ഇനി ഒരു ജന്മം ഉണ്ടെങ്കിൽ
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ജനിക്കണം ഈ ഭൂമിയിൽ മനുഷ്യനായി തന്നെ.. നിന്നു ..കാണണം പുലരിയും സന്ധ്യയും
തിരകൾ ഉറങ്ങാത്ത ആഴക്കടലിൻ തീരത്തു ചെന്ന് കാല്പാദങ്ങൾ വെള്ള നുരകൾ കൊണ്ട്മൂടി തലയുയർത്തി....കേൾക്കണം...പ്രഭാതത്തിൽ ഭക്ഷണം തേടി പറന്നുയരുന്ന പറവകളും അന്തിക്ക് കൂടണയുന്ന അവറ്റകളുടെ കലപിലയും ..രാത്രിയിൽ പെയ്യുന്ന മഴയിൽ ഒറ്റയ്ക്ക് വിറകുകൂട്ടി തീകാഞ്ഞിരിക്കണം..കാടിന്റെ ശബ്ദം കേൾക്കണം..കാട്ടുമരത്തിന്റെ സൗരഭ്യം നുകരണം..കാറ്റിൽ ഉലയുന്ന മുളം കൂട്ടത്തിന്റെ ആരവം കേൾക്കണം..മുളം തണ്ടിൽ നിറച്ച കാട്ടുതേൻ നുകരണം.
അലയണം കാവുകൾ തോറും...കേൾക്കണം ചെണ്ടയുടെയും കുഴലിന്റെയും മുറുകുന്ന താളം...മുടിയേറ്റിൽ ഉലയുന്ന തിരുമുടികൾ കണ്ട് ...ഉയരത്തിൽ പൊങ്ങുന്ന തിരുമുടികൾ കണ്ട്... ആർപ്പു വിളിക്കണം....അലഞ്ഞു നടക്കണം.കണ്ഠനാർ കേളന്റെ തീയാട്ടം കാണണം...ഉയരത്തിൽ തെറിക്കുന്ന കനൽ തരികളുടെ നിറങ്ങളിൽ മുങ്ങണം.. രാത്രിയിൽ എല്ലാം കഴിയുമ്പോൾ സർവവും മറന്ന് അവിടെ കിടന്നുറങ്ങണം.പുലരിയിൽ പൂവന്റെ വിളി കേട്ടുണരണം...കാവിലെ പൂക്കളിലെ പൂന്തേൻ നുകരണം...പച്ചപ്പിനുള്ളിലേ മഞ്ഞിന്റെ തുള്ളികൾ എന്റെ പാദങ്ങളെ സ്പർശിച്ചുണർത്തണം.മാടായിക്കാവിലെ പൂക്കളെ കാണണം..കാറ്റിൽ ഉലയുന്ന അവയുടെ സൗന്ദര്യം നുകരണം..അലയണം ഗ്രാമങ്ങൾ തോറും...ചെന്നുനിൽക്കണം ആരും വരാത്ത പഴയ കോവിലിൻ മുന്നിൽ കൂപ്പുകൈകളുമായി..ഇരിക്കണം അമ്പലക്കുളക്കരയിൽ നിശ്ശബ്ദമായ് പ്രകൃതി തൻ ശബ്ദത്തിനായ് കാതോർത്ത് കൊണ്ട്...
പോകണം കൊട്ടിയൂർ ഉത്സവത്തിന്ന്...നടക്കണം..ബാവലിയുടെ തീരങ്ങളിൽ അലഞ്ഞു തിരിഞ്ഞ്... അവളുടെ തണുത്ത ജലത്തിൽ നനഞ്ഞു...കുതിര്ന്ന പ്രദക്ഷിണം വയ്ക്കണം കൊട്ടിയൂരപ്പന്ന്.... ...നെയ്യമൃത്... കലം ...കുട...വാൾ എഴുന്നള്ളത് കാണണം..നുകരണം ഓംകാരശബ്ദത്തിൻ മാധുരി... കാണണം. കണ്ടു കണ്ണുനിറയ്ക്കണം ബാവലിപ്പുഴയുടെ വെള്ളത്തിൽ കൂടി ഉള്ള ശീവേലികൾ...നനഞ്ഞ കാലും വിറയ്ക്കുന്ന ശരീരവും പേറി ചൊല്ലണം ശിവപഞ്ചാക്ഷരി...നിർത്താതെ 108 തവണ...മുങ്ങണം ബാവലിയുടെ കുളിരിൽ... അങ്ങിനെ അങ്ങിനെ ഇല്ലാതെയാവണം എന്നുടെ ഉള്ളിലെ ഞാനെന്ന അഹംഭാവം.
അലയണം കാട്ടിൽ ഒരുകുഞ്ഞു കാറ്റായ്... ഉറങ്ങണം കാട്ടുപഴങ്ങൾ തിന്നു മദിച്..ഉയരത്തിലുള്ള മരങ്ങളിൽ കയറണം..കണ്ടു മയങ്ങണം കാടിന്റെ കാഴ്ചകൾ....കേൾക്കണം കാടിന്റെ മോഹനാശബ്ദം....നുകരണം കാട്ടുചോലതൻ മധു...
അങ്ങിനെ അങ്ങിനെ എന്തെല്ലാം മോഹങ്ങൾ...അവയെല്ലാം ചെയ്തു തീർക്കണം ഇനിയുള്ള ജന്മത്തിൽ...പിന്നെ ഉറങ്ങണം...നീണ്ടു നിവർന്ന് ..പിന്നെ ഒരിക്കലും.. ഒരിക്കലും ഉണരാതെ.....
Comments
Post a Comment