ദർശനം
*പള്ളിക്കെട്ട് ശബരിമലയ്ക്ക്... കല്ലും മുള്ളും കാലുക്ക് മെത്തയ്.....സ്വാമിയെ അയ്യപ്പോ..അയ്യപ്പോ.... സ്വാമിയെ.
..നെയ്യഭിഷേകം സ്വാമിക്ക് ..കർപ്പൂരം ദീപം സ്വാമിക്ക്...*
ഓർമ്മയിൽ ആദ്യം കേട്ട അയ്യപ്പഭക്തിഗാനത്തിന് തമിഴ് ചുവയുണ്ടായിരുന്നു... അകലെ നിന്ന് അലകൾ ആയി ആ വരികൾ പാലക്കാടൻ കാറ്റിലൂടെ ഒഴുകി വരുമ്പോൾ ആ ശബ്ദത്തിന്റെ മാസ്മരികത ഉള്ളിൽ നിറഞ്ഞിരുന്നു.. മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പിൽ സൂര്യോദയത്തിനു മുന്പ് അമ്പലക്കുളത്തിൽ നിന്ന് വിറയലോടെ ഉയർന്നുകേട്ട...സ്വാമിയേ.... ശരണമയ്യാപ്പോ...എന്ന വിളി അത്ഭുതമാണ് ഉള്ളിൽ നിറച്ചത്.ആ ശബ്ദത്തിൽ അതുവരെ അറിയാത്ത ഒരു പ്രത്യേക വികാരം നിറഞ്ഞുനിന്നിരുന്നു... കറുത്ത വസ്ത്രങ്ങൾ ധരിച്ച് തുളസിമാലകൾ ധരിച്ച യുവാക്കളും കുട്ടികളും നഗ്നപാദരായി ക്ഷേത്രദര്ശങ്ങൾ നടത്തി.അവരെ എല്ലാവരും *സ്വാമി* എന്നു വിളിച്ചു. കുളത്തിന്റെ അപ്പുറമുള്ള ശിവക്ഷേത്രത്തിൽ അവർ ശരണം വിളിച്ചു കൊണ്ട് കെട്ടുകൾ നിറച്ചു..നെയ് തേങ്ങയിൽ നെയ്യ് നിറച്ചു....ശരണം വിളികളോടെ കെട്ടുകൾ നിറച്ചു തലയിൽ വെച്ചു അവർ കാൽനടയായി യാത്രയായി...ശബരിമലയിലേക്ക്..അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിലേക്ക്...
കല്ലും മുള്ളും കാലുകൾക്ക് മെത്തയാക്കി കാട്ട്അരുവികളിൽ കാലുകൾ നനച്ചു...മരച്ചുവട്ടിൽ ഉറങ്ങി...പാറക്കൂട്ടങ്ങൾക്ക് ഇടയിൽ കല്ലുകൾ കൂട്ടി പാചകം ചെയ്തുകഴിച്ചു കരിമല കയറി പമ്പയിൽ കുളിച്ചു കഠിനമായ കയറ്റങ്ങൾ കയറി ഏറ്റവും മുകളിൽ എത്തുമ്പോൾ നമ്മൾ ആരെയാണോ ഇതുവരെ അന്വേഷിച്ചത് അതു നമ്മുടെ ഉള്ളിൽ തന്നെയുണ്ട് എന്ന് സ്വയം തിരിച്ചറിയാൻ മലമുകളിൽ കാത്തിരിക്കുന്ന കലികാല വരദനായ അയ്യപ്പന്റെ ദർശനം മാത്രം മതിയായിരുന്നു.*തത്വമസി..*..അത് നീ ആകുന്നു..എന്ന തത്വം സ്വയം മനസ്സിലാക്കി മനുഷ്യന്റെ ഉൾക്കണ്ണുകൾ തുറക്കാൻ ലോകത്തെ പുതിയ കണ്ണുകളിലൂടെ കാണുവാൻ അയ്യപ്പദര്ശനം തന്നെ വേണം
ഈ ലോകത്തു നീ അന്വേഷിക്കുന്നത് എന്തോ അതു എല്ലാം നിന്റെ ഉള്ളിൽ തന്നെയുണ്ട് എന്ന് അദ്ദേഹം പറയാതെ തന്നെ നമ്മെ അറിയിച്ചു.
ഓരോ വർഷവും വൃതം എടുത്തു മലചുവട്ടുന്ന സ്വാമിമാരെ അസൂയയോടെ നോക്കിനിന്ന് എന്റെ ബാല്യം കടന്നുപോയി...ജീവിത തിരക്കുകളിൽ യൗവനവും....ഒരുപാട് മോഹം തോന്നിയിരുന്നു എങ്കിലും ആ ദർശന സൗഭാഗ്യം നേടാൻ എനിക്കായില്ല....ഒരു പന്ത്രണ്ട് വയസ്സുകാരി ഒരിക്കൽ വിവരിച്ച ശബരിമല യാത്ര ഇന്നും ഉള്ളിൽ പച്ചപിടിച്ചു കിടപ്പുണ്ട്..വൃതം എടുത്തു കെട്ടുനിറച്ചു വേമ്പനാട് കായലിൽ കൂടി ബോട്ടിൽ സഞ്ചരിച്ചു..കോട്ടയത്തു എത്തി കാൽനടയായി അച്ഛനും അപ്പൂപ്പനും അമ്മാവന്മാർക്കും മരച്ചുവട്ടിൽ ഉറങ്ങിയും സ്വയം പാകം ചെയ്ത് ഭക്ഷണം കഴിച്ചും നടത്തിയ ആ യാത്ര വിവരണം എന്നെ ഒരുപാട് മോഹിപ്പിച്ചു....ഒരു തവണ പോലും ദർശനം സൗഭാഗ്യം കിട്ടിയില്ലെങ്കിലും ..ഒത്തിരി മോഹം ഉണ്ടെങ്കിലും... കലികാല വരദനായ അയ്യനയ്യപ്പ സ്വാമിയെ ഒരിക്കൽ എങ്കിലും കാണാൻ. ....വർഷങ്ങൾ എന്തിന് ഇനി ഒരു ജന്മം കൂടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്....
സ്വാമിയെ....ശരണമയ്യപ്പാ...
Comments
Post a Comment