മഴക്കാലചിന്തകൾ
ഓർക്കാതെ വീണുകിട്ടിയ അവധിയിൽ മഴയത്ത് മൂടിപ്പുതച്ചു ഉറങ്ങുകയായിരുന്ന എന്നെ ഉണർത്തിയത് നിർത്താതെ അടിക്കുന്ന ഫോണിന്റെ മണിശബ്ദം ആയിരുന്നു.. ഉറക്കത്തിനും ഉണർവിനും ഇടയ്ക്കുള്ള കുറച്ചു നിമിഷങ്ങൾ നമ്മൾ ഭൂമിയിൽ ജീവനോടെ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തന്നെയായിരുന്നു....വെളിച്ചം പരന്നു തുടങ്ങിയിട്ടില്ല.കോരി ചൊരിയുന്നത് പോലെ വെള്ളം ഓടിന്റെ പുറത്തു വീണ് താഴോട്ട് ഒഴുകി ചാലുകൾ ആയി അകലങ്ങളിലേക്ക് ഒഴുകിപ്പോകുന്നുണ്ട്...മഴയിൽ കൊഴിഞ്ഞു വീണ ചന്ദനമരത്തിന്റെ കുഞ്ഞുകുഞ്ഞു ഇലകളും അക്കേഷ്യയുടെ ഇളം മഞ്ഞ നിറത്തിലുള്ള പൂക്കളും അവയിൽ കൊച്ചുതുരുത്തുകൾ ഉണ്ടാക്കി...ഒഴുകിക്കൊണ്ടിരുന്നു. ഇന്നലത്തെ കാറ്റ് തല്ലിക്കൊഴിച്ച തേക്കിന്റെ പൂക്കുലകൾ പറമ്പിൽ നിറയെ ചിതറികിടന്നു.കാവിലെ അമ്പലത്തിന്റെ മുന്നിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുറച്ചു മൈനകൾ പുഴുക്കളെ തേടുന്നു...മഴയുടെ ഇടവേളകളിൽ കരിയില കിളികളും കുഞ്ഞുങ്ങളും കലപില ശബ്ദത്തോടെ തീറ്റകൾ കൊത്തിത്തിന്നുന്നു. വിളക്കിലെ തിരികൾ കൊത്തിയെടുത്തു കുഞ്ഞുങ്ങൾ നൽകാൻ കാക്കകൾ കാവലിരുന്നു.
ഭൂമിയിലെ ജീവിവർഗ്ഗങ്ങളിൽ ഏറ്റവും വലിയ ആനയുടെ കുഞ്ഞു പോലും ജനിച്ച ഉടനെ അധികം താമസിയാതെ എഴുന്നേറ്റു നടക്കുകയും ജീവസണ്ഡരണത്തിനുള്ള ഭക്ഷണം തേടുകയും ചെയ്യും... വേട്ടയാടുന്ന കാട്ടുമൃഗങ്ങൾ പ്രകൃതിയിലെ ഏറ്റവും ദുര്ബലനായ മൃഗത്തെയാണ് കൊന്നു തിന്നുക...എന്തിന് വീടുകളിൽ വളർത്തുന്ന പൂച്ചകൾ പോലും കൂട്ടത്തിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ട്...പക്ഷികളിൽ പ്രതികൂല സാഹചര്യങ്ങളെ മല്ലിട്ട് ജയിച്ചു വരുന്നവയാണ് പുതിയ തലമുറ. ഏറ്റവും കൂടുതൽ ബുദ്ധിയുണ്ടെന്നു അഹങ്കാരിക്കുന്ന മനുഷ്യരാവട്ടെ, അവരുടെ കുഞ്ഞുങ്ങൾ ആണ് പ്രകൃതിയിൽ ഏറ്റവും കൂടുതൽ സംരക്ഷണം കൊടുക്കേണ്ട രീതിയിൽ ദുര്ബലർ...അവർക്ക് പ്രകൃതിയിൽ സ്വാഭാവികമായി മുന്നോട്ട് പോവാനുള്ള പരിശീലങ്ങൾ നൽകാതെ..അവരെ വീണ്ടും വീണ്ടും സംരക്ഷിച്ചു കഴിവ് കേട്ടവർ ആക്കുന്നു..മഴ നനയാത്ത...കാറ്റിൽ പുറത്തിറങ്ങാതെ.. മരം കയറാത്ത..
പാടവരമ്പുകൾ നടന്ന് ശീലിക്കാത്ത...കുന്നുകൾ കയറാത്ത...പുസ്‌തകം വായിക്കാത്ത...കുഞ്ഞുങ്ങൾ എങ്ങിനെയാണ് ജീവിതത്തെ അഭിമുഖീകരിക്കുക.??ക്ലാസ് മുറികളിലും...വീടുകളിലെ സ്വീകരണമുറിയിലും തളച്ചിടപ്പെടാതെ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഉള്ള പരിശീലനം ഇനിയെങ്കിലും കുഞ്ഞുങ്ങൾക്ക് നൽകിയില്ലെങ്കിൽ ജീവിവർഗ്ഗങ്ങളിൽ ഏറ്റവും ദുർബലമായിപ്പോകുന്ന വർഗ്ഗം മനുഷ്യൻ തന്നെ ആവും..തീർച്ച.
Comments
Post a Comment