പ്രണയം..ജീവിതത്തോട്
അനന്തമായ പ്രണയം.....ജീവിതത്തോട്.
പ്രളയത്തോടൊപ്പം ആണ് പ്രണയം എന്നിൽ വന്നുചേർന്നത്...എല്ലാവരും ജീവന് വേണ്ടി ഓടി നടക്കുകയും ഭക്ഷണം വെള്ളം എന്നിവയ്ക്ക് വേണ്ടി കരയുകയും ചെയ്ത നിമിഷങ്ങളിൽ ആണ് അവൻ എന്റെ ഉള്ളിൽ എത്തിച്ചേർന്നത്....ഒരേ സമയം ആഹ്ലാദിപ്പിക്കുകയും അവൻ എന്നെ മോഹാലസ്യപ്പെടുത്തുകയും ചെയ്തു...സത്യമോ മിഥ്യയോ എന്നറിയാ
ത്ത ദിവസങ്ങളിൽ എന്റെ ബോധതലങ്ങളിൽ അവന്റെ മുഖം ഇരുളും വെളിച്ചവുമായി മാറി തെളിഞ്ഞു.
ഇതുവരെ ഇല്ലാത്ത ആസക്തിയും ആഗ്രഹങ്ങളും എന്നിൽ നിറഞ്ഞു...അടുത്ത ജന്മത്തിലേക്കായി മാറ്റി വച്ചിരുന്ന സ്വപ്നങ്ങൾ ഒക്കെയും ഈ ജന്മത്തിൽ തന്നെ വരണമെന്ന് സ്വയം വാശിപിടിച്ചു...മോഹം നശിച്ചു മാറ്റി വച്ചവ യെല്ലാം ഭയങ്കര ശക്തിയോടെ എന്നിൽ തിരിച്ചെത്തി... ഉറക്കമോ ഉണർവോ എന്നറിയാതെ ഞാൻ ആകെ ഉലഞ്ഞു...ഉണർവിലും ഉറക്കത്തിലും അവനെന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.
ഒരു തുണ്ട് റൊട്ടി ഒരൽപ്പം വെള്ളം അതിൽ മാത്രമായി വിശപ്പ് ഒതുങ്ങി...ഉറക്കത്തിലും ശ്വാസം മുട്ടലായി അവൻ എന്നിലെത്തി..നിദ്രയുടെ അവസാന യാമങ്ങളിൽ ഞാൻ ഉണരുന്നതും കാത്തു അവൻ എന്റെ കാൽക്കൽ ഇരുന്നു.ചൂടുള്ള വിറകടുപ്പിലെ കനലിൽ ഇരിക്കുന്ന മണ്കലത്തിലെ പാലുപോലെ അവനോടുള്ള സ്നേഹം തിളച്ചു പൊങ്ങി.
ഒടുവിൽ ഞാൻ അറിഞ്ഞു, അവൻ ഒരു സത്യമാണ്...യാഥാർഥ്യമാണ്...അനന്തകാലങ്ങളായി എന്നിൽ ഉറങ്ങിക്കിടക്കുന്ന സ്വപ്നങ്ങളുടെ ,മോഹഭംഗങ്ങളുടെ ഉയർത്തെഴുന്നേൽപ്പാണ്...എന്റെ ജീവിതമാണ്.
Comments
Post a Comment