മൈഥിലി

അമ്മു രാവിലെ ചെമ്മൻ നിരത്തിലെ കാഴ്ച്ചകൾ കണ്ട് മതിലിൽ ഇരിക്കുമ്പോൾ ആണ് ചിൽ ..ചിൽ.. എന്ന പാദസരത്തിന്റെ ശബ്ദം കേൾക്കുന്നത്....വെളുപ്പിന് റോഡിലൂടെ കടന്നുപോയ പന്നിക്കൂട്ടങ്ങളുടെ കുളമ്പടികൾക്ക്  മീതെ പാടത്തു തീറ്റിക്കാനായി നാടോടികൾ കൊണ്ടുവരുന്ന താറാവിൻ കൂട്ടങ്ങളുടെ കാൽപ്പാടുകൾ പതിഞ്ഞു കിടന്നു.പ്രഭാതത്തിലെ ഇളം വെയിൽ പരന്നു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ....മൈഥിലി മാമിയാണ്... അറുപത് വയസ്സെങ്കിലും കാണും .പക്ഷെ  പതിനാറു കാരിയെ പോലെയാണ് നടപ്പ്.വെളുത്തനിറമാണ്...പ്രായത്തിന്റെ ചുളിവുകൾ കൈകളിലും കാല്പാദങ്ങളിലും മുഖത്തും കാണാം.അവിവാഹിതയാണ്. സ്വയം ഹേമമാലിനി ആയി സങ്കൽപ്പിച്ചാണു ഒരുക്കം.കൈകളും കാല്പാദങ്ങളും മൈലാഞ്ചി അരച്ചു ചുവപ്പിച്ചിരിക്കും.കാലിൽ നിറയെ മുത്തുകൾ ഉള്ള വെള്ളി കൊലുസുകൾ ധരിച്ചിരിക്കും.. കൈകളിൽ നിറയെ കുപ്പിവളകളും കഴുത്തിൽ കല്ലുമാലകളും ഇട്ട് തിളങ്ങുന്ന വലിയ കമ്മലും മൂക്കുത്തിയും അണിഞ്ഞു നിറയെ തിളക്കം ഉള്ള നൈലോൺ സാരിയും പുറകിൽ കെട്ടുള്ള മനോഹരമായ ബ്ലൗസും..കാലിൽ ഉയർന്ന മടമ്പുള്ള ചെരുപ്പും ധരിച്ചു  കൈയ്യിൽ ഏറ്റവും പുതിയ മോഡൽ വാനിറ്റി ബാഗും തൂക്കിയാണ് അവർ വരിക.നെറ്റിയിലെ ചുവന്ന സിന്ദൂരപ്പൊട്ടു ദൂരെ നിന്ന് തെളിഞ്ഞു കാണതക്ക അത്രയും വലിയതായിരുന്നു. എന്നും എങ്ങോട്ടോ ഉടുത്തൊരുങ്ങി പോകുന്നത് കാണാം..വെളുപ്പിന് ഉണർന്ന് അമ്പലക്കുളത്തിൽ മഞ്ഞൾ തേച്ചു കുളിച്ചു ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഒരുക്കം..ക്ഷേത്രത്തിന് അടുത്തു ഗ്രാമം തുടങ്ങുന്ന ഇടത്താണ് മാമിയുടെ വീട്‌..ഒറ്റയ്ക്കാണ് താമസം...ഒരേ ഒരു സഹോദരൻ ഉള്ളത് മദ്രാസിൽ ആണ്.മാസം തോറും അദ്ദേഹം അയക്കുന്ന money ഓർഡറും കത്തും മാത്രമാണ് ആശ്രയം.ഒന്നാം തീയതി മുതൽ പോസ്റ്മാനേയും കാത്തു മൈഥിലി മാമി ഗൈറ്റിൽ നിൽക്കും.money ഓർഡർ....കിട്ടുന്നത് വരെ.
മാമിയുടെ വീട് പെയിന്റ് ചെയ്തിട്ട് വർഷങ്ങൾ ആയി.ചുവരുകളിൽ പച്ചനിറത്തിലുള്ള പായലുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം...ചുറ്റിനുമുള്ള മതിലിന് ഒരാൾ പോക്കമുണ്ട്.സിമന്റ് തേച്ച മതിലിനും പച്ചനിറമാണ്. അഴിയിട്ട മുന്നിലെ മുറിക്ക് മുന്നിലെ ചെറിയ മുറ്റത്തു റോസച്ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്.അതിൽ പൂവിരിയുന്ന ദിവസം അവർക്ക് ഉത്സവമാണ്.അന്ന് ചെവിയുടെ പുറകിൽ റോസാപ്പൂ തിരുകിയായിരിക്കും ഒരുക്കം

*ഡി.. നില്ലടി അവിടെ..അമ്മു ..ഇങ്കെ വാടി...* അവർ വിളി തുടങ്ങി....അമ്മു ഇറങ്ങി ഓടി കതകിന് പുറകിൽ മറഞ്ഞു..അവർ കുറച്ചു നേരം കൂടി ഗേറ്റിന് മുന്നിൽ കാത്തു നിന്ന് നടന്നുപോയി.അമ്മുന് അവരെ പേടിയാണ്...സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും അവരുടെ വീടിന് മുന്നിൽ കൂടി ആവും പോകുക ..ഉടുത്തു ഒരുങ്ങി മുന്നിൽ വന്ന് *എപ്പടി ഇരുക്ക്???*എന്നു ചോദിക്കും..*.ഹേമമാലിനിയെപ്പോൽ ഇരുക്ക്*എന്ന് പറഞ്ഞില്ലെങ്കിൽ കൂർത്ത നഖം കൊണ്ട് കയ്യിൽ നന്നായി പിച്ചും..ചെമ്പകപൂവും റോസാപ്പൂവും കൊണ്ടുതരുമോ എന്ന് ചോദിച്ചു അലട്ടി കൊണ്ടേ ഇരിക്കും..അവരെ പേടിച്ചു ചിലപ്പോൾ  വീടിന് മുന്നിൽ എത്തുമ്പോൾ ഓടും. അല്ലെങ്കിൽ ഗ്രാമത്തിന് പുറകിലെ പാടം ചുറ്റിയാവും ചിലപ്പോൾ പോവുക.

അവർ ചെറുപ്പത്തിൽ അതി സുന്ദരിയായിരുന്നുവത്രെ..ഗ്രാമത്തിലെ ചെറുപ്പക്കാർ എല്ലാം മാമിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു നടന്നിരുന്നു.ഒന്നിനും അവർ സമ്മതിച്ചില്ല..ഒരിക്കൽ നിർബന്ധിച്ചു വിവാഹം നിശ്ചയിച്ചപ്പോൾ അവർ അടുക്കള കിണറ്റിൽ എടുത്തു ചാടി...പിന്നീട് അവരെ ആരും നിർബന്ധിച്ചില്ല...അവരെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു ശ്രമിച്ചു പരാജയപ്പെട്ടു സഹോദരനും അവിവാഹിതനായി തുടർന്നു.രാവിലെയും വൈകിട്ടും ഉള്ള മാമിയുടെ ഉടുത്തൊരുങ്ങി ഉള്ള യാത്രയും വിവാഹത്തോടുള്ള വിരക്തിയും ഗ്രാമത്തിൽ നിഗൂഢമായ രഹസ്യമായി തന്നെ വർഷങ്ങളോളം തുടർന്നു. എന്നെങ്കിലും ഒരിക്കൽ അതു കണ്ടുപിടിക്കണം എന്ന് അമ്മു തീരുമാനിച്ചു...ആ തീരുമാനം പിന്നീട് അമ്മുവിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് കളെ തന്നെ മാറ്റി മറിച്ചു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ