അവധിക്കായ്‌ കാത്ത്

രാവിലെ തുടങ്ങിയ ഒരു ചെറിയ തലകറക്കം വൈകുന്നേരം വരെ നീണ്ടുനിന്നിരുന്നു....വൈകിട്ട്‌ സ്വൽപ്പം സുഖം തോന്നിയപ്പോൾ ആണ് , മഴയുടെ ഇടവേളയ്ക്ക് മുറ്റം ഒന്ന് വൃത്തിയാക്കാം എന്ന തോന്നൽ ഉണ്ടായത്.തുളസി തറയ്ക്ക് ചുറ്റും ഉള്ള തിണ്ണ തൂത്തു കഴിഞ്ഞപ്പോൾ ഒന്ന് ഇരിക്കണം എന്ന് തോന്നി.തണുത്ത കാറ്റും തവളയുടെ പാട്ടും.. ചീവീടുകളുടെ കരച്ചിലും പക്ഷികളുടെ ചേക്കേറുന്ന ശബ്ദവും പെട്ടന്നാണ് നിലച്ചതോടെ ഞാൻ ചുറ്റും നോക്കി...മുറ്റത്തുള്ള കുളം നിറഞ്ഞു പൊട്ടിയിരിക്കുന്നു. ഇരുട്ട് പരന്നു തുടങ്ങി. കാവിൽ തിരി വെയ്ക്കാൻ പോയ അമ്മയും എന്റെ മോനും പെട്ടന്ന് ഓടി വന്നു...ദൂരെ നിന്ന് ഇരുട്ടും...മഴയുടെ മൂളലും കേൾക്കാം..കടലിന്റെ ഇരമ്പലിന് മുകളിൽ ആയി കാറ്റ് വീശി....എത്തി.തേക്കും ...ആഞ്ഞിലിയും... ചെറുമരങ്ങളും ..മാഞ്ചിയവും..മഹാഗണിയും ശക്തിയായ കാറ്റിൽ ഉലഞ്ഞു....തേക്കിന്റെ കമ്പുകളും പൂക്കുലകളും കാറ്റിൽ ഒടിഞ്ഞു വീണു.ആഞ്ഞിലിച്ചക്കകൾ വലിയ ശബ്ദത്തോടെ ഷീറ്റുകൾക്ക് മുകളിൽ വീണ് ചിതറി...വീടുകളുടെ കതകുകളും വാതിലുകളും കൂട്ടിയിടിച്ച് ശബ്ദങ്ങൾ ഉണ്ടാക്കി..ഒപ്പം തന്നെ ഇടിവെട്ടും മഴയും എത്തി..കാറ്റ് കണ്ടു കൊണ്ടിരുന്ന ഞങ്ങൾ വീട്ടിനകത്തേക്ക് ഓടിക്കയറി.

വൈദ്യുതി ബന്ധം നിലച്ചു...മഴ നിർത്താതെ രാത്രി മുഴുവൻ പെയ്തു കൊണ്ടേയിരുന്നു.മുറ്റവും കുളവും പറമ്പുകളിലെ കുഴികളും നിറഞ്ഞു...പുരയിടം നിറയെ കാറ്റു തല്ലിക്കൊഴിച്ച തേക്കിന്റെ പൂക്കുലകളും ..ഇലകളും ..നിറഞ്ഞു..വെള്ളത്തിൽ മാഞ്ചിയത്തിന്റെ മഞ്ഞപ്പൂക്കളും ചെമ്പകത്തിന്റെ വെളുത്ത ഇതളുകളും ഒഴുകി നടന്നു...കാവിലെ പീഠത്തിന് മുകളിൽ നിറയെ മഞ്ഞൾ തൂകിയ പോലെ മാഞ്ചിയത്തിന്റെ വിതറിക്കിടന്നു.. കാക്കകളും ..മാടാത്തയും അടുക്കള വാതിൽക്കൽ കാവൽ ഇരുന്നു.തലേന്ന് മിച്ചം വന്ന ചോറും കറിയും അവറ്റകൾക്ക്  മുറ്റത്തു വിതറി നൽകി.അവർ വഴക്കുകൂടാതെ ശാന്തമായി ഭക്ഷണം കഴിച്ചു...
48 മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി തിരിച്ചെത്തിയില്ല..ആദ്യം ഫ്രിഡ്ജിൽ ഉണ്ടായിരുന്ന  പാൽ ചീത്തയായി. പുറകെ മൊബൈൽ ബാറ്ററിയും ചാർജ് തീർന്ന് നിശബ്ദരായി.ടി വി യും ഫ്രിഡ്ജ് ..വാഷിംഗ് മെഷിൻ എന്നിവ പ്രവർത്തന രഹിതമായതോടെ ജീവിതം 50 വർഷം പുറകോട്ട് പോയത് പോലെ ആയി..ഇരുട്ടും മഴയും..അവധിയും എല്ലാവരെയും വീട്ടിൽ നിര്ബന്ധിതരാക്കി... തണുപ്പും കാറ്റും എന്നെയും മടിച്ചിയാക്കി...കുട്ടികളെ പോലെ അവധി ക്കായി ഞാനും കാത്തിരിപ്പ് തുടങ്ങി.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ