വീണ്ടും വരവായി ഒരു വിഷുക്കാലം
രാവിലെ എഴുന്നേറ്റപ്പോൾ ഇരുട്ട് മരങ്ങളുടെ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്നു....എന്റെ കുയിൽ ചങ്ങാതി ഉയരമുള്ള പേരറിയാത്ത മരത്തിൽ ഇരുന്ന് കൂവി വിളിച്ചുകൊണ്ടിരുന്നു.. അകലെ ഏതോ അമ്പലത്തിൽ നിന്നുള്ള പ്രഭാത ഗാനം കേൾക്കാമായിരുന്നു..ഇന്നലെ പെയ്ത മഴയിൽ കുതിർന്നു നിൽക്കുന്ന പൂക്കളും ചെടികളും ഒരു കുളിർമ്മയും മണവും ചുറ്റിനും പരത്തി.
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പോൾ സ്വർണ്ണവര്ണ്ണത്തിൽ ഉള്ള അരുണരശ്മികൾ ഇലച്ചില്ലകൾക്കിടയിലെ ഇരുട്ടിനെ അകറ്റിയോടിച്ചു കഴിഞ്ഞിരുന്നു. പെയ്ത മഴയുടെ സന്തോഷം ഒറ്റപ്പെട്ട ഒരു തവള കരഞ്ഞു തീർക്കുന്നുണ്ടായിരുന്നു.ചായ വെക്കുമ്പോൾ പതിവ് കുരുവിക്കൂട്ടം കലപിലയോടെ എന്റെ അടുക്കളയുടെ ഓടിന്റെ ഇടയിൽ വെളിച്ചം കടക്കാനായി ഇട്ട ചില്ലിനിടയിൽ കൂടി ഒളിഞ്ഞു നോക്കി പറന്നുപോയി...
എന്റെ വെണ്ടയിലും, പാവലിലും, നിത്യവഴുതനായിലും....വഴുതിനയിലും കായ്കളുമായി വിഷുക്കണി ഒരുങ്ങി നിന്നു.അവയെല്ലാം പൊട്ടിച്ചാണ് നാളത്തെ വിഷു..ഇന്നലെ മുറിച്ചെടുത്ത ചക്ക വെട്ടിക്കീറി ഒരു പുഴുക്ക് ഉണ്ടാക്കി....അയൽവക്കത്തെ സ്നേഹം പഴുത്ത ചക്ക കഷണങ്ങൾ ആയി ഇന്നലെ തന്നെ എത്തിയിരുന്നു. അവകൊണ്ട് പെട്ടന്നുള്ള അരച്ചു കല്ലിൽ ചുട്ട അട തയ്യാറാക്കി.ഇഡ്ഡലിയും മുളക് വറുത്ത തേങ്ങ ചമ്മന്തിയും ചേമ്പു വറുത്തു ചുവന്ന നിറത്തിൽ ഉള്ള അച്ചാറും പ്രഭാത് ഭക്ഷണംവും തയ്യാറായപ്പോഴാണ്...ഒരു മോഹം മനസ്സിൽ വന്നുകയറിയത്...അമ്മയുടെ നെയ്യപ്പത്തിന്റെ മാവ് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ എന്ന്... പിന്നെ കൈയ്യിൽ ജ്യൂസ് അടിക്കാനായി തൊലി ചെത്തി വൃത്തിയാക്കിയ നാട്ടുമാങ്ങകൾ മാറ്റിവച്ചു ശർക്കര ഉരുക്കി അരിച്ചു പൊടി ഇട്ടു കട്ടയാവാതെ കലക്കി അതിൽ തേങ്ങാ കൊത്തും എലക്ക പൊടിച്ചതും ചേർത്തു വച്ചു.
മുറ്റത്തു വാഷിംഗ് മെഷിനിൽ നിന്ന് വരുന്ന വെള്ളത്തിൽ വരുന്ന പ്രാണികളെ തിന്നാനായി വന്നുനിന്ന ഒരു വെളുത്ത കൊക്ക് എന്നെ കണ്ടപ്പോൾ ശബ്ദം ഉണ്ടാക്കി പറന്നുപോയി.മുറ്റത്തെ കൽത്തൊട്ടിയിൽ കിളികൾ കലപില കൂട്ടി വെള്ളം കുടിക്കുകയും കുളിക്കുകയും ചെയ്യുന്നുണ്ട്.ഊഴം കാത്തു രണ്ട് കാക്കകൾ മരക്കൊമ്പിൽ ഇരിക്കുന്നുണ്ട്.
അങ്ങിനെ വിഷുവും ഇങ്ങെത്തിപ്പൊയി... ഒരിക്കലും കാണാത്ത ചങ്ങാതിയെ ഓർത്തു കണ്ണനെ കണി കണ്ട് ഉണരുന്നതും കാത്തു ...ഒരു പകൽ കൂടി..കടന്നുപോകുകയാണ്. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ പ്രഭാതം സ്വപ്നം കാണാനും ..പുതിയ കാര്യങ്ങൾ അറിയാനും എന്നെ അനുഗ്രഹിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന എല്ലാ സ്നേഹിതർക്കും എന്റെ കാണാത്ത ചങ്ങാതിക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.....😃😃😃
Comments
Post a Comment