വിഷു..2018

ഈയിടെയായി വൈകുന്നേരങ്ങൾ മഴ മേഘങ്ങൾക്ക് ഉള്ളതാണ്.ഇടിയും മിന്നലും കാറ്റും വൈദ്യുതി മുടക്കവും അവന് അകമ്പടിയോടെ കൂടെ കാണും.അസ്‌തമയ  സൂര്യനെ കാണാൻ കൂടിയില്ല.....ആറു മണിയാകുമ്പോൾ തന്നെ ഇരുട്ടു പരക്കുന്നു. പകലിലെ അതി കഠിനമായ ചൂട് രാത്രിയിലെ കുളിർ മഴയിൽ നീങ്ങിപ്പോവുന്നുണ്ടെങ്കിലും  സന്ധ്യയുടെ നഷ്ടം പറഞ്ഞറിയിക്കാൻ വയ്യ.

ഇന്നും എന്റെ നല്ലവനായ അയൽക്കാരൻ  അയാളുടെ പുരയിടത്തിൽ വീണ മാമ്പഴങ്ങൾ എല്ലാം പെറുക്കിക്കൂട്ടി സഞ്ചിയിൽ ആക്കി ഇവിടെ കൊണ്ടുവന്നു തന്നു.അന്യന്റെ മുതൽ അവർ എടുക്കൂലത്രേ.എന്തായാലും പുളിശ്ശേരി
ഉണ്ടാക്കാൻ പറ്റിയ മാങ്ങാ തിരക്കി നടന്ന എനിക്ക് പുളിശ്ശേരി മാത്രം അല്ല  മാമ്പഴക്കറി ഉണ്ടാക്കാനും ജ്യൂസ് അടിക്കാനും ഉള്ളത്ര  മാങ്ങാ കിട്ടി.അതുകൊണ്ടൊരു പഴം മാങ്ങാ പ്രഥമൻ ഉണ്ടാക്കിയാലോ എന്നൊരു ആലോചന ഉണ്ടാവാതിരുന്നില്ല.... അങ്ങിനെ ഉള്ള മാങ്ങാ കൊണ്ടുതന്ന അയൽക്കാരനെ നന്നായി സ്മരിച്ചല്ലേ പറ്റൂ.

വിഷുവിന് കുട്ടികൾക്കായി കുറച്ചു ഉണ്ണിയപ്പം ഉണ്ടാക്കി...മാമ്പഴം ചെത്തി ഒരു അടിപൊളി പുളിശ്ശേരി ഉണ്ടാക്കി....വിഷുക്കണി വെക്കാനുള്ള പച്ചക്കറികൾ എല്ലാം മുറത്തിൽ ആക്കിവച്ചു.ചക്കയും മാങ്ങയും  മുളക് തക്കാളി പാവയ്ക്ക ഇഞ്ചി വഴുതിന ഇരുമ്പൻ പുളി വെണ്ട, മുളക് ,പപ്പായ നിത്യവഴുതിന   കശുമങ്ങാ കശുവണ്ടി...ചേമ്പ് ,ചീര ഇങ്ങനെ കുറച്ചു വേണ്ട പച്ചക്കറികൾ മുറത്തിൽ  ശേഖരിച്ചു.

വിഷുവിന് വിത്തു വിതയ്ക്കണം എന്നു കരുതി കാത്തു വെച്ച ചേമ്പിൻ തടകൾ കുഴികൾ കുത്തി ചാണകവും കുളത്തിലെ അഴുകിയ ഇലകളും അടിവളം ആയി ഇട്ട് നടാൻ ഒരുക്കി.രാവിലെ തന്നെ അവ നട്ടു വെക്കണം.ഏപ്രിൽ 15 എന്റെ പ്രിയതമന്റെ  ജന്മദിനം കൂടിയാണ്.പാൽപ്പായസം ആണ് കൂടുതൽ പ്രിയം.കാലത്തു തന്നെ തയ്യാറാക്കണം...വിഷു ഒരു പ്രതീക്ഷയാണ് ,സുഖത്തിന്റെ.... സംഭത്സമൃദ്ധിയുടെ.... പുതിയ ഒരു വർഷത്തിന്റെ......കണ്ണനെ കണികണ്ടുണരുന്ന പുതിയ പ്രഭാതം.....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ