ആദരാഞ്ജലികൾ
എന്റെ ടീച്ചർ സുന്ദരിയായിരുന്നില്ല,അവർ എന്നും പരുത്തിത്തുണി കൊണ്ട് ഉണ്ടാക്കിയ മഞ്ഞ നിറത്തിൽ കറുത്ത പുള്ളികൾ ഉള്ള സാരി ധരിച്ചിരുന്നു.അവർ പഠിപ്പിച്ചത് ഒന്നും എന്റെ ഓർമ്മയിൽ ഇല്ല. പക്ഷേ അവർ ജീവിതം കൊണ്ട് കാണിച്ചു തന്ന പാഠങ്ങൾ വിലയേറിയതായിരുന്നു.എല്ലാവരും ഉച്ച യുറക്കത്തിനു കയറുമ്പോൾ കുളത്തിലെ നെഞ്ചോപ്പം വെള്ളത്തിൽ ഒരൊറ്റ തോർത്തു ഉടുത്തു കാത്തുനിന്നത് ആ അലക്കിയ ഒരേയൊരു സാരീ ഉണങ്ങികിട്ടാനായിരുന്നു എന്നു ജനലിലൂടെ നോക്കിയിരുന്ന എനിക്ക് മനസ്സിൽ ആയിരുന്നില്ല..ട്യൂഷൻ കഴിയുമ്പോ അമ്മ വിളമ്പുന്ന വെറും പരിപ്പും മുളകിട്ടുണക്കിയ മാങ്ങയും കൂട്ടി ഉണ്ണുന്ന ചോറിനു രുചികൂട്ടിയത് വിശപ്പ് ആയിരുന്നു എന്ന് മനസ്‌സിൽ ആക്കാൻ എനിക്കൊരുപാട് വർഷങ്ങൾ വേണ്ടി വന്നു.
ആ ഒരു ഊണ് ആണ് അവരുടെ ഒരു ദിവസത്തെ ആകെയുള്ള ഭക്ഷണം എന്നു അറിയുമ്പോൾ ആണ് താഴെ വീണ ചോറിൻവറ്റു രാമ രാമ എന്നു ജപിച്ചു വീണ്ടും പത്രത്തിൽ പെറുക്കിയിട്ടത് എന്തിനെന്ന് അറിയുന്നത്.തെറ്റുകൾ തെറ്റാണെന്ന് പറയാതെ സ്നേഹപൂർവം തിരുത്തിതന്ന ഒരു ടീച്ചർ എന്താണെന്ന് പറയാതെ പറഞ്ഞു തന്ന വീണ്ടും ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം നിറവേറ്റാൻ സാധിക്കാതെ കടന്നുപോയ എന്റെ പ്രിയ ഗുരുവിന്..... ആദരാഞ്ജലികളോടെ....
Comments
Post a Comment