അമ്മയുടെ പിറന്നാൾ😍😍


.എന്റെ ഓർമ്മയിലെ അമ്മയ്ക്ക് രാത്രിയിലെ പാത്രങ്ങളുടെ ശബ്ദമാണ്...അടുക്കളയിലെ വിറകിന്റെ മണമാണ്...സഹോദരങ്ങളെ ഉറക്കുന്ന ഉണ്ണി ആരാരിരോ എന്ന പാട്ടിന്റെ ഈണമാണ്. രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണർത്തി നിർബന്ധിചു കുടിപ്പിക്കുന്ന കാച്ചിയ പാലിന്റെ രുചിയാണ്... അതി രാവിലെ  തയ്യാറാക്കുന്ന കട്ടൻ ചായ മുതൽ രാത്രിയിൽ പാത്രങ്ങള് എല്ലാം തേച്ചു വച്ചു രാവിലെ പലഹാരം തയ്യാറാക്കാനുള്ള മാവ് തയ്യാറാക്കി എറ്റവും ഒടുവിൽ പാൽ ഉറയൊഴിക്കുന്നതോടെ തീരുന്ന ഒരു ദിനമാണ്..എന്റെ അമ്മയുടേത്

അമ്മ ഉണ്ടാക്കുന്ന ദോശക്ൾ... ഇഡ്ഡലികൾ...ആപ്പം... ഇടിയപ്പം..പുട്ട്...ചപ്പാത്തി  എന്നിവയ്ക്കൊന്നും എണ്ണമില്ലായിരുന്നു. .......തിന്നുന്നതിന് കണക്കും....അടുക്കളയിൽ അമ്മ ഉണ്ടാക്കിവച്ച പലഹാരങ്ങളും ചോറും  വഴിയിൽ പോകുന്ന ആർക്കും എടുത്തു കൊടുക്കുവാനുള്ള സ്വാതന്ത്ര്യം അന്നും ഇന്നും അമ്മ എനിക്ക് തന്നിരുന്നു. പക്ഷെ എന്തുകൊണ്ടോ ആ സ്വാതന്ത്ര്യം എന്റെ മകൾക്ക് കൊടുക്കാൻ എനിക്ക് ഇന്നും സാധിച്ചിട്ടില്ല. ബാല്യത്തിൽ ഒരിക്കലും ഒരു സഹായം ഞാൻ അമ്മയ്ക്ക് ചെയ്തതായി ഓർമ്മയില്ല... ഉണ്ടാക്കിയത് ഒക്കെ തിന്നുകയും കുട്ടികൾക്ക്  വാരി കൊടുക്കുകയും അല്ലാതെ... നാഴിയും ഇടങ്ഴിയും പോലെ എപ്പോഴും തിന്നോണ്ടിരിക്കുന്ന 6 മക്കൾ ഉള്ള വീട്ടിൽ എന്നും ഭക്ഷണം അമ്മ നിറച്ചു വച്ചിരുന്നു.പലപ്പോഴും അച്ഛൻ ദേഷ്യപ്പെട്ടു പറഞ്ഞിട്ടുണ്ട്...*ആനയെ തല്ലിക്കൊന്ന് ഇട്ടാൽ വൈകുന്നേരം ആകുമ്പോൾ ഒന്നും മിച്ചം കാണില്ല* എന്നാലും  അമ്മ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.കുസൃതി കാണിച്ചു അച്ഛൻ അടിക്കാൻ വരുമ്പോൾ ഇടയിൽ നിന്ന് ആ തല്ല് മുഴുവൻ ഞങ്ങൾക്കായി വാങ്ങിയതും അമ്മ തന്നെ. സ്നേഹത്തോടെ കൊണ്ടുനടന്നതും ...നോക്കിയതും ആയുള്ള ഓർമ്മകൾ അമ്മയെക്കുറിച്ചില്ല. വലിയ കൂട്ടു കുടുംബത്തിലെ ഉത്ത രവാദിത്വങ്ങൾ അതിനുള്ള അവസരം അമ്മയ്ക്ക് നൽകിയില്ല എന്നതാണ് സാരി.എന്നാൽ അതെല്ലാം ഇപ്പോൾ അമ്മ തീർത്തു തരുന്നു.എന്നെ കടകളിൽ കൊണ്ടുപോയും അമ്പലങ്ങളിൽ കൊണ്ടുപോയും ഒരുമിച്ചു നടന്നും ചിരിച്ചും കളിച്ചും കുട്ടിക്കാലത്തു നഷ്ടപ്പെട്ട എന്റെ  സന്തോഷങ്ങൾ തിരിച്ചു തരുന്നു.ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കിത്തന്നും കൊച്ചു കൊച്ചു ചുറ്റിക്കറക്കങ്ങൾ നടത്തി ഞങ്ങൾ ആ കാലത്തെ തിരിച്ചു പിടിക്കാറുണ്ട്.

വിവാഹം കഴിഞ്ഞ് ഭർതൃമതിയായി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ അമ്മ രണ്ടു കാര്യമേ പറഞ്ഞു തന്നുള്ളു...*ഭർത്താവ് പറയുന്നത് എന്തുതന്നെ ആയാലും കേൾക്കണം..ഇവിടുത്തെ പോലെ അകത്തു വെച്ചിരിക്കുന്ന  വിഭവങ്ങൾ ഒന്നും ആർക്കും വാരി കൊടുക്കരുത്*എന്നും.അത്ഭുതത്തോടെ കേട്ടെങ്കിലും അമ്മ പറഞ്ഞു തന്ന ആ കൊച്ചു പാഠം ജീവിതത്തിലെ എറ്റവും വലിയ പാഠം ആയിരുന്നു എന്ന് അനുഭവത്തിലൂടെ  എനിക്ക് മനസ്സിലായി. ഞങ്ങൾ ആറു മക്കൾ ആറു സ്വഭാവവും രീതിയും ആണെങ്കിലും ഞങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നത് അമ്മ തന്നെ ആണ്.

ഇന്ന് എന്റെ അമ്മയുടെ ജന്മദിനം ആണ്.ഒരിക്കൽ പോലും ആഘോഷിച്ചതായി ഓർമ്മയില്ല. ഞങ്ങളുടെ എല്ലാം പിറന്നാളുകൾ എന്റെ വിവാഹം വരെയും സദ്യ തയ്യാറാക്കി അമ്മ വിളമ്പിയിരുന്നു.അമ്മയുടെ കൂടെ ഇന്ന് കൂടാൻ  എനിക്ക് സാധിച്ചില്ല എനിക്കും എന്റെ അനിയത്തിയും കുടുംബവും അതു ഗംഭീരമാക്കി.ഇനിയും ഇനിയും ദീര്ഘായുസ്സും ആരോഗ്യവും അമ്മയ്ക്ക് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.