മൈഥിലി.. രണ്ടാം ഭാഗം

നീണ്ട മഴക്കാലത്തിന് ശേഷം പൊൻവെയിൽ പരന്നു... മഴയിൽ കുതിർന്നു വിറച്ചിരുന്ന ചെടികൾ നിറയെ പുഷ്പങ്ങളുമായി പുഞ്ചിരിച്ചു... ഓണം വരവായി..പൊട്ടിയ സൈക്കിൾ ടയറിൽ മണ്ണു നിറച്ചു ചുവന്നമണ്ണും ചാണകവും മെഴുകി പൂത്തറ ഇട്ടു... പനയോല മെടഞ്ഞുണ്ടാക്കിയ പൂക്കൂടയുമായി പൂ റിക്കാനിറങ്ങിയതാണ് അമ്മു.കൂടെ കൂട്ടുകാരും ഉണ്ട്..ഗ്രാമത്തിനും അപ്പുറം പാടം കടന്ന് കുന്നിൻ ചെരുവിൽ നിറയെ പൂത്തു നിൽക്കുന്ന  മഞ്ഞപൂക്കൾ പറിക്കാനാണ് യാത്ര...പൂക്കൾ തേടിത്തേടി ചെന്നു നിന്നത് ഒരു പനയോല മേഞ്ഞ കുഞ്ഞു കുടിലിന്റെ അരികിൽ...നല്ല വൃത്തിയായി മെഴുകിയ അതിന്റെ മുറ്റത്തു  മങ്കലങ്ങൾ കഴുകി കമിഴ്ത്തി വച്ചിരിക്കുന്നു. അപ്പോഴാണ് ഒരു ചുമയോടൊപ്പം ഒരു പുരുഷശബ്ദം കേട്ടത്....*നീ അഴാത് മൈഥിലി... എന്ക്ക് ഒന്നുമേ ഇല്ലൈ... നീ പോങ്കോ...ആരേലും കാണും...കഞ്ഞി കുടിച്ചു ഞാൻ കിടന്നുറങ്ങിക്കോളം... ഇടയ്ക്കിടെ ഉള്ള ശക്തമായ ചുമയിൽ ശബ്ദം വിറയ്ക്കുകയും ചിലമ്പുകയും ചെയ്യുന്നുണ്ട്. മൈഥിലി എന്ന വാക്ക് കേട്ടതും അമ്മു നിശ്ശബ്ദയായി....നിശ്ചലം നിന്നുപോയി... അപ്പോഴാണ് അമ്മുവിനെ ഞെട്ടി വിറപ്പിച്ചു കൊണ്ട് ചിരപരിചിതമായ സ്‌ത്രീ  ശബ്ദം ഉയർന്നു കേട്ടത്...*നീങ്ക ഇപ്പടി കിടക്കുമ്പോത് ഞാൻ എപ്പടി പോകും?? എന്ക്ക് ഇതു താങ്ക മുടിയാത്....ഞാൻ എന്നെത്താൻ ശുട്ടിടുവേൻ....എത്തന കാലമാച്ചു ..എല്ലാം തീരട്ടും... എല്ലാം തീരട്ടും....*

മൈഥിലി മാമി...കൈയ്യിൽ മുഷിഞ്ഞ തുണിയുമായി മുറ്റത്തേക്ക് ഇറങ്ങിയ അവർ ഒരുനിമിഷം ഞെട്ടി.... അമ്മു തെറ്റു ചെയ്ത കുട്ടിയെ പോലെ വിറച്ചു നിൽക്കുകയാണ്.**ഇങ്കെ വാടി... ഇവിടെ കണ്ടത് യാരോടും ചൊല്ലിക്കൂടാത്...അടിച്ചിടുവെൻ ഉന്നെ ഞാൻ...*,ഇങ്ങനെ ഉറക്കെ പറയുകയും അമ്മുവിന്റെ ചെവിപിടിച്ചു തിരുമ്മുകയും ഒപ്പം ആയിരുന്നു... അമ്മു ചൂളിപ്പോയി.... പേടിച്ചു വിറച്ചു പൂക്കൂടയും താഴെയിട്ടു വീട്ടിൽ മടങ്ങി ചെന്നു.പനിയോടൊപ്പം കിടുകിടുപ്പും ജ്വരവുമായി...പിച്ചും പേയും പറഞ്ഞു മയങ്ങിക്കിടന്ന ദിവസങ്ങളിൽ ഓണവും അവളറിയാതെ കടന്നുപോയി... ജ്വരത്തിന്റെ മൂര്ധന്യത്തിൽ മൈഥിലി മാമി എന്ന് വിളിച്ചിരുന്നുവത്രേ...പനി മാറി മുറ്റത്തു നിൽക്കുമ്പോൾ ആണ് മൈഥിലി മാമി കയറിവന്നത്.പനി ബാധിച്ച ദിവസങ്ങളിൽ എല്ലാം അവർ രണ്ടു നേരവും തന്നെ കാണാൻ വന്നിരുന്നുവത്രെ.കൈയ്യിൽ ഒരു കുഞ്ഞു പാത്രത്തിൽ തേങ്ങയും ശർക്കരയും നിറച്ച നാവിൽ അലിഞ്ഞു പോകും രുചിയുള്ള  കൊഴുക്കട്ടകൾ ഉണ്ടായിരുന്നു.. തലയിലും മുതുകിലും തടവി ഓരോന്നായി അവർ വായിലിട്ടു നിർബന്ധിച്ചു കഴിപ്പിച്ചു...പിന്നീട് കാലത്തും വൈകിട്ടും ഉള്ള അവരുടെ വരവ് അമ്മു കാത്തിരുന്നു തുടങ്ങി.കുഞ്ഞു വാനിറ്റി ബാഗിലെ കൊച്ചു ഡപ്പകളിൽ എന്തെങ്കിലും എന്നും അവർ കരുതി.മൈഥിലി യോടൊപ്പം ഈർക്കിൽ ചതുരംഗം കളിക്കാനും കൊത്താങ്കല്ലു കളിക്കാനും ഹേമമാലിനിയുടെ ചുവരിൽ തൂക്കിയ മനോഹര ചിത്രങ്ങൾ കാണാനും അമ്മു മൈഥിലിയുടെ വീട്ടിൽ എത്തി. അന്നത്തെ ആ സംഭവം പിന്നീട് ഒരിക്കലും പരസ്പരം സംസാരിക്കാതിരിക്കാൻ രണ്ടുപേരും ശ്രദ്ധിച്ചു...മാസങ്ങൾ കടന്നു...വേനൽ അവധി കഴിഞ്ഞും കുറച്ചു നാളുകൾ അവരെ കണ്ടില്ല....രാവിലെ യും വൈകിട്ടും ഉള്ള യാത്രകൾ മുടങ്ങി...അവരുടെ വീടിന്റെ കതകുകൾ അടഞ്ഞു കിടന്നു...അവരുടെ ശബ്ദം പിന്നീട് പുറത്തു കേട്ടതെ  ഇല്ല...ഒരിക്കൽ തിരക്കി ചെന്നപ്പോൾ കതകു തുറന്നത് അവരുടെ ചേട്ടനാണ്.പാറിപറന്ന മുടിയും മുഷിഞ്ഞ വസ്ത്രവും ചുളിഞ്ഞ മുഖവുമായി ഒരു സ്ത്രീ കുനിഞ്ഞു ആട്ടുകട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു...അമ്മുവിന് അവരെ തിരിച്ചറിയാൻ ആയില്ല... അമ്മുവിനെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ മാത്രം ഒന്നു തിളങ്ങി...പിന്നീട് ഒരിക്കലും അമ്മു അവരെ കണ്ടില്ല...അവരുടെ കിലുങ്ങുന്ന കൊലുസിന്റെ  ശബ്ദം കേട്ടില്ല...

വീണ്ടും ഒരു ഓണക്കാലത്ത് അമ്മു ആ പഴയ പുരയുടെ മുറ്റത്തു എത്തി.പനയോല കൾ കീറിപ്പറിഞ്ഞും ചുവരുകൾ മഴപെയ്തു കുതിർന്നും..മാസങ്ങളായി മനുഷ്യവാസം ഇല്ലാത്തതുപോലെ പുല്ലും കാടും പിടിച്ചു  കിടന്നിരുന്നു..ഒരു പേടിപ്പിക്കുന്ന നിശബ്ദത അതിനെ പൊതിഞ്ഞു നിന്നിരുന്നു. കൈയ്യിലുള്ള പൂക്കൂട വലിച്ചെറിഞ്ഞു തിരിഞ്ഞു നോക്കാതെ അവൾ ഓടി...അടക്കിപ്പിടിച്ച ഒരു തേങ്ങൽ അവളെ ആകെ ഉലച്ചു കൊണ്ടേയിരുന്നു ..ശുഭം.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ