ഒരു പുതിയ തുടക്കം
ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോകുന്നത് !!പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാൻ ക്ഷണിക്കേണ്ടവരെ എല്ലാം ക്ഷണിച്ചു കഴിഞ്ഞു..കാവിൽ പീഠങ്ങൾ ഉറപ്പിച്ചു ...പെയിന്റ് അടിച്ചു...വലിയ ഒരു മണി വാങ്ങിച്ചു..ഓട്ടു പാത്രങ്ങൾക്ക് പേരുകേട്ട മാന്നാർ നിന്നാണ് അതു വാങ്ങിയത്... അതിൽ നിന്ന് ഉയരുന്ന നാദത്തിന്റെ വീചികൾ ദുഷ്ടശക്തികളെ അകലേക്ക് പായിക്കുമത്രെ... ഓം കാര ശബ്ദത്തിന്റെ ശക്തി അപാരമാണ്..അതിന്റെ നാദത്തിന് നമ്മിൽ പോസറ്റീവ് എനർജി ഉണ്ടാക്കാൻ സാധിക്കും. ഇനി മുതൽ ഞങ്ങൾക്കും കേൾക്കാം രണ്ടു നേരവും ഈ ശബ്ദം.😍
പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുന്ന നവധാന്യങ്ങൾ മുളച്ചു തുടങ്ങി..രണ്ടു നേരവും വെള്ളം തളിച്ചു ആരതി ഉഴിയുന്നുണ്ട്.കാലത്തു കാവിലെ പൂജയ്ക്ക് പുഷ്പങ്ങൾ പറിക്കാനായി മുറ്റത്ത് ഇറങ്ങിയപ്പോൾ ആണ് താറാവ്കളും കോഴികളും നിരനിരയായി വേലി നൂണ്ട് വരുന്നത് കണ്ടത്.എന്നെ കണ്ടപ്പോൾ അവർ പെട്ടന്ന് നിന്നു.പൂവൻ ഉറക്കെ കൂവി മുന്നറിയിപ്പ് കൊടുത്തു.താറാവുകൾ എന്റെ ചൂളമടിക്കൊപ്പം തിരിഞ്ഞു വരിവരിയായി ഒറ്റ നടത്തം കൊടുത്തു.കുഞ്ഞുങ്ങളുമായി വന്ന പിടക്കോഴി കുറച്ചു ബഹളം ഒക്കെ ഉണ്ടാക്കി അവരെയെല്ലാം തിരിച്ചു വിളിച്ചുകൂട്ടി കൊണ്ടുപോയി.. പൂവൻ മാത്രം ഒന്നും അറിയാതെ നിന്ന് പൂക്കൾ താലത്തിൽ ശേഖരിച്ച് കൊണ്ടിരുന്ന എന്നെ പുറകിൽ പറന്നു കയറി കൊത്തി. തിരിഞ്ഞു നിൽക്കുകയായതുകൊണ്ട് എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ചിറകടി ശബ്ദവും എന്തോ ശരീരത്തിൽ വന്ന് തട്ടിയത് പോലെയെ തോന്നിയുള്ളു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കഴുത്തിലെ പൂടയെല്ലാം വിരിച്ചു നിൽക്കുന്ന പൂവനെ ആണ്. പിന്നെ ഒന്നും നോക്കിയില്ല കിട്ടിയ സ്പീഡിൽ ഓരോട്ടം വെച്ചു കൊടുത്തു.അവനും എന്റെ പുറകെ നല്ല സ്പീഡിൽ വന്നെങ്കിലും ഇടയ്ക്ക് പെട്ടന്ന് ബ്രേക്ക് ഇട്ട് ചികയാൻ തുടങ്ങി... ഭാഗ്യം ,അല്ലെങ്കിൽ ഇന്നെന്റെ പണി തീർന്നേനെ.
തുളസിത്തറ നിറം അണിഞ്ഞു സുന്ദരിയായി നിൽപ്പുണ്ട്.ചെറിയ *ചെമ്പു*എന്ന ചെമ്പ് മൊന്തയിൽ കിണറ്റിൽ നിന്ന് കോരിയ വെള്ളം കൊണ്ടുവന്ന് തുളസിച്ചെടിയുടെ എല്ലാ ശിഖിരത്തിലും വെള്ളം തളിച്ചു നനച്ചു.ഒരു പൂവും പ്രാർത്ഥനയോടെ അർച്ഛിച്ചു.ഇന്നത്തെ പ്രഭാതം അങ്ങിനെ ആരംഭിച്ചു.
Comments
Post a Comment