കണ്ണന്റെ തൃക്കൊടിയേറ്റ്
കുറെ ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അമ്പലപ്പുഴ ക്ഷേത്രത്തിൽ ദര്ശനത്തിന് പോകാൻ സാധിച്ചത്. ഇന്ന് ഉത്സവകൊടിയേറ്റം ആയതു കൊണ്ട് ഒരു വിശേഷം തന്നെ ആയിരുന്നു അമ്പലത്തിൽ.നിറയെ ആളുകൾ ഉണ്ടായിരുന്നു.
കിഴക്കേ നടയിൽ കൂടി കടന്നു ചെല്ലുമ്പോൾ തന്നെ ഉത്സവകൊടി കയറുമ്പോൾ പൊട്ടിക്കാനായി കതിനാകുറ്റികൾ മരുന്നു നിറച്ചു നിറച്ചു വച്ചിരുന്നു.അതിൽ ചവിട്ടാതെ ആണ് അമ്പലത്തിന്റെ ഉള്ളിൽ പ്രവേശിച്ചത്.വരുന്ന ആളുകൾ എല്ലാം കുളത്തിൽ ഇറങ്ങി കൈകാലുകൾ കഴുകിയാണ് കയറുന്നത്.കുളപ്പടവിൽ ഒരു വയസ്സായ മനുഷ്യൻ ഇരുന്ന് മനോഹരമായി ഓടക്കുഴൽ വായിക്കുന്നുണ്ടായിരുന്നു.ഒരുപാട് ആളുകൾ അതുകേട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു.
ആനക്കൊട്ടിലിൽ ഇന്ന് ഒരു ആന ഉണ്ടായിരുന്നു.ആനയുടെ ആരാധകർ ആനയ്ക്ക് ചുറ്റും കൂടി നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.ഞങ്ങൾ ചെന്നു കയറിയപ്പോൾ രാവിലത്തെ ശീവേലി കഴിഞ്ഞു ഭഗവാൻ ഉച്ചപൂജയ്ക്കായി അമ്പലത്തിൽ എഴുന്നള്ളിയിരിക്കുകയായിരുന്നു.ദൂരെ നിന്ന് മാത്രമേ തിരക്ക് മൂലം ദർശനത്തിന് സാധിച്ചുള്ളൂ. കുറെ ആളുകൾ മേളത്തോടെ താലങ്ങളും ആയി എത്തി. പ്രധാന താലത്തിൽ ഉളിയും മുഴക്കോലും ആണ് കണ്ടത്.ഒരാൾ അതു നടയിൽ സമർപ്പിച്ചു.
അല്പസമയത്തിന് ഉള്ളിൽ നടയടച്ചു ഉച്ചപൂജ തുടങ്ങി.പുറത്തു പന്തലിൽ നിർമിച്ച താത്കാലിക സ്റ്റേജിൽ സോപാനസംഗീതം ആരം ഭിച്ചു.അതിമനോഹരമായ ആലാപനം ഞങ്ങളെ അവിടേക്ക് പിടിച്ചു വലിച്ചു. ഗണപതിയേയും ഉച്ചയ്ക്ക് അമ്പലപ്പുഴ പായസം കുടിക്കാൻ വരുന്ന ഗുരുവായൂർ കണ്ണന്റെ നടയിലും തൊഴുത് മുറ്റത്തു എത്തിയപ്പോൾ ,,*ശാന്താകാരം..... ഭുജഗ ശയനം..എന്നു ആരംഭിച്ചു ജയദേവകവിയുടെ പദങ്ങളിലേക്ക് പ്രവേശിച്ചിരുന്നു.ഇത്തവണ ഇടയ്ക്ക വായിച്ചത് ഒരാളും പാടിയത് വേറെ ഒരാളും ആയിരുന്നു. ആലാപനവും വാദ്യവും പരസ്പരം മത്സരിച്ചു.കേൾവിക്കാർ പന്തലിലും കുഞ്ചൻ നമ്പ്യാരുടെ മിഴാവ് സൂക്ഷിക്കുന്ന മണ്ഡപത്തിലും നിരന്നിരുന്നു.
കുറച്ചു സമയം കേട്ടുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
Comments
Post a Comment