നഷ്ടസ്വപ്നങ്ങൾ
നഷ്ടങ്ങൾ എന്നും വേദനകൾ നിറഞ്ഞ ഓർമ്മപ്പെടുത്തൽ ആണ്....നഷ്ടപ്പെട്ടവയുടെ മൂല്യങ്ങൾ എന്തെന്ന് മനസ്സിലാക്കിക്കുന്ന നിറമില്ലാത്ത സ്വപ്നങ്ങൾ...ഓർമ്മയിൽ എനിക്ക് ആദ്യം നഷ്ടപ്പെട്ടത് കാഴ്ചകൾ ആണ്...നോക്കിയിരിക്കെ പച്ചപുതച്ച പാടങ്ങൾ മറഞ്ഞുപോയി..കണ്ടം പൂട്ടുന്നതും ..ഞാറു നടുന്നതും..കൊയ്തും മെതിയും എല്ലാം കാണാൻ പറ്റാതെയായി... അകലെ വെയിൽ വരുമ്പോൾ തെളിയുകയും കോടവന്നുമൂടി മറയുകയും ചെയ്ത പച്ചപുതച്ച മലനിരകളും ആവേശത്തോടെ ഓടി കളിച്ച ചെറു കുന്നുകളും കാഴ്ചയിൽ നിന്നു മറഞ്ഞു...മഴയത്ത് ഒഴുകി വരുന്ന ചെറുമീനുകളും കൊച്ചരുവിക്ളും പളുങ്ക് മണികൾ ചിതറുന്ന തോടുകളും കുളങ്ങളും കിണറുകളും എത്ര പെട്ടെന്നാണ് കാണാമറയത്ത് ആയത്???? കാട്കളും കാട്ടുമൃഗങ്ങളും ..കിളികളും എവിടെയോ പോയ്മറഞ്ഞു
പിന്നെ പോയത് ശബ്ദങ്ങൾ ആണ്... കിളികളുടെ ചിലപ്പും കുടമണികളുടെ താളവും...നിരത്തിലെ കാളവണ്ടിയുടെ ചക്രത്തിന്റെ ശബ്ദവും ചെവികൾക്ക് അന്യമായി....കുളത്തിലെ കല്ലിൽ തുണി അളക്കുന്ന താളവും..കല്ലിൽ മുളക് അരയ്ക്കുന്ന ശബ്ദവും എവിടെയോ പോയ്മറഞ്ഞു.കൊയ്ത്തു പാട്ടിന്റെ ഈണവും ചെളിയിൽ നടക്കുമ്പോൾ ഉള്ള ശബ്ദവും..കൊയ്‌തരിവാൾ നെല്ചെടികളെ അരിയുമ്പോൾ ഉള്ള താളവും...ഓർമ്മക്കൂട്ടിൽ ഓടിമറഞ്ഞു.രാവും പകലും നിർത്താതെ ഉള്ള ചീവീടുകളുടെ കച്ചേരികൾ നിശബ്ദമായി...മഴക്കാലത്തെ തവളക്കൂട്ടങ്ങളുടെ സംഗീത സദിരുകൾ കേൾക്കാൻ പറ്റാതെ കാതുകൾ ബധിരരായി.
പിന്നെ നഷ്ടമായത് ഗന്ധങ്ങൾ തന്നെ...പുതുമഴയുടെ ഗന്ധവും പുലരിയുടെ സുഗന്ധവും എങ്ങോപോയ് മറഞ്ഞു.വിറകടുപ്പിലെ പുകയുടെ ഗന്ധവും...ആവി പറക്കുന്നകാപ്പിപ്പൊടിയുടെ ഗന്ധവും..മറവിയിലേക്ക് ആഴ്ന്നു പോയി.പുന്നെല്ലിൻ മണവും പൂവിന് സുഗന്ധവും ...വെളിച്ചെണ്ണ യിൽ കടുക് വറക്കുന്ന മണവും പുറകെ കടന്നുപോയി.മണത്തിനൊപ്പം കൈകോർത്തു പിടിച്ചു രുചിയും പടിയിറങ്ങി. പുത്തരിച്ചോറും കടുകുമാങ്ങായും....കൾച്ചട്ടിയിൽ വേവുന്ന കറികളുടെ രുചിയും...ആവിയിൽ വിറകടുപ്പിൽ വേവുന്ന പലഹാരങ്ങളുടെ മണവും മനസ്സിന്ന് പടിയിറങ്ങി. വെളിച്ചെണ്ണ യിൽ വെന്ത വറപൊരിയും കാട്ടുപഴങ്ങളുടെ മധുരവും ചവർപ്പും നാവിനു അന്യമായി.ബാല്യവും കൗമാരവും കൈയ്യിന്ന് പോയ്... ആദ്യ പ്രണയം അവനറിയാതെയും പോയ്....സൗഹൃദം ..ബന്ധങ്ങൾ പലതും ബന്ധനങ്ങളായ്....
ഒടുവിലാ ബന്ധങ്ങളും പടിയിറങ്ങി... അച്ഛനും അമ്മയും നടന്നുപോയി...അപ്പൂപ്പനും അമ്മൂമ്മയും ഓർമ്മയായി...പ്രണയവും സൗഹൃദവും കൈവിട്ടുപോയി....നഷ്ടങ്ങൾ മാത്രം ബാക്കിയായി.....കിട്ടിയ നഷ്ടങ്ങൾ കൂട്ടിവച്ചു ഒറ്റയ്ക്കിരിപ്പൂ ഞാൻ ..നിർന്നിമേഷയായ്.
Comments
Post a Comment