മരങ്ങൾ...വരങ്ങൾ
ആലപ്പുഴ വീടിന് പുറകിൽ ഒരു മുളകൂട്ടം ഉണ്ടായിരുന്നു.. നല്ല മഞ്ഞനിറത്തിൽ വീതിയുള്ള ഇലകൾ ഉള്ള മുള്ള് ഇല്ലാത്ത മനോഹരമായ മുള.... പച്ചനിറമുള്ള മുളകൾ കണ്ടു ശീലിച്ച എനിക്ക് അത് വലിയ കൗതുകം ആയിരുന്നു. കായലിൽ വള്ളത്തിൽ കയറി കക്ക വാരുന്ന ആളുകൾ കായലിൽ ഊന്നുന്നതിന് ആയി വിളഞ്ഞ മുളകൾ മുറിച്ചു കൊണ്ടുപോകാറുണ്ടായിരുന്നു.വേനലിൽ കാറ്റടിക്കുമ്പോൾ ട്രര്ർ... ട്രര്ർ എന്ന ശബ്ദത്തിൽ മുളക്കൂട്ടം ഉലയും.അതിന്റെ താഴെ ഉള്ള വെള്ള മണൽ മുഴുവൻ ഉണങ്ങിയ ഇലകൾ വീണ് മൂടി കിടക്കും... ഇലകൾക്ക് ഇടയിൽ കിളികൾ കൂടുകൾ വയ്ക്കും...അവിടെല്ലാം അവർ ഒച്ചവച്ചു പാറി നടക്കും...കൊഴിഞ്ഞു വീണ ഇലകൾക്കുള്ളിൽ പാമ്പും പഴുതാരയും മുതൽ കുഞ്ഞു കുഞ്ഞു ഇഴ ജീവികൾ കൂടുവച്ചിരുന്നു...ഒരു വലിയ ഉറുമ്പിന്റെ കൂടും അതിനിടയിൽ ഉണ്ടായിരുന്നു. മഴയിൽ കുതിർന്ന മണ്ണിൽ ചെറിയ മുളം കൂമ്പുകൾ മുളച്ചു വരുമ്പോൾ പറിച്ചെടുത്ത് തോരൻ വയ്ക്കാറുണ്ടായിരുന്നു...പിന്നീട് കുറെകാലം കഴിഞ്ഞപ്പോൾ ആ മുളക്കൂട്ടം വെട്ടിക്കളഞ്ഞു...
പുരയിടം നിറയെ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. മാവും... പ്ലാവും..തേക്കും മഹാഗണിയും..ആഞ്ഞിലിയും...കാശുമാവും... പിന്നെ പേരറിയാത്ത ഒരുപാട് മരങ്ങളും പുരയിടം നിറയെ തണൽ പരത്തി നിന്നിരുന്നു. ആദ്യമായി എന്റെ പ്ലൈസ്കൂൾ കെട്ടിടം ഉയർന്നപ്പോൾ അവയിൽ ഉണ്ടായിരുന്ന പല മരങ്ങളും മുറിക്കേണ്ടതായി വന്നു..എന്നാലും ഒരു കുഞ്ഞു മൂവാണ്ടൻമാവും ആഞ്ഞിലിമരവും നിറയെ കായ്ക്കുന്ന കൂഴപ്ലാവും ഞാൻ മുറിച്ചു കളയാൻ സമ്മതിച്ചില്ല...മഴക്കാലത്ത് ആഞ്ഞിലി ചക്കകൾ ഷീറ്റിൽ വലിയ ശബ്ദത്തിൽ പതിക്കും ആദ്യമൊക്കെ കുഞ്ഞുങ്ങൾക്ക് അത് ഭയമായിരുന്നു എങ്കിലും പിന്നീട് അതു അവർക്ക് പരിചിതമായി..കാറ്റിൽ കറങ്ങി വീഴുന്ന മഹാഗണിയുടെ വിത്തുകൾ കുഞ്ഞുങ്ങൾക്ക് കൗതുകമായി...അവർ അതിന് പുറകെ ഓടി നടന്നു. നിറയെ കായ്ക്കുന്ന മൂവാണ്ടൻ മാവിലെ മാങ്ങകൾ വേനൽ അവസാനം സ്കൂൾ പൂട്ടുന്നതിന് മുൻപ് പറിച്ചെടുത്തു അരിഞ്ഞു ഉപ്പും മുളകും വെളിച്ചെണ്ണയും തിരുമ്മി ഊണിനൊപ്പം അവർക്ക് നൽകാറുണ്ട്.അവന്റെ തണൽ അവർക്ക് വേനലിൽ തണുപ്പ് നിറഞ്ഞ കളിയിടം ഒരുക്കുന്നുണ്ട്....
നശിപ്പിക്കപ്പെട്ട മുളകൂട്ടത്തിന്റെ നഷ്ടം നികത്താൻ പുരയിടത്തിൽ അരികിൽ ഒരു കുഞ്ഞു മുള നട്ടുപിടിപ്പിച്ചത് ഈ മഴക്കാലത്ത് ആർത്തു വളർന്ന് വരുന്നുണ്ട്.
Comments
Post a Comment