്പോഴും കരുതിയിരുന്നു.ഉച്ചയ്ക്ക് അതു ഉപ്പിട്ട കഞ്ഞിവെള്ളമോ മോരോ ആയിരിക്കും.ജാതി മതവ്യത്യാസം ഇല്ലാതെ ആർക്കും വന്ന് അവ എടുത്തു കുടിക്കാമായിരുന്നു.
വേനലിൽ കൊണ്ടാട്ടങ്ങളും അച്ചാറുകളും അമ്മമ്മ ഉണ്ടാക്കി മഴക്കാലത്തേക്ക് ആയിസംഭരിച്ചു.ഉച്ചസമയങ്ങളിൽ തെങ്ങോല ചീന്തിചൂലുകൾഉണ്ടാക്കി.ഒരിക്കലും വിശ്രമം ഇല്ലാതെ പണിയെടുത്തു.വിശേഷദിവസങ്ങളിൽ പലഹാരങ്ങൾ ഉണ്ടാക്കി.അവ പാട്ടകളിൽ സൂക്ഷിച്ചു. അവയെല്ലാം ഉണ്ടാക്കുമ്പോൾ ഞങ്ങളെ കൂടെ കൂട്ടി അവ ഉണ്ടാക്കാൻ പഠിപ്പിച്ചു.അരിയും പച്ചക്കറിയും എല്ലാം വിലപേശി വാങ്ങി.ആ പൈസകൊണ്ട് എന്റെ കുട്ടിക്കാലങ്ങൾക്ക് നിറംപകരാൻ റബർ വളകളും ചുവന്ന റിബണും ചാന്തു പൊട്ടും വാങ്ങി നൽകി.
വൈകുന്നേരങ്ങളിൽ കുണ്ട കുർക്കൂലിന്റെ കഥ പറഞ്ഞു തന്നു.ഉണ്ടന്റെ യും ഉണ്ടിയുടെയും കഥ പറഞ്ഞു ചിരിപ്പിച്ചു.കാലൻകോഴി യുടെ കഥകൾ പറഞ്ഞു തന്നു പേടിപ്പിച്ചു. അതിന്റെ ശബ്ദം കേട്ട് പേടിച്ചു കരയുന്ന ഞങ്ങൾക്ക് വേണ്ടി അടുപ്പിൽ തീ കൂട്ടി ഉപ്പിട്ട് അതിനെ ഓടിച്ചു.രാമ രാമ ചൊല്ലാൻ പഠിപ്പിച്ചു.
സിനിമകളും ബാലെകളും നാടകങ്ങളും എന്തിന് മിമിക്രി വരെ അമ്മമ്മ ആസ്വദിച്ചു.ഒപ്പം കൂടെകൂട്ടി ആ ആനന്ദങ്ങൾ എന്നിലേക്കും പകർന്നു നൽകി. ശിവതാണ്ഡവവും ശൂര്പ്പണഖയുടെ ഭാവമാറ്റങ്ങളും ഞങ്ങൾ ഒന്നിച്ചു കണ്ടു. kpsc യുടെ നാടകങ്ങൾ കണ്ട് ഞങ്ങൾ അമ്പരന്നിരുന്നു. രാജൻ ഉരുട്ടിക്കൊല നാടകം കണ്ടു ഉറക്കെ കരഞ്ഞു.
തേങ്ങ വരുത്തരച്ച സാമ്പാറും ഏത്തപ്പഴം ആലുവയും,കേള്യ അമ്പട്ട് എന്ന മധുരപ്പഴം കറിയും,റോന്റോസോ (അരിപ്പൂരി) തോയും,തോയ്യാ ഉണ്ടിയും ചക്കൂലി, റോന്റി, പപ്പടവടയും...ഫോവാ ഉക്കേറിയും (അവൽ mixture) ഒക്കെ ഉണ്ടാക്കിതന്ന് എന്നെ ഭക്ഷണ പ്രിയ തന്നെ ആക്കി.പിടിയരി ശേഖരിച്ചു വറത്തുപൊടിച്ചു *ധാടു*എന്ന അപൂർവ പലഹാരം ഉണ്ടാക്കിത്തന്നു. 8 മക്കളും അവരുടെ മക്കളും ആയി ഒരു കുടുംബത്തെ മനോഹരമായി ഒരുമിപ്പിച്ചു.എന്റെ ഓർമ്മയിലെ വനിത എന്റെ അമ്മമ്മ തന്നെ.എന്നും എപ്പോഴും......
Comments
Post a Comment