വീണ്ടും ഒരു മഴക്കാലം
ഇടിവെട്ടും മിന്നലുമായി വന്ന വേനൽ മഴ ഓടിപ്പാഞ്ഞു പോയി...നനുനനെ പെയ്യുന്ന ചാറ്റൽ മഴയും ഇളം കാറ്റും ഇരുട്ടുമായി മഴക്കാലം വിരുന്നെത്തി.എവിടെയോ മറഞ്ഞു കിടന്ന ചീവീടുകൾ ചെവിതുളക്കുന്ന രാഗവുമായി തിരിച്ചെത്തി. അവരുടെ കൂട്ടത്തോടെ ഉള്ള രാഗാലാപനങ്ങൾ ആരോഹണ അവരോഹണങ്ങളിൽ ഉയർന്നു താഴ്ന്നു ചില നേരങ്ങളിൽ അവർ പെട്ടന്ന് നിശബ്ദരായി...നിശബ്ദതയുടെ സൗന്ദര്യം മനസ്സിലാക്കി തന്നു. ഓട്ടപ്പാച്ചിലിനിടയിൽ കാണാതെ പോയ ചില കാഴ്ച്ചകൾ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമം തുടങ്ങിയിട്ട് ഒന്നുരണ്ടു ദിവസമായി.രാത്രികളിൽ ചീവിടുകളുടെ ശബ്ദത്തോട് തവളക്കൂട്ടങ്ങളും പേരറിയാത്ത പല ജീവികളും മത്സരിച്ചു.കിണറ്റിലെ വെള്ളം മുകളിൽ വരെ എത്തി..കുളം നിറഞ്ഞു തുടങ്ങി.. മീൻ പിടിക്കാൻ പൊൻമാനും... കുളത്തിന്റെ വരമ്പിൽ കുളക്കോഴിയും മുട്ടയിട്ട് കാവലിരുന്നു.മുട്ട വിരിയുന്നത് വരെ അവർ കള്ക്ക്..കള്ക് എന്ന ശബ്ദത്തോടെ കാവലിരുന്നു.മുട്ടകൾ വിരിഞ്ഞത് കൊണ്ടാവാം ഇപ്പോൾ അവയെ ഒന്നും കാണാനില്ല.അമ്പലം വന്നതോടെ കോഴികളും താറാവുകളും കൂട്ടിലായി.വൃ ത്തിയാക്കിയ മുറ്റം ചികയാനും കുളത്തിൽ നീന്തി തുടിക്കാനും അവ വരാതെയായി. മുറ്റത്തു അവരിട്ട താറാവ് മുട്ട ഫ്രിഡ്ജിൽ ആർക്കും വേണ്ടാതെ ആഴ്‌ചകൾ ആയി ഇരിക്കുന്നു.
മുറ്റത്തെ പനീർ ചെമ്പകം അടിമുടി മൊട്ടിട്ടു. അതിന്റെ കൊഴിഞ്ഞു വീണ ഇതളുകൾ മരത്തിന് ചുറ്റും പൂ മെത്ത വിരിച്ചു.സന്ഡ്യകളിൽ അവയുടെ സൗരഭ്യം ജനലുകളിലൂർടെ എന്റെ മുറികളിൽ എത്തി എത്തി എന്നെ ചേർത്തുപിടിച്ചു. പാരിജാതത്തിന്റെ ചുവപ്പും വെള്ളയും നിറമുള്ള പൂക്കൾ നിറയെ കൊഴിഞ്ഞു വീഴുന്നുണ്ട്.പക്ഷെ അവയെല്ലാം ചെമ്പകത്തിന്റെ ഇതളുകൾ വീണു മൂടിപ്പോകുന്നു. അടുക്കളമുറ്റത്തു വേനൽ മഴയുടെ ബാക്കിപത്രം ആയി ഒരു വലിയ കൂണ് ഉയർന്നു നിന്നു. ഉറക്കം കണ്ണുകളെ വന്ന് മൂടുവോളം ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ സ്വയം സൗരഭ്യങ്ങളിൽ മുഗ്ദയാവാനും ഉറങ്ങുന്നത് വരെയും ഇടയ്ക്കുള്ള ഉണർവിലും മഴക്കാല രാവിന്റെ ശബ്ദങ്ങൾ ആസ്വദിക്കാനാവുന്നതും എത്ര പുണ്യം....ഇനിയെത്രനാൾ മുന്നിലുണ്ടെന്നറിയില്ല...എങ്കിലും കിട്ടിയ സൗഭാഗ്യങ്ങളിൽ മുഗ്ധയാവുക തന്നെ ലക്ഷ്യം.
Comments
Post a Comment