ഓർമ്മയിലെ രുചികൾ
മഴക്കാല രുചികൾ എല്ലാം അമ്മമ്മയുടെ ഓർമ്മകൾ ആണ്.കോരിച്ചൊരിയുന്ന മഴയത്തും വിറക് അടുപ്പിൽ നിന്ന് കൾച്ചട്ടിയിലും ഇരുമ്പു ചീനചട്ടിയിലും അലൂമിനിയം കലത്തിലും ഒക്കെ പാകം ചെയ്ത ചൂട് വിഭവങ്ങൾ... കഴിക്കാൻ ഇരിക്കുമ്പോഴും അതിന്റെ ചൂട് ആറാൻ കാത്തിരിക്കേണ്ടി വരും.ഡൈനിങ്ങ് ടേബിൾ വരുന്നതിന് മുൻപ് വെറും നിലത്തു ചമ്പ്രം പടിഞ്ഞിരുന്നു മഴയുടെ തണുപ്പിനൊപ്പം അവ കഴിച്ച ഓർമ്മകൾ ഇന്നും എന്റെ ഉള്ളിലെ മഴയെ ഉണർത്തുന്നു. രാവിലെ...റോന്റോസോ ...ചപ്പാത്തി.. പൂരി...അഡ്‌സറാ പോളോ..ഇവയ്ക്കെല്ലാം ഒപ്പം തോയ് എന്നു വിളിക്കുന്ന സാർവദേശീയ പരിപ്പ് വെള്ളം മഞ്ഞൾ പൊടിയും ചിലപ്പോൾ ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങും..പച്ചമുളകും കറിവേപ്പിലയും ചേർത്തു കടുക്കുവറുത്തതും ആയി ഇങ്ങനെ അരികുള്ള സ്റ്റീൽ കിണ്ണത്തിൽ ആദ്യം പലഹാരവും അതിനു മുകളിൽ കോരി ഒഴിച്ചു തരുന്ന തോയും.... കോരിക്കുടിക്കുകയായിരുന്നു ഞങ്ങൾ കുട്ടികൾ എല്ലാവരും ചെയ്യാറുള്ളത്.കാബേജ് ഉണ്ടി...ഭൂയി കസാളി ഉണ്ടി..ചേമ്പില ഉണ്ടി..പത്രോഡോ..എല്ലാം മഴക്കാല വിഭവങ്ങൾ തന്നെ.
ഉച്ചയ്ക്ക് തേങ്ങാ ചേർത്തസാമ്പാറും...പുളിശ്ശേരി... തോയ്..പലതരം കൊണ്ടാട്ടങ്ങൾ (വെണ്ട.. പാവയ്ക്ക..കോവയ്ക്ക..അവരയക്ക..ചുണ്ടങ്ങ..പപ്പായ. മുളക് ഇങ്ങനെ എണ്ണിയാൽ തീരാത്ത പച്ചക്കറികൾ ഉപ്പിട്ട് ഉണക്കി വെളിച്ചെണ്ണയിൽ വറുത്തു കോരിയത്)...ഓടി. എന്നു വിളിക്കുന്ന അരി..ചൊവ്വരി... കപ്പപ്പൊടി..എന്നിവ കുറുക്കിയ കൊണ്ടാട്ടങ്ങൾ...ഉഴുന്ന് മാവിൽ...ഉള്ളി..ഇലവൻ...കൊടുവി...മുളക് എന്നിവ ചേർത്ത ഉണക്കിയ വിവിധ കൊണ്ടാട്ടങ്ങൾ വറുത്തത്...മെഴുക്കുപുരട്ടി കൾ..പിന്നെ അമ്മമ്മയുടെ സ്‌പെഷ്യൽ ആയ ഉരുളക്കിഴങ്ങ്.. ഉപ്പിലിട്ട മാങ്ങാ.. ചുട്ട വഴുതനങ്ങ തൈര് പച്ചടി.. പിന്നെ വേനലിൽ മുളക് പൊടി ചേർത്തു ഉണക്കി നല്ലെണ്ണയിൽ വരട്ടി എടുത്ത മാങ്ങാ.. പാവയ്ക്കാ.. നാരങ്ങാ...പുളി.. നെല്ലിക്ക എന്നിങ്ങനെ ഉള്ള അച്ചാറുകൾ മഴക്കാല ഊണുകൾ വിഭവസമൃദ്ധമാക്കി.
വൈകുന്നേരങ്ങളിൽ കുത്തരി കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും...കടലപരിപ്പ്... ചെറുപയർ... വൻപയർ...ഹുമ്മാണും... പിന്നെ വഴക്കൂമ്ബ്..ഉണ്ണിപ്പിണ്ടി...പച്ചക്കായ തൊലി...മുളം കൂമ്പ് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന തോരനുകളും രാത്രികളെയും ആനന്ദകരമാക്കി.ഇവയെല്ലാം നിർത്താതെ പെയ്യുന്ന മഴക്കാല ദിവസങ്ങൾക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് തന്നെ സംഭരിച്ച് വച്ചു ഒരു മഴക്കാലം ഗംഭീരമാക്കി തന്ന അമ്മമ്മ ഇപ്പോൾ ഓർമ്മയിൽ മാത്രമായി എങ്കിലും അവർ പകർന്നു തന്ന രുചികൾ ഇന്നും എന്റെ നാവിൽ തുമ്പിൽ മഴയുടെ ശബ്ദത്തോടൊപ്പം ഓടി എത്തുന്നു.
Comments
Post a Comment