ഒരു അവധിദിനത്തിന്റെ ഓർമ്മയ്ക്ക്..

തിരുവാതിര ഞാറ്റുവേലയ്‌ക്ക് മുൻപ് വിരുന്നുപോയ മഴ തിരിച്ചു വന്നത് ഇന്നലെ വൈകിട്ടാണ്...പഴയ ശക്തി ഇല്ലെങ്കിലും രാത്രി മുഴുവൻ അവൻ നിർത്താതെ പെയ്തുകൊണ്ടേയിരുന്നു...കുറച്ചു നാളായി നിശ്ശബ്ദരായിരുന്ന തവളകളും ചീവീടുകളും കച്ചേരികൾ പുനരാരംഭിച്ചു ...കരിമ്പടത്തിന്റെ ഉള്ളിൽ പുതച്ചുറങ്ങാൻ കിടന്ന എന്റെ ഉറക്കം, തട്ടിൻ മുകളിൽ നിന്ന് ഇറങ്ങിവന്നു കട്ടിലിനടിയിൽ ഇരുന്ന് മിയാവു... എന്നു കരഞ്ഞ കറുത്ത കണ്ണുകൾ പളുങ്ക് പോലെ തിളങ്ങിയ കരിമ്പൂച്ചയുടെ ശബ്ദത്തിൽ ഭയന്ന് നഷ്ടമായി...അകലെ കേൾക്കുന്ന നായ്ക്കളുടെ കുരയ്ക്ക് എന്റെ ഭയത്തെ കുറയ്ക്കുവാൻ ആയില്ല.അവധി ദിനത്തിന്റെ ആലസ്യവും,ക്ഷീണവും മൂലം കിടന്ന എന്നെ മയക്കത്തിൽ, സ്വന്തം പ്രേതത്തെ കണ്ട് ഭയന്ന് ഉറക്കെ കരഞ്ഞതോടെ എല്ലാവരും കൂടി തട്ടി ഉണർത്തുകയായിരുന്നു.സ്വന്തം പ്രേതത്തെ കണ്ട് പേടിച്ചു നിലവിളിക്കുന്ന ഒരാളെ അവർ മാത്രമല്ല ഞാനും ആദ്യമായി കാണുകയായിരുന്നു.😂😂

രാവിലെയും മഴ ചെറുതായി പെയ്തുകൊണ്ടേ ഇരുന്നു.പഴയ ഓടിട്ട അടുക്കളമുറിയിലെ തറയ്ക്ക് വെള്ളം കിനിഞ്ഞു ഈർപ്പം നിറഞ്ഞിരുന്നു..കാവിലെ അമ്പലം കുളിച്ചു ചെന്ന് തൂത്തു വൃത്തിയാക്കി...പൂക്കളും കർപ്പൂരവും വിളക്കും ഉണക്കി പൊടിച്ച മഞ്ഞൾപ്പൊടിയും താലത്തിൽ ഒരുക്കി. കലശങ്ങളിൽ അഭിഷേകത്തിനുള്ള വെള്ളം നിറച്ച് വിളക്കുകൾ കൊളുത്തിയപ്പോൾ സൂര്യദേവൻ തന്റെ കിരണങ്ങൾ സ്വർണ്ണവർണ്ണത്തിൽ പൊഴിച്ചു തുടങ്ങിയിരുന്നു... വിലക്കിലെ തിരികൾ കട്ടെടുക്കാൻ കാക്കകൾ മതിലുകളിൽ കാവൽ ഇരുന്നു...ഒരു ഒറ്റ മൈന മാത്രം കീടങ്ങളെ കൊത്തിത്തിന്ന് കൊണ്ട് അവിടെല്ലാം പറന്നു നടന്നു. തിരിച്ചു അടുക്കളയിൽ ചെന്നപ്പോൾ അനിയന്റെ രണ്ടു വയസ്സുകാരനായ മോൻ ദോശക്കായ്‌ കാത്തിരിക്കുന്നു.. ബീറ്റ്‌റൂട്ട് വേവിച്ചു മസാല ഉണ്ടാക്കി..ചമ്മന്തിയും കൂട്ടി മസാലദോശ കഴിച്ചാണ് അവൻ പോയത്..
ഉച്ചയ്ക്ക് ചോറിന് ഓലനും ബീറ്റ്റൂട്ട് ഉരുളക്കിഴങ്ങ്.. സവാള മെഴുക്കുപുരട്ടിയും  ഇണക്കി കഴിഞ്ഞപ്പോൾ അവധി ദിനത്തിന്റെ പകുതിയും തീർന്നിരുന്നു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ