മഴയും അവലും
രാത്രിയിൽ പെയ്തു തുടങ്ങിയ മഴ ഇപ്പോഴും ഇങ്ങനെ ഇരുട്ടുകുത്തി പെയ്യുകയാണ്.തണുപ്പാണെങ്കിൽ സഹിക്കാൻ വയ്യ.. ഹോ....ചൂട് ചായയും കൊറിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എന്ത് സുഖം അല്ലെ??പണ്ടൊക്കെ അമ്മമ്മ അരി വറുത്തു പൊടിച്ചു *ധാടു* ഉണ്ടാക്കി തരുമായിരുന്നു. പാകത്തിന് എരിവും ഉപ്പും ചേർത്ത അരി വറുത്തു പൊടിച്ചത് നല്ല വെളിച്ചെണ്ണയിൽ ചാലിച്ചു ഒരു കുഞ്ഞു പാത്രത്തിൽ എടുത്തു ഒരു കുഞ്ഞു ഓല കഷണം സ്പൂണിന് പകരം തരും...അതുകൊണ്ട് അല്പാല്പമായി കോരി നാവിൽ വച്ചു അലിയിച്ചു ചവച്ചു തിന്നാന് നല്ല രസമായിരുന്നു..
ലോകത്തു എവിടെയും ഉള്ള ഗൗഡസരസ്വാത ബ്രഹ്മിൻസ്ന്റെ ദേശീയ പലഹാരമായ ഫോവാ ഉക്കേരി തയ്യാറാവുന്നത് ഈ തണുപ്പുള്ള മഴക്കാലത്ത് ആണ്...ആരോഗ്യത്തിന് ഏറ്റവും നല്ലതും വിശപ്പ് ശമിപ്പിക്കുന്നതുമായതും എണ്ണമയം തീരെ കുറഞ്ഞതുമായ ഈ മിക്സ്ചർ തയ്യാറാക്കുന്നതും വളരെ എളുപ്പത്തിൽ തന്നെ.വറുത്തു മാറ്റി വച്ച അവലിൽ .. വെളിചെണ്ണയിൽ കടുകും പച്ചമുളകും ജീരകവും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു ഒരൽപ്പം മഞ്ഞൾപ്പൊടിയും,ഉപ്പും ചേർത്തു... നുറുക്കി വറുത്ത പപ്പടവും തേങ്ങാ കൊത്തും വറുത്ത കപ്പലണ്ടിയും ചേർത്തുണ്ടാക്കുന്ന ഫോവാ ഉക്കേറി ചായയുടെ ഒപ്പം അതീവ രുചികരം തന്നെ. നിർത്താതെ പെയ്യുന്ന മഴയത്ത് ഫോവാ ഉക്കേറിയും ചവച്ചു ചൂട് ചായയും കുടിച്ചു മഴയും മാനവും നോക്കി യിരിക്കുന്നത് ഒരു സന്തോഷം തന്നെ.
ഫോവാ ഉക്കേറിയോളം ചിലപ്പോൾ അതിനേക്കാൾ കൂടുതൽ പ്രാധാന്യം *ഫോവ് കല്ലേനെ*എന്ന് അറിയപ്പെടുന്ന അവൽ വിളയിച്ചത് ആണ്.വിവാഹ നിശ്ചയ വേളയിലും കൊച്ചു കുട്ടികളെ തൊട്ടിലിൽ വെയ്ക്കുമ്പോഴും ഇത് വിളമ്പുക മാത്രം അല്ല കുഞ്ഞു കുഞ്ഞു പൊതികളിൽ അതിഥികൾക്ക് നൽകിയില്ലെങ്കിൽ പിന്നത്തെ കാര്യം പറയണ്ട..നല്ല പോലെ ശ്രെദ്ധിച്ചു ശർക്കര പാവ് കാച്ചി...ചെറു ചൂടോടെ തേങ്ങാ ചേർത്തു മയപ്പെടുത്തി വച്ച അവലിൽ അല്പാല്പമായി കുഴച്ചു നെയ്യും വറുത്ത എള്ളും ചെറുപരിപ്പും...കടലാപരിപ്പും ചേർത്തു ഏലയ്ക്ക പൊടി വിതറി ജലാംശം തീരെ ഇല്ലാതെ ഉണ്ടാക്കുന്ന ഫോവു ഒരു മാസത്തോളം കേടു കൂടാതെ വീടുകൾ സൂക്ഷിക്കുക പതിവാണ്.ചിലപ്പോൾ ഒക്കെ ഈ വിളയിച്ച അവലിൽ ഒരൽപ്പം തൈര് ചേർത്തു അൽപസമയം വച്ചു കുതിർത്തും കഴിക്കാറുണ്ട്.നല്ല ടേസ്റ്റ് ആണെങ്കിലും മോരും മധുരവും തമ്മിൽ ചേരുമ്പോൾ ഉള്ള മണം ഇഷ്ടമല്ലാത്തത് കൊണ്ട് അധികം പരീക്ഷിച്ചിട്ടില്ല.എന്നാലും അവലിൽ തേങ്ങാ ചിരവിയതും ഉപ്പും പച്ചമുളക് ,ഉള്ളി.കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തു തിരുമ്മി ഉണ്ടാക്കുന്ന ഫോവാ കെറെമ്പിയും ഒരു മഴക്കാല വിഭവം തന്നെ.
Comments
Post a Comment