മരണം

ഓർമ്മയിലെ ആദ്യ മരണം ഞങ്ങൾ അമ്മമ്മ എന്നുവിളിക്കുന്ന  അച്ഛമ്മയുടെ ആണ്..ഉറക്കത്തിൽ ...രാവിലെ രാമായണം സീരിയൽ കാണാൻ വരാഞ്ഞത് കൊണ്ട് നോക്കിയപ്പോൾ ഉറക്കം പോലെ  മരിച്ചു കിടക്കുകയായിരുന്നു...അറിഞ്ഞില്ല.ഓർക്കാപ്പുറത്ത് ആയതുകൊണ്ട് അമ്മമ്മയുടെ മരണവും ചടങ്ങുകളും മനസ്‌സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. അടിയന്തരത്തിന് ഒരുക്കിയ സദ്യപോലും കണ്ണീരിൽ കുതിർന്നു... വലിയ ഒരു കുടുംബത്തിലെ നാഥയായ അമ്മമ്മ മരിച്ചപ്പോൾ ഒരു വലിയ കുടുംബം കുഞ്ഞുകുഞ്ഞായി ചിതറിപ്പോയി.അതിന്റെ എല്ലാ ബുദ്ധിമുട്ടു കളും അനുഭവിച്ചത് ഞങ്ങൾ കുടുംബത്തിലെ കുട്ടികൾ ആയിരുന്നു.ഒന്നിച്ചു ഒരു വീട്ടിൽ കഴിഞ്ഞിരുന്നവർ പല ഇടങ്ങളിൽ ആയിപ്പോയി...പുറകെ തന്നെ അപ്പൂപ്പനും കടന്നുപോയി.കട്ടിലിൽ നിന്നു വീണ്  തുടയെല്ലു പൊട്ടി അതിലൂടെയാണ് നിശബ്ദനായി മരണം കയറി വന്നത്...നോക്കി നിൽക്കെ അദ്ദേഹവും ഓർമ്മയായി...അലക്കി വച്ച അദ്ദേഹത്തിന്റെ മുണ്ടും ഷർട്ടും മണ്ണാത്തി എന്നു വിളിക്കുന്ന അലക്കുകാരത്തി തന്നെ കൊണ്ടുപോയി...
പിന്നീട് ആകെ ഉലച്ചു കൊണ്ട് കടന്നുപോയ മരണം ചെറിയച്ചന്റെത് ആയിരുന്നു... പഠിക്കാൻ പുസ്തകവും സ്കൂൾ ഫീസും യൂണിഫോമും എല്ലാം വാങ്ങിത്തരുന്ന ചെറിയച്ചൻ പുറമെ പരുക്കൻ മുഖംമൂടി അണിഞ്ഞിരുന്നു. പാമ്പും കോണിയും ..തായവും.. ചീട്ടും കളിക്കാനും ..ഓണത്തിന് വലിയ ഊഞ്ഞാലിൽ ഇരുത്തി ഞങ്ങളെ ആട്ടാനും ആ ഗൗരവക്കാരൻ കൂടിയിരുന്നു.എറ്റവും ശക്തിമാൻ എന്നുകരുതിയ അദ്ദേഹത്തെ ജീവനെടുത്തത് നിസ്സാരക്കാരനായ ഒരു കൊതുക് ആയിരുന്നു. അന്ന് ഞാൻ നിർത്താതെ കരഞ്ഞു...മരിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ മുഖം പോലും നോക്കാനാവാതെ....മരണം എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാതെ ദിവസങ്ങളോളം മുഖം തിരിച്ചു നടന്നു...എന്നിട്ടും വീണ്ടും വീണ്ടും ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ മരണം കടന്നു വന്നു...ഫാദർ ഇൻ ലാ മരിച്ചപ്പോൾ മനസ്സുമാത്രമേ കരഞ്ഞുള്ളൂ.. കണ്ണുകൾ വറ്റി വരണ്ടു നിന്നു... അച്ഛന്റെ മരണം മൂലം തളർന്നു നിൽക്കുന്ന ഭർത്താവിന് ഒപ്പം കുടുംബത്തെ സാധരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അതേ ചെയ്യുവാനാവുമായിരുന്നുള്ളു....എന്നിരുന്നാലും മൂന്ന് വർഷത്തോളം കഴിഞ്ഞാണ് സ്വന്തം വീട്ടിൽ പോലും പോകുവാൻ ആയത്.അവസാനമായി പങ്കു കൊണ്ടത്  പുതിയാവിൽ അമ്മ എന്നുവിളിക്കുന്ന അമ്മമ്മയുടെ മരണം ആണ്.. ഓരോ മരണവും ഭൂമിയിൽ നമ്മളെ പിടിച്ചു നിർത്തുന്ന വേരുകൾ മുറിച്ചു കളയുകയാണ്......പതുക്കെ പതുക്കെ നമ്മെ ദുര്ബലരാക്കികളയാൻ...അവനിലേക്ക് അടുക്കാൻ...ഒരോ മരണവും നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒരേ കാര്യം തന്നെയാണ്...*ഇന്ന് ഞാൻ നാളെ നീ....*

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ