ക്ഷീണം തളർത്തിയ ദിവസം
വയ്യാ...വയ്യാ.. എന്നു ജപിച്ചാണ് കാലത്തു എഴുന്നേറ്റത്.കൈകളിലെ ലക്ഷ്മിയെയും സരസ്വതിയെയും ഗൗരിയെയും പ്രാർത്ഥിച്ചു ഭൂമിയിൽ തൊട്ട് വന്ദിച്ചു....ഒക്കെ തന്നെ.പക്ഷേ ഒരു രക്ഷയും ഇല്ല , ഭയങ്കര ക്ഷീണം. കണ്ണു തുറക്കാൻ വയ്യാ.. വെളിച്ചം വന്നു തുടങ്ങി. കുറച്ചു നേരം ഉമ്മറപ്പടിയിൽ ഇരുന്നു.ഒരു ചായ കിട്ടിയാൽ...ഇവിടെ ഇങ്ങനെ അലസമായി ഇരുന്ന് കുടിക്കാമായിരുന്നു.ആരും ഉണർന്നിട്ടില്ല.കിണറ്റിലെ പോക്കാൻ തവള പോലും..എന്നാലും അയൽവക്കത്തെ താറാവുകൾ കോഴികൾ ഇത്യാദി വകകൾ കൃത്യമായി ഹാജർ ഉണ്ട്.അവർ ഇങ്ങനെ എന്നെ നോക്കി ഓടണോ.. വേണ്ടയോ എന്ന് ആലോചനയിൽ ആണ്.കുറച്ചു നേരം അവർ ചികഞ്ഞോട്ടെ എന്നു കരുത്തിയപ്പോ അവർ എന്റെ ചാണകക്കൂനയിൽ തന്നെ കൈ വച്ചു.കഴിഞ്ഞ തവണ പുരയിടം വൃത്തിയാക്കാൻ വന്ന ബീഹാറികളോട് ഗോബർ...ഗോബർ..എന്ന് നൂറു തവണ കൈയും കലാശവും കാട്ടി കൊണ്ടു വരുവിച്ചതാണ്...പറഞ്ഞു മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവരും ഞാനും ക്ഷീണിച്ചു.
ഭോജ്പുരി ആണ് അവരുടെ ഭാഷ..നമ്മുടെ മുറി ഹിന്ദി....എൽക്കുന്നില്ല..🙄🙄. പിന്നെ അവർ വളരെ സഹതാപപൂർവം എപ്പോഴും രാം രാം ദീദി...നമസ്തേ ദീദി എന്നൊക്കെ വിളിക്കുന്നത് കൊണ്ടുള്ള സ്നേഹത്തിൽ ഒന്നു രണ്ടു ട്രോളി ഉണങ്ങിയ ചാണകം കൊണ്ടു തന്നു.ഇനി ഒരിക്കൽ കൂടി അവരോട് മുട്ടാനുള്ള ധൈര്യം എനിക്കില്ല. കൊത്തി കൊത്തി ചാണകത്തിൽ കേറി കൊത്തിയപ്പോൾ... പിന്നെ ഒന്നും നോക്കിയില്ല..ഞാൻ അതുവേണ്ട...അതുവേണ്ട...എന്ന് ദിലീപ് ന്റെ ശബ്ദത്തിൽ പറഞ്ഞു അവറ്റയെ ഓടിച്ചു വിട്ടു..
കുയിൽ ചങ്ങാതിയും കൂട്ടുറുവാനും...വന്ന് നല്ല മേളം നടത്തുന്നുണ്ട്.എനിക്കിപ്പോ ഒന്നിനും ഒരു മൂഡ് ഇല്ല. കാവിലെ കിണര് കുഴിക്കാൻ ഉള്ളവർ രാവിലെ തന്നെ എത്തിയിട്ടുണ്ട്.ഇന്ന് എന്റെ പോക്കാൻ തവളയെ പിടിക്കും എന്നാണ് വാക്ക്...അവനെ കിട്ടിയിട്ട് വേണം രണ്ടു ഫോട്ടോ എടുത്തു പോസ്റ്റാൻ... അമ്മയ്ക്ക് കഥ എഴുതാൻ ഒരു തീം കിട്ടിയല്ലോ എന്നാണ് മക്കളുടെ ഭാഷ്യം. തവളയെ കുടത്തിൽ ആക്കി തന്നാൽ മാത്രം മതി ഞാൻ ദൂരെ കൊണ്ടുപോയി കളയാം എന്നു പറഞ്ഞു വച്ചിട്ടുണ്ട്. ഫോട്ടോ എടുക്കാൻ ആണെന്ന് പറയാൻ പറ്റുമോ??കുളം കലക്കി അല്ല കിണര് കലക്കിയെ കാണാൻ ഒരുപാട് പേർ കാത്തിരിക്കുന്നു എന്ന കാര്യം അവർക്ക് അറിയില്ലല്ലോ...എന്തായാലും പാചകം കഴിയാട്ടെ..മസാലദോശ.. ചമ്മന്തിയും.. പിന്നെ *മെതിയെ സുക്കെ*(ഉലുവ ചെറുപയർ തോരൻ) ചക്കക്കുരു മെഴുക്കുപുരട്ടി... പാവയ്ക്കാ അച്ചാർ... കുറച്ചു മാമ്പഴം തൊലി ചെത്തി പൂളിയത്..ഒക്കെ ആയപ്പോൾ ഞാൻ റെഡി ആയി..പോക്കാൻ തവളയെ പിടിക്കുന്ന കാഴ്ച്ച കാണാൻ.....☺️☺️☺️
Comments
Post a Comment