കല്ലാറ്റിലെ അമ്മമ്മ

എന്റെ കല്ലാറ്റിലെ അമ്മമ്മ ഓർമ്മയാവുകയാണ്.ബാല്യത്തിൽ കാത്തു കാതിരുന്നുന്നുള്ള കല്ലാർ യാത്രയും...അസമയത്ത് ചെന്നു കേറുന്ന ഞങ്ങളെ ആനന്ദത്തോടെ സ്വീകരിച്ചു പതുക്കെ ഇരുട്ടത്തു പറമ്പിൽ നിന്ന് കപ്പ പറിച്ചു കൊണ്ടു വരുന്ന മുണ്ടും ബ്ലൗസും ധരിച്ചു തോളത്തു ഒരു തോർത്തുമുണ്ടും ഇട്ടു വരുന്ന അമ്മമ്മയും ഒരു ആനന്ദമായിരുന്നു. പറിച്ചെടുത്ത കപ്പ വിറകടുപ്പിൽ വേവിച്ചതും വറുത്ത മുളകുപൊടിയിൽ ഉപ്പും വെളിച്ചെണ്ണയും  ചാലിച്ചതും  കഴിച്ചതും ഇന്നലെ എന്നപോലെ ഓർക്കുന്നു. പുൽക്കെട്ടുകൾ കൊണ്ട് മേഞ്ഞ വീടിനും അമ്മമ്മയ്ക്കും ഉണക്കിയ കുരുമുളകിന്റെ രൂക്ഷമായ ഗന്ധം ആയിരുന്നു. രാവിലെ തിരിച്ചു പുറപ്പെടുമ്പോൾ വണ്ടിയിൽ ഇരുന്ന് ഞങ്ങൾക്ക് കഴിക്കാനായി ഉറക്കം ഒഴിച്ചു ഉണ്ടാക്കുന്ന നെയ്യപ്പത്തിനും അരി മുറുക്കിനും അമ്മമ്മയുടെ  സ്‌നേഹചൂട്‌ ഉണ്ടായിരുന്നു.

പ്ലാശിന്റെ ഇലയിൽ വേവിച്ചെടുക്കുന്ന ആവി പറക്കുന്ന പതുപത്തുത്ത ഇഡ്ഡലിക്കും ഒപ്പം തരുന്ന ചമ്മന്തി പൊടിക്കും വെളുപ്പിന് ഉള്ള തണുപ്പിനെയും കോടയേയും തോൽപ്പിക്കുന്ന രുചിയായിരുന്നു.പാറമടയിൽ നിന്ന് കോരി കൊണ്ടുവരുന്ന നല്ല ശുദ്ധമായ തെളിവെള്ളവും അമ്മമ്മയുടെ ഓർമ്മയായി ഉള്ളിൽ നിറയുന്നു. അവസാനം വരെ മക്കളെയും അവരുടെ മക്കളെയും കണ്ട് വീട്ടുകാര്യങ്ങൾ സ്വയം ചെയ്തു കൊണ്ട് ഓടിനടക്കുന്ന അമ്മമ്മ ഞങ്ങളുടെ കുടുംബത്തെ ഓര്മ്മിപ്പിച്ചു നിർത്തുകയും ചെയ്തിരുന്നു.ഓരോ കണ്ണിയായി പഴയ തലമുറകൾ തീരുകയാണ്...ഇന്ന് ഞാൻ നാളെ നീ എന്നു ഓർമ്മിപ്പിച്ചു കൊണ്ട്....എന്റെ ബാല്യത്തിന് രുചിയുടെ സ്നേഹത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് അമ്മമ്മ യാത്രയാവുകയാണ്....ഇനി ഒരിക്കലും കാണാത്തിടത്തേക്ക്.....ആ പാദങ്ങളിൽ എന്റെ പ്രണാമം....ഇനിയും ഒരു ജൻമം ഉണ്ടാങ്കിൽ അമ്മമ്മയുടെ കൊച്ചു മോളായി...തന്നെ ആയിരിക്കണം എൻ ജന്മം...എന്ന പ്രാർത്ഥനയോടെ ആവട്ടെ എന്റെ അശ്രുപൂജ.

Comments

Popular posts from this blog

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.

വിരാട് പുരുഷൻ