പടിയിറങ്ങിയ ചങ്ങാതി..
ചില ബന്ധങ്ങൾ അങ്ങിനെ ആണ് ..അറിയാതെ വന്നുകേറും..നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗം ആവും പിന്നെ ഉള്ളു ഉരുകി കരയിച്ചു പടിയിറങ്ങും...അഞ്ചു കൊല്ലം മുൻപ് ആണ് അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്...മാളയിലെ വീട്ടിൽ അമ്മയോടൊപ്പം അവധിക്കാലം ചിലവഴിച്ചു കഴിഞ്ഞു തിരിച്ചുപോരാൻ ഞങ്ങളെ കൂട്ടാനാണ് അവൻ എത്തിയത്..ഞങ്ങളുടെ റെഡ് സ്‌കോഡ കാർ...ആദ്യമായി കണ്ടപ്പോൾ തന്നെ അവന്റെ ചുവപ്പ് നിറം മനസ്സിനെ ആനന്ദിപ്പിച്ചു..അച്ഛനും അമ്മയും ആണ് അതിലെ ആദ്യ യാത്രക്കാർ...അഞ്ചു കൊല്ലം ..അവൻ കുടുംബത്തിലെ അംഗം തന്നെ ആയിരുന്നു... ആദ്യമായി കാറിൽ തന്നെ നടത്തിയ തിരുപ്പതി യാത്ര അവിസ്മരണീയം ആയിരുന്നു... ഭക്ഷണം പൊതിഞ്ഞെടുത്തു വഴിയോരത്തെ മരച്ചുവട്ടിൽ പാർക്ക് ചെയ്തു ..നിലത്തു വിരിച്ച പായിൽ ഇരുന്ന് കഴിച്ച നിമിഷങ്ങൾ സ്വർഗ്ഗം ഭൂമിയിൽ തന്നെ ..എന്നു തന്നെ എന്ന് കാട്ടി തന്നു...നീണ്ടു നിവർന്നു കിടന്ന പാതയിൽ അവൻ ഞങ്ങൾക്ക് വീടായി......തിരുപ്പതി മല കയറ്റം....ജപ്പാലി temple...ലക്ഷ്മി നട.. അവിടുത്തെ മുഴുവൻ സ്ഥലങ്ങളും ഞങ്ങൾ ചുറ്റിക്കറങ്ങി.
ഫാദർ ഇൻ ലോ ക്ക് വയ്യാതായപ്പോൾ ആശുപത്രി യാത്രകൾ അവന്റെ കൂടെ ആയിരുന്നു.തനിച്ചാവുന്ന സമയങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മകളും ചിന്തകളും എന്നോട് പങ്കു വെക്കുമ്പോൾ അവനും നിശബ്ദനായി കേട്ടുകൊണ്ടിരുന്നു.പിന്നീട് അദ്ദേഹം സംസാരങ്ങൾ കുറച്ചു നിശബ്ദത യുമായി കൂട്ടുകൂടിയപ്പോൾ അവനും മൂകനായി. ഒടുവിൽ അദ്ദേഹത്തിന് തീരെ വയ്യാതെ ഒരിക്കലും മടങ്ങിവരാത്ത യാത്രയ്ക്കായി കൊണ്ടുപോയതും അവൻ തന്നെ..തിരിച്ചു വരുമ്പോൾ ഉരുണ്ടു വീഴുന്ന കണ്ണുനീർ തുള്ളികൾ എന്റെയും അവന്റെയും കാഴ്ച്ചകളെ മറച്ചു...ഒടുവിൽ കൊച്ചു കലത്തിൽ പൊതിഞ്ഞെടുത്ത അദ്ദേഹത്തിന്റെ അസ്ഥി കഷ്ണങ്ങൾ സമുദ്രത്തിൽ നിമഞ്ജനം ചെയ്യാൻ കൊണ്ടു പോയതും അവൻ തന്നെ.
കാണാതെ പോയ ഞങ്ങളുടെ ലക്ഷ്മിയെ സ്വീകരിച്ചു കൊണ്ടുവരാനും അവനെ ഉണ്ടായിരുന്നുള്ളൂ..പൂജയ്ക്ക് ഉള്ള സാധനങ്ങളേയും തന്ത്രിയെയും ഒക്കെ അവൻ സന്തോഷത്തോടെ വീട്ടിൽ എത്തിച്ചു...ഓരോ സന്തോഷ നിമിഷങ്ങളിലും അവൻ ഉത്സാഹത്തോടെ ഓടി നടന്നു...ഒരു ലക്ഷം കിലോമീറ്റർ... അവൻ ആനന്ദത്തോടെ കൊണ്ട് നടന്നു....ഇന്ന് അവൻ പോവുകയാണ്..അവന്റെ പുതിയ യജമാനന്റെ ഒപ്പം...നിറഞ്ഞ കണ്ണുകളോടെ ഓരോരുത്തരും അവനോട് യാത്ര പറഞ്ഞു...അഞ്ചു വർഷം യാതൊരു അപകടവും വരുത്താതെ ഒരിക്കൽ പോലും വഴിയിൽ ഇടാതെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്ന അവൻ ഈ കർക്കിടകത്തോടൊപ്പം പടിയിറങ്ങി... ...
Comments
Post a Comment