മഴക്കാലം വന്നു
ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴയാണ്...കാറ്റുവീശിയും ഇടയ്ക്കിടെ കോരിച്ചൊരിഞ്ഞും പിന്നെ നനുനനുത്ത മഴത്തുള്ളികൾ ആയി ഭൂമിയിൽ നിർത്താതെ അവൾ പെയ്തുകൊണ്ടേയിരുന്നു.വീടും മുറ്റവും മഴയിൽ നിറഞ്ഞു.ശക്തിയായ മഴ പെയ്യുമ്പോൾ ഒഴുകിപ്പോകാൻ പറ്റാത്ത മഴത്തുള്ളികൾ വീടിന് ഉള്ളിലേക്ക് ഒഴുകിയെത്തും..അവയെ സ്വീകരിക്കാൻ വലിയ പാത്രങ്ങളുമായി ഞങ്ങൾ ഒരുങ്ങിയിരിക്കും.പണ്ടത്തെ വീട് കുളത്തിൽ നിന്ന് കുറച്ചു അകലത്തിൽ ആയിരുന്നു. പിന്നീട് മുന്നിൽ രണ്ടു മുറികൾ കെട്ടിയെടുത്തപ്പോൾ കുളം മുറ്റത്തോളം ആയി...വലിയ മഴക്കാലത്ത് കുളത്തിന്റെ വശങ്ങൾ ഇടിയുമോ എന്ന ഭയം മൂലം മഴവെള്ളം കിഴക്കേ പുരയിടത്തിലേക്ക് ഒഴുകി പോവാനായി എന്റെ ഫാദർ ഇൻ ലാ എല്ലാ വർഷവും ഒരു തോട് വെട്ടുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അത് കാട് മൂടി കിടന്നു.ഇന്നലെ ഞാൻ അതു വെട്ടി വൃത്തിയാക്കി.അതിലൂടെ മഴവെള്ളം കുളത്തിന്റെ വശങ്ങൾ ഇടിക്കാതെ പുരയിടത്തിലെ മണ്ണ് എടുത്ത കുഴിയിലേക്ക് ഒഴുകിപ്പോകുന്നത് കാണുമ്പോൾ അദ്ദേഹം സമാധാനത്തോടെ മുകളിൽ ഇരുന്നത് കാണുന്നുണ്ടാവും.
ഇന്ന് നേരം പുലർന്ന് വളരെ വൈകിയാണ് ഉണർന്നത്...വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നത് കൊണ്ട് സമാധാനമായി പുലരുവോളം ഉറങ്ങി....രാത്രിയിൽ ചീവീടുകളുടെ ശബ്ദത്തെ കടത്തി വെട്ടിക്കൊണ്ടു തൊട്ടു അടുത്ത മൂടിക്കളഞ്ഞ തൊണ്ട് കുളത്തിൽ നിന്ന് തവളയുടെ കരച്ചിൽ ഉയർന്നു.അതു ഉറക്കം കണ്ണുകളെ തഴുകുന്നത് വരെ മഴത്തുള്ളികളുടെ ശബ്ദത്തോടൊപ്പം എന്റെ ഉള്ളിലും മുഴങ്ങിക്കൊണ്ടിരുന്നു.
കാലത്തു പൂജയ്ക്ക് എടുത്ത പുഷ്പങ്ങൾ പലതും തണുപ്പ് മൂലം പാതി വിരിഞ്ഞവ ആയിരുന്നു.മുറിച്ചു കളഞ്ഞ ഒരു തെങ്ങിൻ കുറ്റിയിൽ മനോഹരമായ കൂണുകൾ വിരിഞ്ഞിരുന്നു.കുളത്തിൽ വെള്ളം കലങ്ങി നിറഞ്ഞു...കാലുകൾ മണ്ണിൽ പതിയുമ്പോൾ അവയിൽ വെള്ളം കിനിയുവൻ തുടങ്ങി. മരങ്ങളും കിളികളും മഴമൂലം മൂടി നിശബ്ദരായി ഇരുന്നു.കരികില കിളികൾ മാത്രം മഴയുടെ തോർച്ചയിൽ ശബ്ദം കൂട്ടി കലപില ഉണ്ടാക്കി പറന്നു വന്നു.
Comments
Post a Comment