ലോകാ സമസ്ത സുഖിനോ ഭവന്തു.

ഇഷ്ടദേവ ദർശനം പോലെ പുണ്യമായത് വേറൊന്നും ഇല്ല...ഓരോ തവണയും ദർശനത്തിന് ശേഷം ഉള്ളിൽ നിറയുന്ന ഊർജം തന്നെയാണ് പ്രവർത്തനങ്ങൾക്ക് അധാരം...അസുരനിഗ്രഹത്തിന് ശേഷം കോപിഷ്ഠനായ  മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹ ഭഗവാനെ തന്റെ നിഷ്കളങ്കമായ ഭക്തിയിൽ പ്രസാദിപ്പിച്ച പ്രഹ്ലാദന് മുന്നിൽ സംപ്രീതഭാവത്തിൽ വാമഭാഗത്തു ലക്ഷി ദേവിയുമായി ഇരിക്കുന്ന ഭഗവാന്റെ, അനന്തമായ ആനന്ദത്തിന്റെ ,ഒരൽപ്പം ഭാഗം രുചിച്ചാൽ ഇഹലോകത്തിലും  പരലോകത്തിലും ശാശ്വതമായ ശാന്തി ലഭിക്കും...

ഓരോ തവണയും ചെന്നുകയറുമ്പോൾ കൊടിമരത്തോളം ഉയർന്നു നിൽക്കുന്ന  ദീപസ്തംഭത്തിലെ പ്രകാശം നൽകുന്ന ഊർജം അസാമാന്യം തന്നെ...അതിന്റെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കൊടിമരത്തിന് എന്തു ഭംഗിയാണ്..പതിഞ്ഞ ശബ്ദത്തിൽ ഉയരുന്ന സ്ത്രീകളുടെ നാമ ജപത്തിൽ നമ്മൾ അറിയാതെ ഒഴുകിച്ചേർന്നുപോകും...

പ്രദക്ഷിണവഴിയിലെ തൂണുകളിൽ പതിച്ച നരസിംഹ മന്ത്രങ്ങൾ ജെപിച്ചുള്ള പ്രദക്ഷിണം തന്നെ ഊർജദായകമാണ്...ഉണർവിലും ഉറക്കത്തിലും ഉള്ളിൽ നിറയുന്ന ഊർജപ്രവാഹം എന്നും അതൊന്നു തന്നെ.

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.

ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു.

ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമാണ്.

“”ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ”
എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ “കുളാര്‍വതന്ത്രം’ പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധർമ്മം.

ഇഷ്ടദേവനായ ലക്ഷ്മിസമേത നരസിംഹ മൂർത്തിയെ കണ്ടു വണങ്ങി...*ലോകാ സമസ്താ സുഖിനോ ഭവന്തു**എന്ന പ്രാർത്ഥനയോടെ , ജീവിതമാകുന്ന മായയിൽ നിന്ന് മുക്തി നേടാനുള്ള വഴികൾക്കായി നിരന്തരമായ യാത്രയിലേക്ക് ....നമുക്ക് ഒരുമിച്ചു നീങ്ങാം.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി