ബാളാ ജോ ജോ രെ

ഗോവ എന്നും മനസ്സിൽ കൊണ്ടു നടക്കുന്നവർ ആണ് കൊങ്കണികൾ...അവരുടെ താരാട്ടുപാട്ടിലും കുട്ടികളെപഠിപ്പിക്കുന്ന  കുഞ്ഞു കവിതകളിൽ പോലും ഗോവ നിറഞ്ഞു നിന്നിരുന്നു*

*ഗോവ്യാ ആവ് വോത്തോലോ...ഘോഡ്യ ഫട്ടീരി ബോമ് ത്തോലോ...ദാമു ദുഡൂ കൊർതോലോ....ഗാവ്ഗവാ...ബോമ്തോലോ...*

എന്നെങ്കിലും ഒരിക്കൽ ഗോവയിൽ തിരിച്ചു പോകും കുതിരപ്പുറത്ത് കയറും എന്നുള്ള മോഹം നിറഞ്ഞ ഗാനം എന്റെ ഓർമ്മയിൽ ഉണ്ട്.  ഒരിക്കൽ എങ്കിലും ഗോവയിൽ ചെന്ന് കുലദേവതയെ വണങ്ങണം എന്ന് അന്നുമുതൽ മോഹിച്ചിട്ടുണ്ട്....കാക്കയോട് നീ ഗോവയിൽ പോയിട്ടുണ്ടോ...കുഞ്ഞിന്റെ അച്ഛനെ കണ്ടുവോ ...എന്ന നാടൻ പാട്ടിന്റെ ഈണം ഇന്നും കണ്ണുകളെ ഈറനണിയിക്കും.

അതുപോലെ തന്നെ വളരെ അധികം മോഹിപ്പിച്ച ആനന്ദിപ്പിച്ച ഒരു താരാട്ടു പാട്ടാണ്... bala jo jo re... എന്ന  കുട്ടികളെ ആദ്യമായി തൊട്ടിലിൽ കിടത്തുമ്പോൾ പാടുന്ന ഗാനം. ദശരഥ പുത്രനായ ശ്രീരാമനെ കുളിപ്പിച്ചു പുതുവസ്ത്രങ്ങൾ..നിറം ഉള്ളത്..അണിയിച്ചു..കണ്ണെഴുതി പൊട്ടുതൊട്ടു ആഭരണങ്ങൾ അണിയിച്ചു തൊട്ടിലിൽ കിടത്തി ഉറക്കുന്നതാണ്.. ഗാനത്തിൽ  വിവരിക്കുന്നത്.

കഴിഞ്ഞ ദിവസം ഞാനും അത്തരം ഒരു ചടങ്ങിന്  സാക്ഷിയായി..ആണ്കുട്ടിയാണ് എങ്കിൽ ജനിച്ചു പത്താം ദിവസവും പെണ്കുട്ടി ആണെങ്കിൽ 12 നും ആണ് കുട്ടിയെ തൊട്ടിലിൽ കിടത്തുക. ഇത് കുറച്ചു ദിവസം കൂടി വൈകി എങ്കിലും ഞായറാഴ്ച ആയതുകൊണ്ട് എല്ലാവർക്കും ഒത്തുകൂടാൻ ആയി.

അലങ്കരിച്ച തൊട്ടിലിൽ തരാട്ടുപാടി ആദ്യം സംരക്ഷകനായ ബാലഭദ്രനെയും പിന്നീട് കുഞ്ഞിനെയും മൂന്നു പ്രാവശ്യം ചുറ്റി എടുത്തു തൊട്ടിലിൽ കിടത്തി...കുടുംബ ത്തിലെ മുതിർന്ന ഗൃഹനാഥയാണ് ഇത് ചെയ്യുന്നത്... കുഞ്ഞിനെ  തൊട്ടിലിൽ കിടത്തി ഉറക്കി... ആഭരണങ്ങൾ അണിയിച്ചു....തൊട്ടിൽ നിറയെ കുഞ്ഞിന് സമ്മാനങ്ങൾ വച്ചു...അക്ഷതം ഇട്ട് അനുഗ്രഹിച്ചു...

വിരുന്ന് വന്നവർക്ക് എല്ലാം ഭക്ഷണം നൽകി...എന്തെല്ലാം നൽകിയാലും കുഞ്ഞു പാക്കേറ്റുകളിൽ തരുന്ന അവൽ വിളയിച്ചതാണ് ഏറ്റവും പ്രധാനം...അതിനുള്ള പ്രാധാന്യം ഇന്നും വലുത് തന്നെ.
വർഷങ്ങൾ  എത്ര കടന്നുപോയാലും ഈ ചടങ്ങുകൾ ഇന്നും അതിന്റെ തനിമയോടെ വിശ്വാസത്തോടെ ഞങ്ങൾ കാത്തുവയ്ക്കുന്നു... പുതിയ തലമുറകൾക്കായി...

എന്തുകൊണ്ട് എന്നറിയില്ല അടുത്ത കാലത്തൊന്നും ഈ ഗാനങ്ങൾ ആരും പാടി കേട്ടില്ല...ഗോവ എന്ന സ്വപ്ന ഭൂമി ഉപേക്ഷിച്ച്    ...വീണ്ടും ഒരു തിരിച്ചുപോക്ക് എന്ന ചിന്ത കളഞ്ഞു കേരളത്തിൽ തന്നെ താമസിക്കാം...ഇതാണ് ഞങ്ങളുടെ നാട് എന്ന ചിന്ത പുതു തലമുറയിൽ  എത്തിയത് കൊണ്ടാവുമോ..അവർ ആ സ്വപ്നങ്ങൾ തന്നെ ഉപേക്ഷിച്ചത്..?.കേരളം അതിമനോഹരമായ സ്ഥലമാണ്.  ഇനിയുള്ള കാലം ഇവിടെ തന്നെ മതി എന്നാവുമോ. അവർ വിചാരിക്കുന്നത്.?..ചിന്തിക്കേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.