സമർപ്പണം
കായേന വാചാ മനസെന്ദ്രി യൈരവാ
ബു ദ്ധ്യാത്മ്മന വാ പ്രക്ര്ത്യെ സ്വഭാവത്
കരോമി യദ്യത് സകലം പരസ്മൈ
നാരായണ യെതി സമര്പ്പയാമി
എല്ലാം ഈശ്വരനിൽ അർപ്പിച്ച ഒരു ദിവസം കഴിഞ്ഞു....പതിവ് പൂജകൾ കഴിഞ്ഞു തീർത്ഥവും സേവിച്ചു ആരംഭിച്ച ഒരു നല്ല ദിനം...അവധിക്കൊപ്പം അറിയാതെ കടന്നു വന്ന പ്രളയത്തിൽ വീടുകളിൽ വിരുന്നെത്തിയ ചങ്ങാതിമാരോടൊപ്പം ദിനങ്ങൾ ആഘോഷമാക്കിയ എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് ക്ലാസ്സിൽ വരാനും പഠിക്കാനും വലിയ മടിയായിരുന്നു... അവരോടൊപ്പം ചിലവിട്ട നിമിഷങ്ങളിൽ നിഷ്കളങ്കമായ ആനന്ദം നിറഞ്ഞു നിന്നു...പൂക്കളവും സദ്യയും ഇല്ലെങ്കിലും ഈ അവധിക്കാലം അവർ കൂട്ടുകൂടി ആഘോഷിച്ചു.മലയാളി മറന്ന കൂട്ടുകുടുംബങ്ങൾ അറിയാതെ തിരികെ എത്തി...മുറ്റത്തും പുരയിടത്തിലും ഓടി തിമിർത്തവർ ക്ലാസുകളിൽ നിശ്ശബ്ദരായി ഇരുന്നു.അവരുടെ നിശബ്ദത വല്ലാതെ അലട്ടിയപ്പോൾ നാളെ അവർക്കായ് ഒരു ദിനം കൂടി നൽകി യാത്രയാക്കി..
ദുരിതപെയ്തിനെ അതിജീവിച്ച എന്റെ പാവൽ തയ്യിൽ ഇന്ന് ആദ്യമായി ഒരു കുഞ്ഞു പാവൽ ഉണ്ടായി...ജീവന്റെ കുഞ്ഞു തുടിപ്പ് എല്ലായിടത്തും ഉണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.. grow ബാഗിൽ നിറച്ച മണ്ണിൽ വീണ്ടും വാരിക്കൂട്ടിയ സ്വപ്നങ്ങളിൽ ചീരയും വെണ്ടയും മുളപൊട്ടി...പ്രളയത്തിൽ മുളച്ച തക്കാളിയിൽ ഇന്ന് ആദ്യത്തെ പൂ വിരിഞ്ഞു .അവന്റെ പുഞ്ചിരി എന്നിൽ പ്രണയം നിറച്ചു...കാവിലെ ഭഗവതിയുടെ മുഖത്തു ഇന്ന് വല്ലാത്ത തിളക്കം ഉണ്ടായിരുന്നു... ഉയർന്നു നിൽക്കുന്ന പത്തികൾക്ക് താഴെ കാണുന്ന കുഞ്ഞു മുഖത്തിന്റെ പ്രഭ ഇന്നെന്റെയുള്ളിലും നിറഞ്ഞു...തിരിഞ്ഞു പോരുമ്പോൾ മാവിന്റെ ചില്ലയിൽ സ്ഥിരമായി വന്നിരിക്കുന്ന ഒറ്റ മൂങ്ങ നീട്ടി മൂളി യാത്രയാക്കി.
ശരീരംകൊണ്ടും, മനസ്സ് ,ഇന്ദ്രിയങ്ങൾ ,ബുദ്ധി ,പ്രകൃതെ ഉള്ള സ്വഭാവവും മൂലവും..ചെയ്ത എല്ലാ പ്രവർത്തനങ്ങളും നാരായണനിൽ അർപ്പിച്ചു ഇന്നത്തെ ദിനവും വിടവാങ്ങി.
Comments
Post a Comment