പുതിയാവിൽ വീട്

പുതിയാവിൽ വീട്...ഒരു അഭയം ആണ്..കാക്കകൾക്കും കിളികൾക്കും ആൽമരം എന്നപോലെ.എന്റെ കല്ലാറ്റിലെ അമ്മമ്മയുടെ കുടുംബവീടാണ് പുതിയാവിൽ വീട്...കല്ലാർ വിട്ട് പോരേണ്ടി വന്നപ്പോൾ അമ്മമ്മ അപ്പൂപ്പന്റെ നാടായ ആറന്മുളക്ക് പോകുന്നതിന് പകരം പുതിയാവിൽ ആണ് എത്തിയത്....വലിയമ്മൂമ്മക്ക് എല്ലാവരെയും ഉൾക്കൊള്ളാൻ ആവുന്ന വലിയ മനസ്സായിരുന്നു. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും കഷ്ടി ആയിരുന്നു എങ്കിലും മക്കളും കൊച്ചുമക്കളും മരുമക്കളും ആയി  അഭയം തേടി വരുന്ന എല്ലാവർക്കും പുതിയാവിൽ വീട്ടിൽ ഒരു പുൽപ്പായ ഉണ്ടായിരുന്നു.ഒരു ഇല ചോറും....

കാലാകാലങ്ങളിൽ ഒരുപാട് പേർ അവിടെ താമസിച്ചിട്ടുണ്ട്... വരാന്തയിലും അറയിലും മുറ്റത്തും എന്തിന് അടുക്കളയിൽ വരെ പായിട്ട് കിടന്നിട്ടുണ്ട്.സ്വന്തം കാലിൽ നിൽക്കാനും പറക്കാനും പ്രാപ്തി ആയപ്പോൾ എല്ലാവരും പറന്നുപോയി. മുന്നിലെ തുളസിത്തറയുടെ മുന്നിൽ  തോർത്തുടുത്തു ആദിത്യപൂജ ചെയ്യുന്ന ഒരു രൂപം ഉള്ളിലുണ്ട്...അതു വലിയ അപ്പൂപ്പൻ ആയിരുന്നോ ആവോ...പറഞ്ഞു തരാൻ ഇപ്പോൾ ആരും ഇല്ല.ഒരു മുണ്ട് മാത്രം ഉടുത്തു അതിന്റെ തുമ്പു കൊണ്ട് മാറിടം മറച്ചു സ്നേഹത്തോടെ ഓടി വരുന്ന വലിയ അമ്മൂമ്മ ഇന്നില്ല.കുടുംബത്തെ ഒരുമിപ്പിച്ചു കൊണ്ടു പോയ വലിയ അമ്മാവന്റെ ഫോട്ടോ ചിതൽ തിന്ന് നിറം മങ്ങി കിടപ്പുണ്ട്. പറന്നു പോകാൻ ചിറകുകൾക്ക് ബലം വെയ്ക്കാൻ കാത്തു ഒരു കുടുംബം കൂടി അവിടുണ്ട്.ജീർണ്ണിച്ച ചുവരുകളും കുമ്മായം അടർന്ന ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയും അതുവരെ എങ്കിലും നിലനിൽക്കട്ടെ.....

പുതിയാവിൽ ഇനി എന്റെ അമ്മമ്മ ഇല്ല...ചിരിച്ചുകൊണ്ട് വരുന്ന വെളുത്തമുടിയുള്ള അപ്പൂപ്പനും...ഇന്നത്തോടെ ആ കണ്ണികളും അറ്റു തീർന്നു. അമ്മമയെയും അപ്പൂപ്പനെയും വെള്ള പുതപ്പിച്ചു കിടത്തിയ മുറിയിൽ അവരുടെ പാദങ്ങളിൽ നമസ്കരിച്ച അതേ സ്‌ഥലത്ത്‌ ഇരുന്ന് അവർക്കായി നേദിച്ച ഒരുപിടി ചോറും ഉരുള ഉരുട്ടി ഉണ്ടപ്പോൾ കണ്ണിന്റെ കോണുകളിൽ വെള്ളം നിറഞ്ഞു കാഴ്ചകൾ മറഞ്ഞു.ഇനി ഒരിക്കൽ കൂടി വരവില്ല.... അവിടെ ഓടിച്ചെല്ലാൻ.... സ്നേഹത്തോടെ ഓർക്കാൻ ഇനി ഒരു മുഖം...മനസ്സിൽ ഇല്ല...ഒരിക്കൽ കൂടി കാണണം എന്നില്ല. ..അവസാനത്തെ കിളികളും പറന്നുപോകുമ്പോൾ എന്റെ പുതിയാവിൽ വീടും ഒരു ഓർമ്മ മാത്രം ആവും....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ