പ്രഭാതസവാരി.

ഇന്നലെ രാത്രി നല്ല കാറ്റും ഇടിയും ആയിരുന്നു... ഭൂമിയെ തണുപ്പിക്കത്തക്കരീതിയിൽ നല്ല മഴയും പെയ്തു..പൂജയ്ക്ക് എടുക്കുന്ന വെളുത്ത പുഷ്പങ്ങൾ ഉണ്ടാകുന്ന ചെടി വേനലിൽ ഉണങ്ങി നിന്നിരുന്നത് ഇടയ്ക്കിടെ കിട്ടുന്ന വേനൽ മഴയിൽ കുളിർന്ന്ന് നിറയെ പൂക്കളുമായി കാറ്റിൽ ആടി നിൽപ്പുണ്ട്.....രണ്ടു ദിവസം മുൻപ് പൂക്കളം പോലെ മനോഹരമായി നിന്നിരുന്ന കൂണുകൾ ചവറിലകൾക്ക് ഇടയിൽ മറഞ്ഞു പോയി..ഭൂമിയിലെ നമ്മുടെ ജീവിതം ക്ഷണികമാണെന്നു ഓർമ്മിപ്പിച്ചുകൊണ്ട്...വെളുത്ത ചെമ്പകത്തിന്റെ ചുവട്ടിൽ ഇതളുകൾ ആരോ വിതറിയിട്ടത് പോലെ വീണ് കിടപ്പുണ്ട്. ഭൂമിയുടെ കണ്ണീർത്തുള്ളികൾ പുൽതുമ്പുകളിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. നനഞ്ഞ മണ്ണിൽ ചെരിപ്പിടാതെ നടക്കുമ്പോൾ പാദങ്ങൾക്ക് എന്തു സുഖം!!

പതിവുകാരായ പക്ഷികൾ അവയുടെ ആനന്ദകരമായ ശബ്ദങ്ങൾ ഉയർത്തി അവർ ഇവിടെ തന്നെ ഉണ്ടെന്ന കാര്യം ഓർമ്മപ്പെടുത്തുന്നു. കിണറ്റിൽ  നിന്ന് ബുദ്ധിമുട്ടി  പിടിച്ചു  ദൂരെ കുളത്തിൽ കൊണ്ടുപോയി വിട്ട പോക്കാൻ തവള വീണ്ടും കിണറ്റിൽ തന്നെ ഉണ്ട്.അവൻ എന്നെ കളിയാക്കികൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ട് പോയി. കുമ്പള വള്ളിയിൽ കായീച്ചയെ തോൽപ്പിച്ചു ആദ്യത്തെ കാ പിടിച്ചിട്ടുണ്ട്. ദിവസവും അവൻ വലുതാകുന്നുണ്ടോ എന്നാണ് എന്റെ നോട്ടം...പാവയ്ക്കാ മിക്കവാറും എന്റെ കണ്ണു വെട്ടിച്ചു കായീച്ചകൾ തുളയിട്ടു കൊണ്ടിരിക്കുന്നു.എന്നാലും തോൽക്കാൻ എനിക്ക് മനസ്സില്ല എന്നു പറഞ്ഞു കൊണ്ട് എന്നും ഞാൻ അവറ്റകളോട് പടവെട്ടി കൊണ്ടിരിക്കുന്നു.

കാവിൽ കിണറുപണി തീർന്നിരിക്കുന്നു.ഇനി ഒന്നുകൂടി തേകിയാൽ നല്ല വെള്ളം കിട്ടും....മതിലിൽ കാവൽക്കാർ ആയി രണ്ടു വാലുള്ള സർപ്പങ്ങളെ പിടിപ്പിച്ചു വച്ചിരിക്കുന്നു.അവർ എത്തി എന്ന് അടയാളവുമായി ഒരു മൂർഖൻ മുറ്റത്തു നിന്ന് ഇഴഞ്ഞു എന്റെ കൂണുകൾക്ക് ഇടയിൽ മറഞ്ഞു.രാവിലെ തന്നെ ഉറയ്ക്കെ ഒരു തവളയുടെ നിലവിളി കേട്ടിരുന്നു... ഒരു മഞ്ഞ ചേര വലിയ ഒരു തവളയെ കടിച്ചു പിടിച്ചു കുളത്തിൽ നിന്ന് കയറി കരികിലകൾക്ക് ഇടയിൽ മറഞ്ഞു.ഓടിച്ചെന്ന് കിണറ്റിൽ നോക്കി...അവൻ അവിടെ തന്നെ ഉണ്ട് എന്റെ പോക്കാൻ തവള. വീടിന് മുകളിലും ചുറ്റിനും കാക്കകളും കിളികളും ബഹളം വച്ചു പുതുമഴയിൽ പറന്നു വീണ ഈയലുകളെ കൊത്തി തിന്നുന്നുണ്ട്....ജീവ്‌തം എത്ര നിസ്സാരം...ഇന്ന് ഞാൻ നാളെ നീ...

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ