രാമനാമം

*രാമ രാമ രാമ രാമ രാമ രാമ പാഹിമാം...
രാമകൃഷ്ണ വാസുദേവ ഭക്തി മുക്തി ദായകം
ശങ്കരാദി ദിവ്യനാമ പുണ്യനാമ കീർത്തനം
ജാനകീ മനോഹരം സർവലോക നായകം.*

ഓർമ്മകളിലെ  പ്രാർത്ഥനക്ക് രാമനാമം ആയിരുന്നു തുടക്കം.  ചെറിയ ഒരു ഓട്ടുവിളക്ക് കൊളുത്തി അതിന് മുന്നിൽ ഇരുവശത്തും മുടിപിന്നിയിട്ട കുഞ്ഞു പാവാടയും ബ്ലൗസും ധരിച്ച ചേച്ചിയുടെ ഒപ്പം ഇരുന്ന് രാമനാമം ചൊല്ലുമ്പോൾ വയസ്സ് മൂന്നാണ്...അമ്മൂമ്മയുടെ പേര് ജാനകി എന്നാണെന്നും അടുത്തുള്ള മില്ലിൽ വരുന്ന താടിക്കാരനായ ഒരു ചെറുപ്പക്കാരന്റെ പേര് ശങ്കരാടി എന്നും മാത്രമേ മനസ്സിലായുള്ളൂ. അതു എന്തിനാണ് ഇവിടെ ഇരുന്ന് പറയുന്നത് എന്ന ചോദ്യം  ചേച്ചിയുടെ  രൂക്ഷമായ നോട്ടത്തിൽ  നിശബ്ദമായി.പിന്നീട് ഒരിക്കലും ആ ചോദ്യം ആവർത്തിച്ചില്ലെങ്കിലും രാമ നാമം കൊളുത്തി വെച്ച ദീപം പോലെ ഉള്ളിൽ എന്നും നിറഞ്ഞു നിന്നു.

കർക്കിടക സന്ധ്യകളിൽ നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിൽ രാമനാമത്തോടൊപ്പം ചില വിഭവങ്ങളും തയ്യാറാവുമായിരുന്നു.താളില കൊണ്ട് ഉണ്ടാക്കുന്ന *പത്രോഡോ* മുതൽ താളിന്റെ ഇല സമൂലം അറിഞ്ഞു ഉണ്ടാക്കുന്ന *തെറയാ ബജ്ജിയും* ഊണിനെ ഗംഭീരമാക്കി... മുളം കൂമ്പ് അരിഞ്ഞു ചക്കക്കുരുവും കടല പരിപ്പും ചേർത്ത് ഉണ്ടാക്കുന്ന തോരന്റെ മണം മഴയുടെ തണുപ്പിനെയും കടത്തി വെട്ടി.അമ്മമ്മയുടെ സ്‌പെഷ്യൽ ആയ *ഭൂയി കസാളി *എന്നു വിളിക്കുന്ന ഒരു ചെറു ചേമ്പു പോലുള്ള ചെടിയുടെ ഇല കൊണ്ട് ഉണ്ടാക്കുന്ന* ഉണ്ടി* എന്ന വിഭവവും മഴക്കാലത്തിന്റെ മാത്രം വിഭവം ആയിരുന്നു.... രാത്രിയിൽ ചൂട് കഞ്ഞിയോടൊപ്പം ഇവയെല്ലാം ഞങ്ങളുടെ സ്റ്റീൽ കിണ്ണത്തിൽ നിറഞ്ഞു. ഈർപ്പം കിനിയുന്ന അടുക്കളതറയിൽ *മാണായി*എന്ന കൊച്ചു സ്റ്റൂളിൽ ഇരുന്ന് ഞങ്ങൾ കുട്ടികൾ മഴക്കാലം നല്ലോണം ആസ്വദിച്ചു.
മഴക്കാലത്ത് അമ്മമ്മ ഉണ്ടാക്കുന്ന *മെത്തിയെ പേജ് *എന്ന ഉലുവ കഞ്ഞി പോഷകങ്ങൾ നിറഞ്ഞതും രുചികരവും ആയിരുന്നു.. വലിയ അലൂമിനിയം കലത്തിൽ പുന്നെല്ലിൻ അരിയും വറുത്ത ഉലുവയും വേവിച്ചതിൽ ശർക്കരയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ഉലുവ കഞ്ഞി...ഞങ്ങൾ മത്സരിച്ചു കഴിച്ചു.ആ ഓർമ്മയിൽ ഇന്ന് ചപ്പാത്തിയും കറിയും ഇണക്കിയത്തിന് ഒപ്പം *മെത്തിയെ പേജ് *ഞാനും തയ്യാറാക്കി.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.