വിഷു വിഭവങ്ങൾ
ഇന്ന് രാവിലെ എന്നെ വിളിച്ചുണർത്തിയത് ഒരു കുയിലിന്റെ കൂ കൂ ശബ്ദം ആണ്.കണ്ണു തുറന്ന് കൈകളിൽ നോക്കുന്നതിനു പകരം ആദ്യം തന്നെ ജനൽ തുറന്ന് അവനെ നോക്കുകയാണ് ചെയ്തത്.വീട്ടുമുറ്റത്തെ ചന്ദന മരത്തിന്റെ നല്ല പഴുത്ത കായ്കൾ കൊത്തി വിഴുങ്ങുന്നതിന് ഇടയിൽ ആണ് അവന്റെ ഈ ഗാനാലാപനം.
അടുക്കളയിൽ ചെന്നപ്പോൾ വിഷുവിന് കാത്തു വച്ച ചക്ക പഴുത്ത സുഗന്ധം.ചൂട് കൂടുതൽ ആയതു കൊണ്ടാവാം എല്ലാം പെട്ടന്ന് പഴുക്കുന്നു.ഇന്നലെ പൊട്ടിച്ചു വച്ച പൈൻ ആപ്പിൾ ഭാഗ്യത്തിന് പഴുത്തിട്ടില്ല. ചെടിയിൽ തന്നെ വച്ചാൽ കിളികൾ ബാക്കി വയ്ക്കൂല്ല...അവറ്റയ്ക്ക് തിന്നാൻ വേറെയും ഒരുപാട് വിഭവങ്ങൾ ഉണ്ടല്ലോ...
ചായ കുടിച്ചു കഴിഞ്ഞിട്ടും എന്റെ കുയിൽ കൂട്ടുകാരൻ പോയിരുന്നില്ല.ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ അവൻ എന്നെ കളിയാക്കി പറന്നു പോയി.
പിന്നെ ചക്ക മുറിച്ചു മിക്സിയിൽ അരച്ചെടുത്തു തേങ്ങ, ശർക്കര ,അരിപ്പൊടി , ഗോതമ്പ് പൊടി,ഏലയ്ക്ക പൊടി ഇവയോ്ക്കെ ചേർത്തു കുഴച്ചു നെയ് പുരട്ടിയ കല്ലിൽ കൈകൊണ്ട് പരത്തി തിരിച്ചും മറിച്ചും മൊരിച്ചെടുത്തു വിളമ്പിയപ്പോൾ ചക്ക വിരോധി ആയ എന്റെ പ്രിയതമനും പ്രതിപ്പെടാതെ ഒരെണ്ണം കഴിച്ചു.ഒരെണ്ണം ഉച്ചയ്ക്ക് കഴിക്കാൻ പത്രത്തിൽ ആക്കി തരാൻ പറഞ്ഞപ്പോൾ ഞാൻ ഇങ്ങനെ കൈകൾ വീശി വീശി വായുവിൽ പറന്നു പറന്നു പോയി....
അപ്പഴും എന്റെ ചങ്ങാതി ചന്ദന മരത്തിൽ ഇരുന്ന് എന്നെ ഓർമ്മപ്പെടുത്തി അവനെ കുറിച്ചു കൂടി എഴുതണെ എന്ന്......
ഈ വിഷുക്കാലത്തു അവനെ പറ്റി അല്ലാതെ ഞാൻ എന്ത് എഴുതാൻ...
Comments
Post a Comment