ശുഭരാത്രി
ക്ഷണിക്കാതെ എത്തുന്ന അതിഥി അല്ല മരണം.. അവൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്.നമ്മൾ ജനിച്ചപ്പോൾ നമ്മുടെ കൂടെ അവനും ജനിച്ചു...നമ്മോടൊപ്പം തന്നെ വളർന്നു..നാം തളരുന്നതിനോപ്പം അവൻ കൂടുതൽ വളർന്നു..... പലപ്പോഴും അവന്റെ സാന്നിദ്ധ്യം തന്നെ നമ്മൾ മറന്നു.
ഒരു ദിവസത്തിനപ്പുറം രാത്രിയിൽ ഞാൻ അവനെ കണ്ടിരുന്നു.വെളുപ്പിനെ ഉള്ള അർദ്ധ മയക്കത്തിൽ....കുറച്ചു ദിവസമായി അസ്വസ്ഥമായ ചിന്തകളിൽ ഒക്കെ അവനുണ്ട്... ഒപ്പം എന്നെങ്കിലും പോകേണ്ടി വരും എന്നറിയമെങ്കിലും ഇത്ര പെട്ടെന്ന് അവൻ മുന്നിൽ വരുമെന്നൊരിക്കലും കരുതിയില്ല...ഉറക്കത്തിന്റെ അഗാധ തലത്തിൽ എവിടെയോ ഒരു ശ്വാസം മുട്ടൽ ആയി ആണ് അവൻ എത്തിയത്.ശബ്ദം ഉയർത്തി ആരെയെങ്കിലും വിളിക്കുന്നതിന് മുൻപ് അവൻ എന്റെ ഒച്ചയും ശക്തിയും കവർന്നെടുത്തു... ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്...തോറ്റു കൊടുക്കാൻ എനിക്കാവുമായിരുന്നില്ല.ശക്തിയായി choke ചെയ്‌തും ശ്വാസം ആഞ്ഞു വലിച്ചും ഞാൻ അവനെ കുടഞ്ഞു കളഞ്ഞു.
ചിലപ്പോൾ ഒക്കെ ചില തോൽവിയും നമ്മുടെ വിജയം ആവാറുണ്ട്... ഇത്തവണ അവൻ എനിക്ക് തോറ്റു തന്നു.ഒരിക്കൽ കൂടി ആ ദയ ഞാൻ അവനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല...ഓരോ ദിവസവും ചെയ്യാനുള്ളത് എല്ലാം ചെയ്തു കഴിഞ്ഞു ഉറങ്ങുന്നതിന് മുൻപ് സ്നേഹമുള്ളവരോട് ശുഭരാത്രിയും ആശംസിച്ചു കിടന്നാൽ പിന്നീട് ഒരിക്കലും ഉണർന്നില്ലെങ്കിലും ആർക്കും പരിഭവം ഉണ്ടാവില്ലല്ലോ....
അതിനു മാത്രമേ കാത്തിരിക്കാറുള്ളൂ....സ്നേഹം നിറഞ്ഞ ഒരു ആശംസക്കായ് മാത്രം.....
Comments
Post a Comment